Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മൂക്കാതെ പഴുത്തത്';...

'മൂക്കാതെ പഴുത്തത്'; ബിപിൻ സി. ബാബുവിന്‍റെ കൂടുമാറ്റത്തിന് പിന്നാലെ സി.പി.എം നേതൃത്വത്തിനെതിരെ അണികൾ

text_fields
bookmark_border
bipin c babu 987987a
cancel
camera_alt

ബിപിൻ സി. ബാബു 

കായംകുളം: ബി.ജെ.പിയിലേക്കുള്ള ചുവടുമാറ്റത്തിന് പിന്നാലെ, ബിപിൻ സി. ബാബുവിന് സി.പി.എമ്മിൽ അനർഹമായ പരിഗണനയാണ് നൽകിയിരുന്നതെന്ന ആക്ഷേപവുമായി സൈബർ ഇടത്തിൽ അണികളുടെ രൂക്ഷ വിമർശം. 'മൂക്കാതെ പഴുത്ത പഴം വേഗം ചീത്തയാകും' എന്ന ചൊല്ല് അർത്ഥവത്താണെന്ന ഉദാഹരണങ്ങൾ നിരത്തിയാണ് വിമർശം. ഏരിയ കമ്മിറ്റി അംഗമായിരുന്ന ബി. ജയചന്ദ്രൻ നടപടിക്ക് വിധേയനായി ഏഴ് വർഷമായി പാർട്ടിക്ക് പുറത്ത് നിൽക്കേണ്ടി വന്നതും ബിപിന്‍റെ വളർച്ചക്കായി ചിലർ ഒരുക്കിയ കെണിയാണെന്ന ചർച്ചയും സജീവമാണ്.

നേതൃത്വത്തിന്‍റെ തെറ്റായ നടപടികളെ ചോദ്യം ചെയ്തതിന് നടപടിക്ക് വിധേയനായ, ഡി.വൈഎഫ്.ഐ ജില്ല കമ്മിറ്റിയിലും ലോക്കൽ കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുള്ള എ. അബ്ദുൽ ജലീലിനെ തിരിച്ചെടുത്തെങ്കിലും അകത്താണോ പുറത്താണോ എന്നറിയാൻ കഴിയാത്ത സ്ഥിതിയിലാണ്. കരുത്തരായ കേഡർമാരെ ആസൂത്രിതമായി പുറത്താക്കുന്നവർ അകക്കാമ്പില്ലാത്ത പാദസേവകരെ അനർഹമായി തിരുകി കയറ്റിയതിന്‍റെ ദുരവസ്ഥയാണ് ബിപിനിലൂടെ പാർട്ടി നേരിടുന്നതെന്നാണ് ആക്ഷേപം. ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം.എ. അലിയാരിനെ പിന്നിൽ നിന്നും കുത്തിയെന്നാരോപിച്ചാണ് ജയചന്ദ്രനെയും മറ്റ് രണ്ട് പേരെയും 2017ൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അലിയാരിന്‍റെ പിന്തുണയിലായിരുന്നു ബിപിന്‍റെ വളർച്ച. നേതാക്കന്മാരുടെ കാലുതിരുമ്മിയും കൊതിയും നുണയും പറഞ്ഞ് ഇഷ്ടമല്ലാത്തവരെ വെട്ടിവീഴ്ത്തിയുമായിരുന്നു ബിപിൻ പാർട്ടിയിൽ സ്വാധീനം നേടിയതെന്നാണ് ജയചന്ദ്രൻ കുറിച്ചത്.

ബിപിനിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ ചൂണ്ടിക്കാട്ടിയുള്ള യു. പ്രതിഭ എം.എൽ.എയുടെ വൈകാരിക പ്രതികരണവും വൈറലായിട്ടുണ്ട്. 'നല്ലതും മോശവുമായ ഒരുപാട് അനുഭവങ്ങളിലൂടെയാവും ഓരോ മനുഷ്യരുടേയും ജീവിതം കടന്നു പോകുന്നതെന്ന ആമുഖത്തോടെയാണ് കുറിപ്പ്. തന്റെ പൊതു ജീവിതത്തിൽ പാരകൾ എന്ന് വിശേഷിപ്പിക്കാവുന്നവരിൽ നിന്നും ഏറെ ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും വേദനിപ്പിച്ചത് അധികാര മോഹം തലക്കു പിടിച്ച് നടന്ന ദമ്പതികളുടെ പ്രവർത്തനമായിരുന്നു'വെന്നത് ബിപിനെതിരെയുള്ള എം.എൽ.എയുടെ തുറന്നുപറച്ചിലായി. മനസ്സറിയാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചും കോവിഡ് കാലത്ത് ഇല്ലാക്കഥകൾ മെനഞ്ഞും കൂടെ നിന്നവരുടെ കുതികാൽ വെട്ടിയുമാണ് ബിപിൻ സന്തോഷിച്ചതെന്നാണ് പരോക്ഷ വിമർശനം. ഇവരുടെ നിലപാടുകൾ വിവര ദോഷമായി കണ്ട് അവഗണിക്കുകയായിരുന്നുവത്രെ.

അതേസമയം, വനിത എന്ന പരിഗണന പോലും നൽകാതെ എം.എൽ.എയുടെ വ്യക്തി-കുടുംബ ജീവിതങ്ങളെ ബോധപൂർവ്വമായി അപഖ്യാതി പ്രചരിപ്പിച്ചവരെ പ്രോത്സാഹിപ്പിക്കുവാനും സംരക്ഷിക്കുവാനും നേതൃനിരയിൽ ചിലരുണ്ടായിരുന്നുവെന്നത് ഖേദകരമാണെന്നും പ്രതികരണമുണ്ട്. ബി.ജെ.പിയിൽ പോയതിന് ശേഷവും ബിപിനെ പിന്തുണക്കുന്ന സമീപനമുള്ളവർ ജില്ല- ഏരിയ കമ്മിറ്റികളുണ്ടെന്നാണ് ചിലരുടെ വിമർശനം. സീനിയോറിറ്റി ലംഘിച്ച് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പദവി നൽകിയതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. രണ്ടാം തവണ ജില്ല പഞ്ചായത്തിൽ എത്തിയ മാരാരിക്കുളത്തെ റിയാസ്, ഹരിപ്പാട്ടെ താഹ, പാർട്ടി ഏരിയ സെക്രട്ടറിയായിരുന്ന ചേർത്തലയിലെ പി.എസ്. ഷാജി എന്നിവരെ തഴഞ്ഞ് ബിപിന് ചുമതല നൽകിയ നേതാക്കളാണ് ഇതിന് മറുപടി പറയേണ്ടതെന്ന തരത്തിലും ചർച്ച സജീവമാണ്. എം.എൽ.എ, ജയചന്ദ്രൻ എന്നിവരുടെ പോസ്റ്റുകളിൽ നേതൃവീഴ്ചകൾക്ക് എതിരെ നൂറ് കണക്കിന് പ്രതികരണങ്ങളും വന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMBJPBipin C Babu
News Summary - after Bipin C Babu joins BJP, CPM leadership faces criticism from supporters
Next Story