തെലങ്കാനക്ക് പിന്നാലെ പേരിൽ പിടിച്ച് അധികാര രാഷ്ട്രീയത്തിന് സംഘ്പരിവാർ
text_fieldsതിരുവനന്തപുരം: പേരിൽ പിടിച്ച് തെലങ്കാനക്ക് പിന്നാലെ കേരളത്തിലെ അധികാരരാഷ്ട്രീയത്തിൽ സ്വാധീനം ഉറപ്പിക്കാൻ ബി.ജെ.പി.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനും സംഘ്പരിവാർ ബിംബങ്ങൾക്കും പൊതുസമൂഹത്തിൽ നിയമസാധുത നൽകുന്നതിന് അപ്പുറം തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കാൻ കൂടിയുള്ള ശ്രമമാണ് രാജീവ് ഗാന്ധി സെൻററിന് ആർ.എസ്.എസ് നേതാവ് ഗോൾവാൾക്കറുടെ പേര് ഇടാനുള്ള തീരുമാനത്തിലൂടെ കേന്ദ്ര സർക്കാറിൽ നിന്നുണ്ടായതെന്നാണ് വിലയിരുത്തൽ.
തെലങ്കാനയിൽ ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഭരണം ലഭിച്ചാൽ നഗരത്തിെൻറ പേര് മാറ്റുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടം ഉണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തൽ. പിന്നാലെയാണ് കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിെൻറ ആദ്യ ഘട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിെക്ക ആർ.എസ്.എസ് നേതാവിെൻറ പേരിടൽ പ്രഖ്യാപനവും ഉണ്ടായത്.
നാല് മാസശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിെൻറ സെമിഫൈനലായി വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും സ്വന്തം തെരഞ്ഞെടുപ്പ് അജണ്ട സൃഷ്ടിച്ചപ്പോഴും ബി.ജെ.പിക്ക് അതിന് കഴിഞ്ഞില്ല. സംസ്ഥാന നേതാക്കളെ പ്രാദേശിക തെരഞ്ഞെടുപ്പിൽ അണിനിരത്തി നേട്ടം കൊയ്യാൻ പോവുന്നുവെന്ന് മാധ്യമങ്ങൾ വഴി നടത്തിയ പ്രചാരണവും വേണ്ടത്ര ഫലം കണ്ടില്ലെന്ന വിലയിരുത്തൽ ബി.ജെ.പിക്കുള്ളിൽ തന്നെയുണ്ട്. ഇതിനിടെയുണ്ടായ ഹൈദരാബാദ് പരീക്ഷണഫലമാണ് കേരളത്തിലും പുതിയ നീക്കത്തിന് ആർ.എസ്.എസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.
ശബരിമലയിൽ ആചാരലംഘനമെന്ന് ആരോപിച്ച് ലോക്സഭ തെരഞ്ഞെടുപ്പിൽ ഹിന്ദുവികാരം ഉണർത്തി സാമുദായിക ധ്രുവീകരണം നടത്താനുള്ള ശ്രമത്തിെൻറ തുടർച്ചയാണ് ആർ.എസ്.എസ് നേതാവിെൻറ പേരിടലുമെന്ന് സി.പി.എം വിലയിരുത്തുന്നു. രാജ്യത്തെ പിടിച്ചുലക്കുന്ന കർഷകസമരം, അടിക്കടിയുള്ള പാചകവാതക-ഇന്ധന വിലവർധന എന്നിവ തെരഞ്ഞെടുപ്പിൽ ചർച്ചയാവുന്ന സാഹചര്യത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുക കൂടിയാണ് ലക്ഷ്യം.
കേരളത്തിലെ ഇടത്, വലത്, ലിബറൽ, സ്വത്വവാദ വിഭാഗങ്ങൾ ഇൗ വിവാദത്തിൽ പ്രതികരിക്കുകയും അത് ഒരു സംവാദമായി വളർത്തിക്കൊണ്ടുവരുകയുമാണ് പേരിടൽ വഴി ആർ.എസ്.എസ് ലക്ഷ്യമിടുന്നതും. കേന്ദ്ര സർക്കാറിനെയും ബി.ജെ.പിയെയും മഥിക്കുന്ന രാഷ്ട്രീയവിഷയങ്ങൾ ഇതുവഴി അരികിലേക്ക് മാറുമെന്നും ആർ.എസ്.എസ്-ബി.ജെ.പി അജണ്ടയെ തെരഞ്ഞെടുപ്പിെൻറ കേന്ദ്ര ബിന്ദുവായി പ്രതിഷ്ഠിക്കാമെന്നുമാണ് കണക്കുകൂട്ടൽ.
സംസ്ഥാന പ്രസിഡൻറിനും നേതൃത്വത്തിനും എതിരെ ബി.ജെ.പിയിൽ ഗ്രൂപ് അതീതമായി വളർന്നുവരുന്ന അതൃപ്തിയെയും വിഭാഗീയതയെയും മറികടക്കാനും ഇതിലൂടെ സാധ്യമാവുമെന്നും ആർ.എസ്.എസ് തിരിച്ചറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.