കവർച്ച നടത്തിയശേഷം പ്രതി തലപ്പാവ് ധരിച്ചു, ഹോട്ടലിൽ കയറി ചായ കുടിച്ചു
text_fieldsകാഞ്ഞങ്ങാട്: മരവടി ജനലഴിയിലൂടെ അകത്തേക്ക് കടത്തി വീട്ടിൽനിന്നും നാലര പവൻ സ്വർണാഭരണവും പണവും കവർന്ന പ്രതി മോഷണത്തിനുശേഷം രക്ഷപ്പെട്ടതിന്റെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. കവർച്ച നടത്തിയ ശേഷം പ്രതി തലപ്പാവ് ധരിച്ച് ഹോട്ടലിൽകയറി ചായ കുടിക്കുകയും ചെയ്തു. പ്രതിയുടെ ഹോട്ടലിൽനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
ചിത്താരി ചേറ്റുകുണ്ടിലെ ഒ. രമ്യയുടെ വീട്ടിൽ നടന്ന കവർച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മരവടി ജനൽവഴി അകത്ത് കടത്തി കവർച്ച നടത്തുന്ന പ്രതിയുടെ ചിത്രം നേരത്തേ ലഭിച്ചിരുന്നു. കാഞ്ഞങ്ങാടിനും കാസർകോടിനും ഇടയിലുള്ള സംസ്ഥാന പാതയോരത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് കവർച്ചക്കാരനെന്ന് സംശയിക്കുന്ന ആളുടെ കൂടുതൽ ചിത്രങ്ങൾ ലഭിച്ചത്.
ചേറ്റുകുണ്ടിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽ നിന്നാണ് പ്രതി ചായ കുടിച്ചത്. നീളംകൂടിയ വസ്ത്രം ധരിച്ച പ്രതി ക വർച്ച നടത്തുന്ന സമയത്ത് തലപ്പാവ് ധരിച്ചിട്ടില്ല. കവർച്ച നടത്തി മടങ്ങുന്നതിനിടെ ഹോട്ടലിൽ കയറി ചായ കുടിക്കുമ്പോൾ വെള്ള തലപ്പാവ് ധരിച്ചതായാണ് സി.സി.ടി.വി ദൃശ്യത്തിലുള്ളത്. പിറകിൽ തൂക്കിയിട്ട നിലയിൽ ബാഗുണ്ട്. കഴിഞ്ഞയാഴ്ചയായിരുന്നു മോഷണം.
രമ്യയുടെ അമ്മയുടെ ആഭരണവും 1500 രൂപയുമാണ് കവർന്നത്. കിടപ്പുമുറിയിലെ സ്റ്റഡി ടേബിളിന് മുകളിൽ വെച്ചിരുന്ന ഹാൻഡ് ബാഗിൽ സൂക്ഷിച്ചതായിരുന്നു സ്വർണവും പണവും . ജനൽ വഴി മരവടി ഉപയോഗിച്ച് ബാഗ് ഉൾപ്പെടെ കവരുകയായിരുന്നു. മാലയും മോതിരവുമടക്കം നാലര പവൻ നഷ്ടപ്പെട്ടു. ബേക്കൽ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 9497964323 നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.