നൗഷാദിനെ കണ്ടെത്തിയതോടെ പരുത്തിപ്പാറക്കാർക്കും ആശ്വാസം
text_fieldsഅടൂർ: തിരച്ചിലും ചോദ്യം ചെയ്യലും ഉൾപ്പെടെ നാടകീയ രംഗങ്ങൾക്ക് സാക്ഷിയായ ഒരു ദിവസത്തിനൊടുവിൽ ‘മരിച്ചയാൾ’ ജീവനോടെ വന്നപ്പോൾ ആശ്വാസമായത് പരുത്തിപ്പാറ നിവാസികൾക്കുകൂടിയാണ്.കലഞ്ഞൂർ പാടം സ്വദേശി ടി.വി. നൗഷാദിനെ (34) അടൂരിൽ ഏറത്ത് പഞ്ചായത്തിലെ പരുത്തിപ്പാറയിൽ മുമ്പ് വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ കുഴിച്ചിട്ടെന്ന ഭാര്യ നൂറനാട് സ്വദേശി അഫ്സാനയുടെ മൊഴിയെത്തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.
പൊലീസ് നാട്ടുകാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ഇനിയും സ്റ്റേഷനിലും കോടതിയിലും കയറേണ്ടി വരുമെന്ന ആശങ്കയിലായിരുന്നു ഇവിടെയുള്ളവർ. നൗഷാദിനെക്കുറിച്ച് പറക്കോട്, അടൂർ പ്രദേശങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇയാളെ പലരും എവിടൊക്കെയോ വെച്ച് കണ്ടതായും പൊലീസിൽ മൊഴി നൽകിയിരുന്നു.
വ്യാഴാഴ്ചയും പൊലീസ് നൗഷാദിനെപ്പറ്റി അന്വേഷിച്ചു. നൗഷാദും അഫ്സാനയും സ്വരച്ചേർച്ചയിൽ അല്ലായിരുന്നുവെന്ന് പരിസരവാസികൾ മൊഴിനൽകുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയും കൂടൽ പൊലീസ് ഇവിടെ എത്തിയിരുന്നു. കഴിഞ്ഞദിവസം പരിസര വാസികളായ ചില യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് നൗഷാദിനെ തൊടുപുഴയിൽ കെണ്ടത്തിയതായി അറിഞ്ഞത്.
വാർത്തകൾ വിശ്വസിച്ചിരുന്നില്ലെന്ന് നാട്ടുകാർ
പത്തനംതിട്ട: കടുംകൈ ചെയ്യാൻ അഫ്സാനക്ക് കഴിയില്ലെന്ന വാദം മണിക്കൂറുകൾക്കുള്ളിൽ തെളിഞ്ഞതിന്റെ ആശ്വാസത്തിലാണ് അടൂർ ഏറത്ത് പഞ്ചായത്തിലെ പരുത്തിപ്പാറ നിവാസികൾ. അഫ്സാന ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വാർത്ത നാട്ടുകാർ കഴിഞ്ഞദിവസവും വിശ്വസിച്ചിരുന്നില്ല. ഇവരെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ അവർക്കത് ഒറ്റക്ക് ചെയ്യാൻ കഴിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു.
മദ്യപിച്ചാൽ നൗഷാദ് സ്ഥിരമായി അഫ്സാനയെ മർദിക്കുമായിരുന്നു. പലപ്പോഴും മർദനം സഹിക്കവയ്യാതെ തങ്ങളുടെ വീട്ടിൽ എത്തുമായിരുന്നുവെന്ന് പ്രദേശവാസിയായ ഷാനി പറഞ്ഞു. രണ്ട് കുട്ടികളുമായി എത്തുന്ന അഫ്സാനയെ ഏറെനേരം കഴിഞ്ഞു നൗഷാദ് വന്നുവിളിച്ചുകൊണ്ടുപോകും. ആദ്യം പഴക്കച്ചവടമായിരുന്നു നൗഷാദിന് തൊഴിൽ.
പിന്നീട് ഷാനിയുടെ ഭർത്താവിനൊപ്പം ഐസ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. ഇവരുടേത് ഒറ്റപ്പെട്ട ജീവിതമായിരുന്നു. മറ്റുള്ളവരുമായി അധികം ഇടപഴകിയിരുന്നില്ല. ഇടക്ക് കുടുംബമായി ഇവർ മാതാപിതാക്കളെ കാണാൻ പോയിരുന്നു. വിശാലമായ പറമ്പിന് നടുവിലായുള്ള പഴയ വീട്ടിലായിരുന്നു താമസം. ശോച്യമായ കെട്ടിടം സാധാരണ ആരും വാടകക്ക് എടുക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.വിദേശത്ത് ജോലി ഉണ്ടായിരുന്ന നൗഷാദ് നാട്ടിൽ മടങ്ങിെയത്തിയ ശേഷം ഭാര്യ അഫ്സാനയുടെ നിർബന്ധത്തെ തുടർന്നാണ് ആറ് വർഷം മുമ്പ് അടൂർ ഭാഗത്ത് വാടകക്ക് താമസിക്കാൻ എത്തിയത്.
നൗഷാദിന്റെ കുടുംബ വീട്ടിൽനിന്ന് ഇവിടേക്ക് 20 കിലോമീറ്റർ ദൂരമുണ്ട്. നൗഷാദിനെ കാണുന്നില്ലെന്ന് കാട്ടി ഒന്നര വർഷം മുമ്പ് പിതാവ് അഷ്റഫ് നൽകിയ പരാതിയിൽ പടംെവച്ച് പോസ്റ്ററുകൾ കോന്നി, അടൂർ പ്രദേശങ്ങളിൽ പൊലീസ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ഫോണിൽ പോലും ബന്ധപ്പെടാതിരുന്നതിനാൽ സംശയം തോന്നിയതായും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.