പി.ആർ.എസിന് പിറകെ നൈൽ; നഴ്സുമാരുടെ സമരത്തിന് ചൂടുപിടിക്കുന്നു
text_fieldsതൃശൂർ: തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിക്ക് പിറകെ തൃശൂരിലെ നൈൽ ആശുപത്രിയിലും നഴ്സുമാർ സമരവുമായി മുന്നോട്ടുവന്നു. ഇതോടെ വേതനവർധന ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിന് ചൂടുപിടിക്കുകയാണ്. നൈൽ ആശുപത്രിയിൽ 2013ലെ മിനിമം വേതനം പോലുമില്ലാതെയാണ് നഴ്സുമാർ ജോലി ചെയ്യുന്നതെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) വ്യക്തമാക്കുന്നു. നൂറോളം നഴ്സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. മിനിമം വേതനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇവിടെനിന്ന് നിരവധി പരാതികളാണ് മന്ത്രിക്കും ആരോഗ്യവകുപ്പിനും ലേബർ ഓഫിസർക്കും നൽകിയത്. ചർച്ചകളിൽ മാനേജ്മെന്റ് കടുംപിടിത്തം തുടർന്നതോടെ ആശുപത്രിയിലേക്ക് യു.എൻ.എ മാർച്ച് നടത്തി. ഇതിന് പിറകെയാണ് യു.എൻ.എ ഭാരവാഹികളും സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നവരുമായ ഏഴ് പാരാമെഡിക്കൽ സ്റ്റാഫുകളെ പിരിച്ചുവിടുന്നതായി നോട്ടീസ് നൽകിയത്.
വേതനവർധന ആവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ തൃശൂർ ജില്ലയിൽ നഴ്സുമാർ 72 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. പ്രതിദിനം 1500 രൂപ വേതനം ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക്. ഇതോടെ സമ്മർദത്തിലായ ചില ആശുപത്രി മാനേജ്മെന്റുകൾ നഴ്സുമാർക്ക് ഇടക്കാല ആശ്വാസം നൽകാൻ ധാരണയിലെത്തിയിരുന്നു. സമാന ആവശ്യവുമായി തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിലും നഴ്സുമാർ സമരം നടത്തിയിരുന്നു.
2012ലെ നഴ്സുമാരുടെ പണിമുടക്കിനെ തുടർന്ന് പഠനം നടത്തിയ ഡോ. ബൽറാം കമ്മിറ്റി റിപ്പോർട്ടും ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ടും ഇനിയും നടപ്പായിട്ടില്ല. നഴ്സുമാരുടെ ജോലിഭാരവും വർധിച്ചു. തുല്യജോലിക്ക് തുല്യവേതനം ആവശ്യപ്പെട്ട് ജൂലൈ 19ന് സെക്രട്ടേറിയറ്റിലേക്ക് നഴ്സുമാർ മാർച്ച് സംഘടിപ്പിച്ചിരുന്നു. അടിസ്ഥാന വേതനം 40,000 രൂപയാക്കണമെന്നായിരുന്നു ഇതിലെ പ്രധാന ആവശ്യം.
2012ൽ തൃശൂർ മദർ ആശുപത്രിയിൽ മിനിമം വേതനം ആവശ്യപ്പെട്ട് ആരംഭിച്ച സമരമാണ് പിന്നീട് കേരളത്തിലും ഡൽഹിയിലും ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിക്കുകയും ഏറെ ചർച്ചകൾക്കു ശേഷം നഴ്സുമാർക്ക് വേതനവർധന ഉണ്ടാവുകയും ചെയ്തത്. അതേസമയം, കേരളത്തിൽ സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യാൻ നഴ്സുമാരെ കിട്ടാത്ത സ്ഥിതിയുമുണ്ട്. അടിസ്ഥാന ശമ്പളമില്ലാത്തതിനാൽ വിദേശത്തേക്ക് ചേക്കേറുന്നവരുടെ എണ്ണം കൂടുകയാണ്. നഴ്സിങ് കൗൺസിലിൽനിന്നുള്ള കണക്കുപ്രകാരം 2022ൽ മാത്രം 25,000 നഴ്സുമാരാണ് വിദേശത്തേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.