പരോൾ കാലാവധി പൂർത്തിയാക്കി ഒ.എം.എ. സലാം ജയിലിലേക്ക് മടങ്ങി
text_fieldsമഞ്ചേരി: മകളുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്മാന് ഒ.എം.എ. സലാം പരോൾ കാലാവധി പൂർത്തിയാക്കി ജയിലിലേക്ക് മടങ്ങി.
ഞായറാഴ്ച ഉച്ചക്ക് മഞ്ചേരി സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിലെ മകളുടെ ഖബർ സന്ദർശിച്ച് പ്രാർഥന നടത്തിയ അദ്ദേഹം വൈകീട്ട് 5.30ഓടെയാണ് കരിപ്പൂരിൽനിന്ന് വിമാനമാർഗം ഡൽഹിയിലേക്ക് തിരിച്ചത്. തിഹാർ ജയിലിലായിരുന്ന ഒ.എം.എ. സലാമിന് മൂന്നു ദിവസത്തേക്കാണ് ഉപാധികളോടെ പരോൾ ലഭിച്ചത്. ദിവസവും രാവിലെ 10 മുതൽ വൈകീട്ട് നാലു വരെയായിരുന്നു വീട്ടിൽ ചെലവഴിക്കാൻ അവസരം ലഭിച്ചത്. പിന്നീട് തവനൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്. അടുത്ത ബന്ധുക്കളോട് മാത്രമേ ഇടപഴകാൻ സാധിച്ചിരുന്നുള്ളൂ. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. സന്ദർശകർക്ക് വിലക്കുള്ളതായി വീടിന് പുറത്ത് പൊലീസ് നോട്ടീസ് പതിപ്പിച്ചിരുന്നു.
ബുധനാഴ്ച രാത്രി പത്തോടെ കല്പറ്റ പിണങ്ങോട് പൊഴുതനക്ക് സമീപം സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിക്കൽ വിദ്യാര്‍ഥിനിയായ മകൾ ഫാത്തിമ തസ്കിയയുടെ (23) മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനാണ് വെള്ളിയാഴ്ച ഉച്ചക്ക് 1.30ഓടെ സലാം വീട്ടിലെത്തിയത്.
ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും രണ്ട് കമാൻഡോകളും ഒപ്പമുണ്ടായിരുന്നു. 2022ൽ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നതിന് മുന്നോടിയായി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലാണ് സംഘടനയുടെ അന്നത്തെ ചെയര്‍മാന്‍കൂടിയായ ഒ.എം.എ. സലാമിനെ വീട്ടിൽനിന്ന് എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലിലടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.