പച്ചക്കറിക്ക് പിന്നാലെ മത്സ്യവിലയും കുതിക്കുന്നു
text_fieldsശ്രീകണ്ഠപുരം: അടുക്കളയിലെ കണ്ണീർപാചകത്തിന് അറുതിയായില്ല. പാചകവാതക വിലവർധന തുടരുന്നതിനിടെയാണ് നിത്യോപയോഗ സാധനങ്ങൾക്കും വിലക്കയറ്റം പതിവായത്. പച്ചക്കറിക്കും പയര്‍വര്‍ഗങ്ങള്‍ക്കും പിന്നാലെ മത്സ്യത്തിനും തീവിലയായി. സാധാരണക്കാരുടെ പ്രിയമത്സ്യമായ മത്തി കിലോക്ക് 230 രൂപയും അയലക്ക് 240 രൂപയുമാണ് ചൊവ്വാഴ്ചത്തെ വില. കഴിഞ്ഞയാഴ്ച 160 -200 വരെയുണ്ടായിരുന്ന വിലയാണ് കുതിച്ചുകയറിയത്. ഒരുകിലോ അയക്കൂറക്ക് 1200 രൂപയാണ് വില.
400 -600 വരെയായിരുന്നു നേരത്തെയുണ്ടായ വില. ആദ്യമായാണ് അയക്കൂറക്ക് കിലോക്ക് 1200 രൂപയായി വിലയുയരുന്നത്. ആവോലിക്ക് 900 രൂപയായും ഉയർന്നിട്ടുണ്ട്. കൊളോന്‍ -720, ചെമ്പല്ലി -700, നോങ്ങല് -680, കരിമീന്‍ - 500, ചെമ്മീന്‍ -420, കൂന്തല്‍ -340, മാന്ത -340 എന്നിങ്ങനെയാണ് മറ്റ് മത്സ്യങ്ങളുടെ വില. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യത്തിന്റെ വരവ് കുറഞ്ഞതാണ് ഇവിടെ മത്സ്യവില ഉയരാന്‍ കാരണമെന്ന് വിൽപന നടത്തുന്നവർ പറയുന്നു.
കോഴിക്ക് 155-160 വരെയാണ് വില. പച്ചക്കറിക്ക് നേരത്തെ മുതൽ പൊള്ളുന്ന വിലയാണ്. തക്കാളിക്ക് 85 -100 രൂപ വരെയാണ് നിലവിലെ വില. ബീൻസിന് 90 -100 വരെയെത്തി.
സവാളക്ക് മാത്രമാണ് വില കൂടാതിരുന്നത്. മുളക് ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലയും കുതിക്കുകയാണ്. വറ്റല്മുളകിന് കിലോക്ക് 350 രൂപയാണ് വില. വെളിച്ചെണ്ണ വില 155 -160 വരെയാണ്. വീടുകളിൽ കണ്ണീർ പാചകം തുടരുമ്പോൾ ഹോട്ടൽ നടത്തിപ്പുകാരും താളപ്പിഴയിലേക്ക് നീങ്ങുന്നുണ്ട്. ഊൺ വില കൂട്ടിയെങ്കിലും മത്സ്യ- പച്ചക്കറി -ഇറച്ചി വിലവർധന ഹോട്ടലുകളെ ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.