എസ്.സി-എസ്.ടി അതിക്രമങ്ങൾ തടയൽ നിയമം നടപ്പാക്കുന്നതിൽ സർക്കാർ ഗുരുതര വീഴ്ച വരുത്തിയെന്ന് എ.ജി
text_fieldsകൊച്ചി: പട്ടികജാതി-വർഗ അതിക്രമങ്ങൾ തടയൽ നിയമം നടപ്പാക്കുന്നതിൽ സർക്കാർ ഗുരുതര വീഴ്ച വരുത്തിയെന്ന് അക്കൗണ്ട് ജനറലിെൻറ അന്വേഷണ റിപ്പോർട്ട്. 2006 മുതൽ 2019 വരെയുള്ള കേസുകളിൽ 10 ശതമാനം മാത്രമാണ് തീർപ്പാക്കിയത്. ദുരിതാശ്വാസ തുക നൽകിയതിെൻറ കണക്കല്ലാതെ കേസുകളെക്കുറിച്ച് പട്ടികജാതി-വർഗ വകുപ്പിന് വ്യക്തമായ വിവരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ 1989ലാണ് നിയമം പ്രാബല്യത്തിൽ വന്നത്. കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യാനും ഇരകളുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് നിയമം നിർദേശിച്ചത്. പ്രത്യേക കോടതികൾ രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എ.ജി നടത്തിയ അന്വേഷണത്തിൽ 2006 മുതൽ 2019 വരെ 937 കേസാണ് രജിസ്റ്റർ ചെയ്തത്.
വിചാരണക്ക് വിട്ടത് 405 എണ്ണവും. ശിക്ഷിക്കപ്പെട്ട കേസുകൾ 94 ആണ്. 449 കേസിൽ തീർപ്പുകൽപിച്ചിട്ടില്ല. തെറ്റായ വിവരങ്ങൾ നൽകി ഒഴിവാക്കിയ കേസുകൾ 394 ആണ്. ദുരിതാശ്വാസ, പുനരധിവാസ സൗകര്യങ്ങളുടെ കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കുന്നില്ല. കേസുകളുടെ പുരോഗതി നിരീക്ഷിക്കാനും ഉചിത നടപടികൾ കൈക്കൊള്ളാനും സർക്കാർ സംവിധാനമുണ്ടെങ്കിലും അതൊന്നും ക്രിയാത്മകമായി പ്രവർത്തിക്കുന്നില്ല. പ്രതികൾ കുറ്റമുക്തരാകുന്നത് ഇരകളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും അതിക്രമങ്ങൾ വർധിക്കാനിടയാക്കുകയും ചെയ്യുന്നുണ്ട്.
കേസുകളുടെ ശിക്ഷനിരക്ക് വളരെ കുറവാണെന്നും ഇക്കാര്യത്തിൽ ഉചിത നടപടി സ്വീകരിക്കണമെന്നും വി.എസ്. അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്കാര കമീഷനും ശിപാർശ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.