ഉരുക്കുവനിതയെത്തി; പോരാട്ടങ്ങൾക്ക് ഊർജം തേടി
text_fieldsഅഗളി (പാലക്കാട്): 45ാം പിറന്നാൾ ആഘോഷിക്കാൻ കേക്കുമായെത്തിയവർക്ക് മുന്നിൽ ഒരു സ്കൂൾ വിദ്യാർഥിയുടെ നിഷ്കളങ്കതയോടെ അവർ ഇരുന്നു. ആദ്യമായാണ് താൻ പിറന്നാൾ ആഘോഷിക്കുന്നതെന്ന വാക്കുകളിലൂടെ, മനഃശക്തികൊണ്ട് ലോകത്തെ അദ്ഭുതപ്പെടുത്തിയ ഇറോം ശർമിള കൂടിനിന്നവരെ വീണ്ടും അമ്പരപ്പെടുത്തി. ഇതൊരു പുത്തൻ തുടക്കമാകട്ടെ എന്ന ആശംസയെഴുതിയ പിറന്നാൾ കേക്ക് കണ്ടപ്പോൾ അവരുടെ കണ്ണുകളിൽ ആദ്യം മിന്നിമറിഞ്ഞത് ആശ്ചര്യഭാവം. പിന്നെ, അധികം വിടരാത്ത പുഞ്ചിരിയോടെ സുഹൃത്ത് നജീമ ബീബിയെ നീട്ടിവിളിച്ചു. വിശ്രമിക്കുകയായിരുന്നതിനാൽ അവരെത്താൻ വൈകി. അതോടെ തുടരെത്തുടരെ വിളിച്ചു.
എല്ലാവരുമെത്തിയതോടെ കേക്ക് എങ്ങനെ മുറിക്കണമെന്നായി ഇറോം ശർമിളയുടെ സംശയം. പിറന്നാൾ കേക്കിൽനിന്ന് സുഹൃത്തുക്കൾക്ക് ഒാരോ കഷണം നൽകി വിശ്രമിക്കാനായി തിരിഞ്ഞുനടക്കുമ്പോൾ തെരഞ്ഞെടുപ്പ് പരാജിതയുടെ ശരീരഭാഷയായിരുന്നില്ല ഈ ധീരവനിതക്ക്, സമരങ്ങൾക്ക് ഊർജം സംഭരിക്കാനെത്തിയ പോരാളിയുടെതായിരുന്നു. അട്ടപ്പാടിയിലെത്തിയ ഇറോം ശർമിളയെ സ്വീകരിക്കാൻ യുവജന സംഘടനകളും പാർട്ടിപ്രവർത്തകരും രാവിലെതന്നെ ആനക്കട്ടിയിലെ അതിർത്തിയിലെത്തിയിരുന്നു. അവരെക്കാണാൻ നിരവധി സാധാരണക്കാരാണ് ശാന്തി ഇൻഫർമേഷൻ ആൻഡ് മെഡിക്കൽ സെൻററിലെത്തിയത്.
കോയമ്പത്തൂർ മുതൽ കൂടെയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴും നിലപാടിൽനിന്ന് തെല്ലിടമാറാത്ത കാർക്കശ്യം പ്രകടം. കരിക്ക് കുടിക്കുന്നതിനിടെ അവർ പറഞ്ഞു, ഇത് എനിക്ക് കേരളത്തിെൻറ പിറന്നാൾ സമ്മാനമാണെന്ന്. പോരാട്ടങ്ങൾ അവസാനിക്കുന്നില്ലെന്ന സൂചന ആ വാക്കുകളിൽ വ്യക്തം. ഇറോമിനെ അനുഗമിക്കുന്ന നജീമ ബീബി മണിപ്പൂരിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മുസ്ലിം വനിതയാണ്. സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ സജീവമായ ഇവർ തെരഞ്ഞെടുപ്പ് കാലത്ത് നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.