ശബരിമല: ശരണംവിളി തടയരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: യഥാർഥ ഭക്തർ ഒറ്റക്കോ കൂട്ടമായോ ശബരിമലയിലെത്തുന്നതും ശരണം വിളിക്കുന്ന തും പൊലീസ് തടയരുതെന്ന് ഹൈകോടതി. അതേസമയം, തീർഥാടനകേന്ദ്രത്തിലെ സമാധാനം തകർക്കാൻ ശ്രമമുണ്ടായാൽ അത്തരക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. ശബരിമല, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ചോദ്യംചെയ്ത് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡൻറ് എം.കെ. ഗോപിനാഥ് ഉൾപ്പെടെ സമർപ്പിച്ച ഹരജികളിലാണ് ഡിവിഷൻ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്.
നിരോധനാജ്ഞ പ്രഖ്യാപിക്കാനിടയായ റിപ്പോർട്ടുകൾ ഹാജരാക്കാൻ ജില്ല മജിസ്ട്രേട്ട് കൂടിയായ ജില്ല കലക്ടറോട് നിർദേശിച്ച കോടതി, പത്തുദിവസത്തിന് ശേഷം ഹരജികൾ വീണ്ടും പരിഗണിക്കാൻ മാറ്റി.നിരോധനാജ്ഞയുടെ പേരിൽ ശരണം വിളിക്കാൻപോലും ഭക്തരെ പൊലീസ് അനുവദിക്കുന്നില്ലെന്നും നിയന്ത്രണങ്ങൾ വ്യക്തമാക്കി നോട്ടീസ് നൽകിയാണ് ഭക്തരെ മല കയറാൻ അനുവദിക്കുന്നതെന്നുമായിരുന്നു രാവിലെ കേസ് പരിഗണിക്കവേ ഹരജിക്കാരുടെ വാദം.
എന്നാൽ, യഥാർഥ ഭക്തരെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും ഇൻറലിജൻസ് റിപ്പോർട്ട് പ്രകാരം പ്രശ്നക്കാരാണെന്ന് കണ്ടെത്തിയവർക്കാണ് നോട്ടീസ് നൽകുന്നതെന്നും സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. തുടർന്ന് നോട്ടീസ് നൽകുന്നതിെൻറ വിശദീകരണം നൽകാൻ ഹരജികൾ ഉച്ചക്കുശേഷം പരിഗണിക്കാൻ മാറ്റി. ഉച്ചക്കുശേഷം ശബരിമലയിലെ സ്ഥിതിഗതി വ്യക്തമാക്കി ഡി.ജി.പിയും ഐ.ജി വിജയ് സാഖറെയും നൽകിയ റിപ്പോർട്ടുകൾ എ.ജി ഹാജരാക്കി.
ശബരിമലയിലെത്തുന്ന ഭക്തർക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും നിയമവിരുദ്ധമായി കൂട്ടംചേരൽ, പ്രതിഷേധിക്കൽ, മാർച്ച് നടത്തൽ തുടങ്ങിയ കാര്യങ്ങൾക്കാണ് നിരോധനമുള്ളതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇതുവരെ 1.64 ലക്ഷം ഭക്തർ ദർശനം നടത്തി. 34 പ്രശ്നക്കാർക്ക് മാത്രമാണ് നോട്ടീസ് നൽകിയത്.
എന്നാൽ, ഉത്തരവിൽ പറയുന്ന വിധമാണോ നിരോധനാജ്ഞ പൊലീസ് ശബരിമലയിൽ നടപ്പാക്കുന്നതെന്ന് കോടതി ആരാഞ്ഞു. ഭക്തരുടെ സംഘങ്ങളെ തടയുന്നത് വലിയ ദോഷം ചെയ്യും. കൂട്ടംതെറ്റിപ്പോകുമെന്ന ആശങ്കക്ക് ഇത്തരം നിയന്ത്രണം കാരണമാകും.
ഭക്തരെ സഹായിക്കാനാണ് നിരോധനാജ്ഞയെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഇക്കാര്യം പൊലീസിന് മനസ്സിലായോ എന്നറിയില്ല. മൗലികാവകാശ സംരക്ഷണത്തിെൻറ പേരിൽ മറ്റുള്ളവരുടെ മൗലികാവകാശവും മനുഷ്യാവകാശവും ലംഘിക്കപ്പെടരുത്.
ശബരിമലയിൽ ക്രമസമാധാനം തകർക്കുകയെന്ന ലക്ഷ്യത്തോടെ എത്തുന്നവരെ മാത്രമാണ് തടയുന്നതെന്ന് എ.ജി വിശദീകരിച്ചു. തീവ്രവാദികളോ കലാപകാരികളോ ശബരിമലയിൽ കടക്കുന്നത് തടയണമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് കോടതി വ്യക്തമാക്കി.
െഎ.ജിക്കും എസ്.പിക്കും ഹൈകോടതി വിമർശനം
കൊച്ചി: മണ്ഡല മകരവിളക്കിനോടനുബന്ധിച്ച ക്രമസമാധാന പാലനത്തിന് ശബരിമലയിൽ നിയമിച്ച ഐ.ജിക്കും എസ്.പിക്കും ഹൈകോടതി വിമർശനം. സമ്പത്ത് കസ്റ്റഡി മരണക്കേസിൽ ആരോപണ വിധേയനായ െഎ.ജി വിജയ് സാഖറേയും പുതുവൈപ്പ് സമരത്തിലെ വിവാദ നായകനായ എസ്.പി യതീഷ് ചന്ദ്രയും എങ്ങനെ ശബരിമലയിൽ ചുമതല നിർവഹിക്കുമെന്ന് കോടതി സർക്കാറിനോട് ആരാഞ്ഞു.
ആൾക്കൂട്ട നിയന്ത്രണത്തിന് പ്രാപ്തിയുള്ള ശബരിമല ഡ്യൂട്ടിയിൽ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന കാര്യം നേരേത്ത തന്നെ കോടതി ചൂണ്ടിക്കാട്ടിയതാണ്. തുറന്ന മൈതാനത്തെ ആൾക്കൂട്ടത്തെ നിയന്ത്രിച്ചുള്ള പരിചയമല്ല ആവശ്യപ്പെട്ടത്. ഇപ്പോൾ ചുമതലപ്പെടുത്തിയ എസ്.പിക്ക് എത്ര പ്രായമായി. പരിചയ സമ്പന്നരായ മുതിർന്ന ഉദ്യോഗസ്ഥർ ലഭ്യമായിരുന്നില്ലേ.
ശബരിമലയിലെത്തുന്ന ഭക്തരുടെ പശ്ചാത്തലങ്ങൾ പരിശോധിക്കാൻ ഇത്തരം ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഖേദകരമാണ്. ഭക്തരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്ന സർക്കാർ പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഇക്കാര്യം പരിശോധിക്കാത്തതെന്തുകൊണ്ട്. കഴിഞ്ഞ ദിവസം കുറേ രാഷ്ട്രീയ നേതാക്കളടങ്ങുന്ന സംഘം ശബരിമലയിലെത്തിയപ്പോൾ അറസ്റ്റ് ചെയ്യാനോ മറ്റ് നടപടിക്കോ ഇൗ ഉദ്യോഗസ്ഥർ മുതിർന്നില്ല.
അവർക്ക് മുന്നിൽനിന്ന എസ്.പിയുടെ ശരീര ഭാഷ ദയനീയമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. നിരോധനാജ്ഞ നിലനിൽക്കേ കൂട്ടത്തോടെ അവിടെയെത്തിയ ഇൗ രാഷ്ട്രീയ നേതാക്കൾക്കെതിരെ നടപടിക്ക് മുതിരാതിരുന്നത് സംബന്ധിച്ച് വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.
നിരോധനാജ്ഞ ഉത്തരവിൽ യഥാർഥ ഭക്തരുടെ താൽപര്യത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നതെങ്കിലും ഭക്തർക്ക് ഏറെ ബുദ്ധിമുട്ടുള്ള നിയന്ത്രണങ്ങളാണ് ഫലത്തിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭക്തരുടെ ശരണം വിളികൾ തടയാൻ പൊലീസിന് അവകാശമില്ല. മലയാളത്തിലുള്ള ഉത്തരവ് വായിക്കാനറിയാത്തതിെൻറ പ്രശ്നമാകാം ഉദ്യോഗസ്ഥർക്കെന്നും കോടതി നിരീക്ഷിച്ചു.
ശബരിമലയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോടതി പുറപ്പെടുവിച്ച നിരീക്ഷണങ്ങൾ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നോയെന്ന് കോടതി ആരാഞ്ഞു. അറിയിച്ചിരുന്നെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അത് നടപ്പാക്കാത്ത പക്ഷം ഡി.ജി.പിക്ക് മറുപടി നൽകേണ്ടി വരുമായിരുന്നില്ലേ. കോടതിയുടേത് ഉത്തരവല്ലെന്നും ശബരിമലയിലെ ക്രമസമാധാനവുമായി ബന്ധെപ്പട്ട വാക്കാൽ നിരീക്ഷണമാണെന്നും വ്യക്തമാക്കി മൂന്ന് വാചകങ്ങളിലായി തയാറാക്കിയ കത്താണ് ഡി.ജി.പിക്ക് അഡ്വക്കറ്റ് ജനറൽ നൽകിയതെന്നാണ് മനസ്സിലാക്കുന്നത്.
ഡി.ജി.പിയിൽനിന്ന് വിശദീകരണം തേടി അറിയിക്കാമെന്ന് എ.ജി അറിയിച്ചതിനെ തുടർന്നാണ് കഴിഞ്ഞദിവസം ഉത്തരവിടാതിരുന്നത്. കോടതി വാക്കാൽ നൽകുന്ന നിർദേശങ്ങൾ പരിഗണിക്കേണ്ടതല്ലേയെന്നും ഇത്തരം നിരീക്ഷണങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറേണ്ടതുമല്ലേയെന്നും കോടതി ചോദിച്ചു. തുടർന്ന് കേസ് അടുത്ത തവണ പരിഗണിക്കുേമ്പാൾ ഇക്കാര്യങ്ങളിൽ വിശദീകരണം നൽകാൻ കോടതി എ.ജിയോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.