പി.എസ്.സി ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധന നടത്തുന്നില്ലെന്ന് എ.ജി റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധന നടത്തുന്നില്ലെന്ന് എ.ജി റിപ്പോർട്ട്. അപ്പോയിൻമെൻറ് അതോറിറ്റി അപേക്ഷകൻ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ മാത്രമാണ് പരിശോധിക്കുന്നത്. അതാത് സർവകലാശാലകൾ, ഡി.പി.ഐ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് മുതലായവയിൽ അപേക്ഷകർ സമർപ്പിച്ച സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന ചെയ്യുന്നില്ല.
ഇഷ്യൂ ചെയ്യുന്ന അധികാരികളുമായി സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധന ചെയ്യാൻ പി.എസ്.സിയിലോ നിയമന അതോറിറ്റിയിലോ സംവിധാനമില്ല. അതിനാൽ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് എ.ജി റിപ്പോർട്ടിൽ വ്യക്തമാക്കി.
കഴിഞ്ഞ 10 വർഷമായി പൊതുസേവനത്തിൽ നിയമിതരായ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റുകൾ സർട്ടിഫിക്കറ്റ് നൽകുന്ന അധികാരികളുമായി (സർവകലാശാലകൾ, ഡി.പി.ഐ, ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകൾ, റവന്യൂ വകുപ്പ് മുതലായവ) പരിശോധിക്കാൻ എല്ലാ നിയമന അധികാരികൾക്കും നിർദേശം നൽകാനും എ.ജി റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
ഇൻഫർമേഷൻ ടെക്‌നോളജിയുടെ മുന്നേറ്റത്തോടെ, സർവകലാശാലകളിൽ പ്രവേശനം നേടുന്നതിനും സർക്കാർ മേഖലയിൽ ജോലി ഉറപ്പാക്കുന്നതിനുമായി വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്ന നിരവധി കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പേയ്‌മെൻറ് അടിസ്ഥാനത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്ന നിരവധി ഓഫ്‌ലൈൻ, ഓൺലൈൻ ഏജൻസികളും പ്രവർത്തിക്കുന്നു.
സംസ്ഥാന സർക്കാറിലെ വിവിധ പബ്ലിക് സർവീസ് ജോലികളിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയിൽ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധിക്കുന്നതിൽ വീഴ്ച വരുത്തുന്നുവെന്നാണ് റിപ്പോർട്ട്. പി.എസ്.സി പരീക്ഷ കഴിഞ്ഞാൽ ഷോർട്ട് ലിസ്റ്റ്/പ്രൊബബിലിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിന് ശേഷം, തുളസി പോർട്ടലിലെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ഉദ്യോഗാർഥികളുടെ പ്രായം, യോഗ്യത, കമ്മ്യൂണിറ്റി, മറ്റ് വെയ്റ്റേജ് ക്ലെയിമുകൾ എന്നിവ തെളിയിക്കാൻ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യാൻ നിർദേശിക്കും. ഉദ്യോഗാർഥി സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്.
ഉദ്യോഗാർഥികൾ സമർപ്പിച്ച ഒറിജിനൽ സർട്ടിഫിക്കറ്റ് അതത് സർവകലാശാലകൾ, ഡി.പി.ഐ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് അല്ലെങ്കിൽ യോഗ്യത ബിരുദങ്ങൾ നൽകുന്ന മറ്റ് സ്ഥാപനങ്ങളുമായി പി.എസ്.സി സൂക്ഷ്മ പരിശോധന നടത്തുന്നില്ലെന്നും എ.ജി റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.