ഹേ... ബനാനേ...! നാളികേരത്തിന് പിന്നാലെ നേന്ത്രക്കായക്കും വില കൂടി; കർഷകർക്ക് ആശ്വാസം
text_fieldsകോഴിക്കോട്: നാളികേരത്തിന് പിന്നാലെ നേന്ത്രവാഴക്കും വില കൂടിയതോടെ കർഷകർ ആശ്വാസത്തിൽ. മാസങ്ങൾക്കുമുമ്പ് നാടൻ കുലക്ക് കിലോക്ക് 30 -35 രൂപ ലഭിച്ച സ്ഥാനത്ത് കർഷകർക്കിപ്പോൾ 60 -70 രൂപ വരെയാണ് വില ലഭിക്കുന്നത്. ഇരട്ടിയോളമാണ് വില വർധന.
കച്ചവടക്കാർ കിലോക്ക് 85 -100 രൂപ നിരക്കിലാണ് നാടൻ നേന്ത്രപ്പഴം വിൽക്കുന്നത്. ഏറെക്കാലത്തിനിടെയാണ് വാഴകർഷകർക്ക് ആശ്വാസ വില ലഭിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന നേന്ത്രക്കുലക്ക് കിലോക്ക് അങ്ങാടിയിൽ 55 -65 രൂപവരെയാണ് വില. ഇത് കടക്കാർ 75 -80 രൂപക്കാണിപ്പോൾ വിൽപന നടത്തുന്നത്. നാലുമാസം മുമ്പ് ഇതര സംസ്ഥാന കുലകൾ മൂന്ന് കിലോ നൂറുരൂപക്കുവരെ വിൽപന നടത്തിയിരുന്നു. മൈസൂർ പഴത്തിന് 35-40ഉം, ആണിപൂവന് 40 -50ഉം, റോബസ്റ്റിന് 35 -40 രൂപയുമാണ് നിലവിൽ ചെറുകിട കച്ചവടക്കാരുടെ ശരാശരി വിൽപന വില.
പച്ചതേങ്ങക്ക് വില അമ്പതു രൂപയോളമായി ഉയർന്നപ്പോൾ തേങ്ങ ആവശ്യത്തിന് കിട്ടാനില്ലെന്നപോലെ വാഴക്കുലക്ക് വിലകൂടിയപ്പോൾ വിളവ് വേണ്ടത്രയില്ലെന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നേന്ത്രക്കുല പൊതുവെ 15 കിലോക്ക് മുകളിൽവരെ തൂക്കമുണ്ടാവാറുണ്ടെങ്കിൽ ഇപ്പോൾ വിളവെടുക്കുന്ന കർഷകരിൽ പലർക്കും ചെറിയ കുലകളാണ് വിളഞ്ഞത്. മിക്കയിടത്തും എട്ട് -12 കിലോ വരെയാണ് ശരാശരി തൂക്കം. ചില ഭാഗങ്ങളിൽ മാത്രമാണ് കൂടുതൽ പടലകളോടെ വലിയ കുലകൾ വിളഞ്ഞത്. പത്തുകിലോ തൂക്കമുള്ള നാടൻ നേന്ത്രക്കുല കടകളിലെത്തിക്കുമ്പോൾ ഒരു കിലോയോളം തണ്ട് കുറച്ചാണ് തൂക്കം കണക്കാക്കുക. അപ്പോൾ കിലോക്ക് 60 -70 രൂപ തോതിൽ ലഭിച്ചാൽതന്നെ 540 -630 രൂപയാണ് ലഭിക്കുന്നത്.
മൂന്നുമാസംമുമ്പ് ജില്ലയിലെ വാഴയിലാകെ പുഴക്കൾ പ്രത്യക്ഷപ്പെടുകയും ഇലകളാകെ നശിക്കുകയും ചെയ്തിരുന്നു. ഇത് വാഴയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു. പുഴുശല്യത്താലുള്ള വളർച്ചക്കുറവും കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളുമാണ് വാഴക്കുലകളുടെ തൂക്കം കുറയാൻ കാരണമായി കർഷകർ പറയുന്നത്. വാഴ കന്ന്, കൂലി ചെലവ്, വളമിടൽ, നാട്ട കെട്ടൽ അടക്കമുള്ളവക്ക് മുമ്പത്തേക്കാൾ ചെലവ് കൂടിയതും അതിനൊത്ത് വാഴക്കുലക്ക് വില ലഭിക്കാത്തതും നീർവാർച്ചയുള്ള കൂടുതൽ സ്ഥലം കുറഞ്ഞ പാട്ടത്തിന് ലഭിക്കാത്തതും കാരണം നിരവധി കർഷകർ ഇതിനകം ഈ മേഖല വിട്ടിട്ടുണ്ട്.
• കർഷകർക്കിപ്പോൾ ലഭിക്കുന്നത് 60-70 രൂപ വരെ
• കച്ചവടക്കാർ വിൽക്കുന്നത് 85-100 രൂപ നിരക്കിൽ
ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന നേന്ത്രക്കുലക്ക് കിലോക്ക്
• അങ്ങാടി വില 55-65 രൂപ
• കടകളിലെ വില 75-80 രൂപ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.