പണം വാങ്ങിയെങ്കിൽ ഈ വീട് ഇങ്ങനെയാകുമോ? -ഷാജിയുടെ അമ്മ
text_fieldsകണ്ണൂർ: ‘ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്നുപറഞ്ഞ് കാലിൽവീണ് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അമ്മയെ അല്ലാതെ വേറെയാരെയും വിശ്വസിപ്പിക്കാനില്ല. പൊട്ടിക്കരഞ്ഞാണ് ഈ വാക്കുകൾ പറഞ്ഞത്. ഇന്നലെ രാവിലെവരെ ഈ വാക്കുകളേ അവന് പറയാനുമുണ്ടായിരുന്നുള്ളൂ. അങ്ങനെ പൈസ വാങ്ങുന്നുണ്ടെങ്കിൽ ഈ വീടിന്റെ അവസ്ഥ ഇങ്ങനെയാകുമോ? പണം വാങ്ങിയതിന്റെ മാറ്റം വീട്ടിലും കാണില്ലേ എന്ന് പറയുമ്പോഴും മോൻ കരയുകയായിരുന്നു’- ഉള്ളത് തിന്നും കുടിച്ചുമാണ് ഞങ്ങൾ കഴിയുന്നതെന്നും ഷാജിയൊരു പാവമായിരുന്നെന്നും പറയുമ്പോൾ അമ്മ ലളിതക്ക് കരച്ചിലടക്കാനാവുന്നില്ലായിരുന്നു.
കേരള സര്വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തെത്തുടര്ന്ന് കഴിഞ്ഞദിവസം ജീവനൊടുക്കിയ മാർഗംകളി വിധികർത്താവ് ഷാജി പൂത്തട്ട കനത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും അതാണ് മരണത്തിനിടയാക്കിയതെന്നും അമ്മ ലളിത പറയുന്നു. ‘തിങ്കളാഴ്ച രാത്രി 10നാണ് മോൻ വീട്ടിലെത്തിയത്. മുഖത്ത് പാടും നീർക്കെട്ടുമുണ്ടായിരുന്നു. മുഖം കരിവാളിച്ചതുകണ്ട് ഞാൻ കാര്യം ചോദിച്ചിരുന്നു. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്നുപറഞ്ഞ് കരഞ്ഞു. ഇന്നലെ രാവിലെ വരെ ഈ വാക്കുകളേ അവന് പറയാനുണ്ടായിരുന്നുള്ളൂ’- അമ്മ തുടർന്നു. ബുധനാഴ്ച വൈകീട്ടാണ് ഷാജിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾ വിളിച്ച് അവന് ധൈര്യം കൊടുത്തിരുന്നുവെന്ന് ലളിത പറയുന്നു.. മൊഴിയെടുക്കാനായി വ്യാഴാഴ്ച തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ വിളിപ്പിച്ചതിനിടയിലാണ് വിഷം ഉള്ളിൽചെന്ന നിലയിൽ ഷാജിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിരപരാധിയാണെന്നും പണം വാങ്ങി വിധിനിർണയം നടത്തിയിട്ടില്ലെന്നും പിന്നിൽ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽനിന്ന് കണ്ടെത്തിയിരുന്നു.
കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം വർഷങ്ങൾ പഴക്കമുള്ള വീട്ടിലാണ് അമ്മ ലളിതക്കൊപ്പം താമസം. കഴിഞ്ഞവർഷം കോവിഡ് ബാധിച്ച് മരിച്ച സഹോദരൻ സതീശന്റെ കുടുംബവും ഒന്നിച്ചുണ്ട്. വീട് പുനരുദ്ധാരണത്തിനായി സർക്കാർ ധനസഹായം ലഭിക്കുന്നതിനായി അപേക്ഷിച്ച ഷാജിക്ക് ഒരു ലക്ഷം അനുവദിച്ചിരുന്നു. രണ്ടാഴ്ചക്കകം പണം ലഭിച്ച് വീടുപണി തുടങ്ങാനിരിക്കെയാണ് മരണം.
35 വർഷമായി നൃത്തത്തിനായി സമർപ്പിച്ച ജീവിതമാണ് ഷാജിയുടേതെന്നും ഒരുകാര്യത്തിലും ആർക്കും പരാതിയില്ലെന്നും സഹപ്രവർത്തകരും ബന്ധുക്കളും പറയുന്നു. ദുശ്ശീലങ്ങളൊന്നുമില്ല. ആയിരത്തിലേറെ കുട്ടികളെ പഠിപ്പിക്കുന്നു. സത്യസന്ധമായി പോകുന്ന ഒരാൾക്ക് ഇത്തരമൊരു കേസ് വന്നപ്പോൾ സഹിക്കാനായിക്കാണില്ലെന്ന് അവർ പറയുന്നു. ഷാജിക്ക് സുഹൃത്തുക്കളും കുറവാണ്. ഭാര്യയും മകളുമായി 17 വർഷമായി അകന്നുകഴിയുകയാണ്. അമ്മയായിരുന്നു എല്ലാം.
എസ്.എഫ്.ഐയുടെ കൊലപാതകം -കെ. സുധാകരൻ
കണ്ണൂർ: ഷാജി പൂത്തട്ടയുടെ മരണം കൊലപാതകമാണെന്നും പിന്നിൽ എസ്.എഫ്.ഐ തന്നെയാണെന്നും കെ.സുധാകരൻ എം.പി. ഷാജിയുടെ ബന്ധുക്കളെ വീട്ടിൽ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലോത്സവത്തിലെ മാർഗംകളിയിൽ അവർ പറഞ്ഞയാൾക്ക് ഒന്നും രണ്ടും സ്ഥാനം കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഷാജി നിഷേധിച്ചു. അദ്ദേഹത്തെ എസ്.എഫ്.ഐക്കാർ മർദിക്കുകയും ഫോൺ ചെയ്തു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഷാജി കുറ്റമൊന്നും ചെയ്തില്ലെന്നും ഇതുവരെ പരാതിയൊന്നുമില്ലെന്നും നിഷ്പക്ഷനായിരുന്നുവെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു. അപമാനം സഹിക്കാനാവാതെയാണ് ഷാജി ആത്മഹത്യ ചെയ്തത്. എസ്.എഫ്.ഐ ഗുണ്ടകളെ ഇറക്കി നാട് കുട്ടിച്ചോറാക്കാനിറങ്ങിയാൽ സമ്മതിക്കില്ല. അതിന് മുന്നിൽ ഞങ്ങൾ ചാവേറാകുമെന്നും കെ. സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.