വനത്തിൽ നിന്ന് കുടിയിറക്കപ്പെട്ടർ അഭയാർഥികളായെന്ന് എ.ജിയുടെ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: വയനാട്ടിൽ വനത്തിൽ നിന്ന് കുടിയിറക്കിയ ആദിവാസികൾ അഭയാർഥികളായെന്ന് എ.ജിയുടെ റിപ്പോർട്ട്. ആദിവാസി ക്ഷേമം ഉറപ്പാക്കേണ്ട പട്ടികവർഗ വകുപ്പ് പിറന്ന മണ്ണിൽ ജീവിക്കാനുള്ള അവരുടെ അവകാശം പട്ടികവർഗ-വനം വകുപ്പുകൾ നിഷേധിച്ചു. വയനാട്ടിലെ കടുവാ സങ്കേതത്തിനാണ് ആദിവാസികളെ കുടിയിറക്കാൻ വനം വകുപ്പ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി ആവിഷ്കരിച്ചത്. വനംവകുപ്പിന്‍റെ പുനരധിവാസ പ്രക്രിയയിൽ ഒരു കുടുംബത്തിന് മുഴുവൻ പാക്കേജ് തുകയായ 10 ലക്ഷം രൂപ നൽകണം. പുനരധിവാസത്തിന് ഭൂമി കണ്ടെത്തുന്നതിന് വനംവകുപ്പ് സഹായം നൽകണമെന്നായിരുന്നു നിർദേശം. വനത്തെ ആശ്രയിച്ച് ജീവിക്കുന്ന പ്രാക്തന ഗോത്രവവർഗമായ കാട്ടുനായ്ക വിഭാഗത്തെയാണ് കുടിയിറക്കിയത്.
സുൽത്താൻ ബത്തേരി ട്രൈബർ ഓഫിസർ (ടി.ഡി.ഒ), ബത്തേരി ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ എന്നിവരായിരുന്നു പദ്ധതി നടത്തിപ്പിന്‍റെ പ്രധാനികൾ. വയനാട് വന്യജീവി സങ്കേതത്തിന്‍റെ സംയോജിത വികസനത്തിനായി പുനരധിവാസ പദ്ധതി 2011ൽ കേന്ദ്ര സർക്കാർ അംഗീകരിച്ചു. കേന്ദ്ര ഫണ്ട് ലഭിക്കുന്നതിന് മുമ്പ് വനംവകുപ്പ് പദ്ധതി തുടങ്ങി. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഏറെ താൽപര്യമുള്ള പദ്ധതിയായിരുന്നു. 74 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 7.4 കോടി പുനരധിവാസ മിഷനിൽ നിന്ന് (ടി.ആർ.ഡി.എം) വനംവകുപ്പ് വായ്പ വാങ്ങുന്നതിന് ഭരണാനുമതി ലഭിച്ചു.
ഈശ്വരകൊല്ലി, കുറിച്ചിയാട്, നരിമന്തികൊല്ലി എന്നീ ആദിവാസി ഊരുകളിലെ ആദിവാസികളെ മാറ്റിപ്പാർപ്പിക്കാൻ 2015 ജൂലൈ 14ന് ഉത്തരവിട്ടു. പിന്നീട് 21.18 കോടി രൂപ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സിൽ നിന്ന് മൂന്ന് ഘട്ടങ്ങളായി ടി.എസ്.ബി അക്കൗണ്ടിലേക്ക് (ഐ.ടി.ഡി.പി ഓഫിസർക്ക്) ലഭിക്കുമെന്നായിരുന്നു ഉറപ്പ്. ഐ.ടി.ഡി.പി ഓഫിസർ ചെക്ക് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു.
* പുനരധിവസിപ്പിച്ച ഗുണഭോക്താക്കൾക്ക് അവരുടെ വനാവകാശങ്ങൾ, അതായത് വന ഉൽപനങ്ങൾ ശേഖരിക്കുന്നതിനും ആവാസ വ്യവസ്ഥ നിലനിർത്തുന്നതിനുള്ള അവകാശമുണ്ട്. എന്നാൽ, അവരുടെ വനാവകാശം നിഷേധിച്ചു.
* കുടിയറപ്പെടുന്ന ആദിവാസികളുടെ എണ്ണം പട്ടികവർഗവകുപ്പ് രേഖപ്പെടുത്തിയിട്ടില്ല.
* ആദിവാസി പുനരധിവാസ മിഷനിൽ നിന്ന് വനംവകുപ്പിന് വായ്പ നൽകിയ 7.4 കോടി രൂപ ഇതുവരെ ഐ.ടി.ഡി.പി വയനാട് പ്രോജക്ട് ഓഫീസറുടെ അക്കൗണ്ടിലേക്ക് ലഭിച്ചിട്ടില്ല.
* 12 ഗുണഭോക്താക്കളുടെ രണ്ടാം ഗഡു 48 ലക്ഷം രൂപ ഇതുവരെ വിതരണം ചെയ്തിട്ടില്ല.
* ആദിവാസികളുടെ പുനരധിവാസത്തിനായി വാങ്ങിയ ഭൂമിയുടെ വിശദാംശങ്ങൾ സ്ഥലം, മാപ്പ്, ഭൂമിയുടെ ആധാരത്തിന്‍റെ പകർപ്പ് എന്നിവ പ്രോജക്ട് ഓഫീസിൽ ലഭ്യമല്ല.
* പുനരധിവസിപ്പിച്ച ആദിവാസികളുടെ ജീവിത സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിന് പ്രോജക്ട് ഓഫീസ് ഫലപ്രദമായി ഇടപെട്ടില്ല.
* കുടിയിറക്കൽ പദ്ധതിയുടെ അവലോകനവും വിലയിരുത്തലും പ്രോജക്ട് ഓഫീസിൽ നടന്നിട്ടില്ല.
* നിലവിൽ പ്രോജക്ട് ഓഫീസറും ജില്ലാ കലക്ടറും ഒരേ ആവശ്യത്തിനായി രണ്ട് അക്കൗണ്ടുകൾ നിലനിർത്തുന്നു. ഒരേ ആവശ്യത്തിനായി രണ്ട് അക്കൗണ്ടുകൾ കലക്ടർ നിലനിർത്തുന്നതിന്‍റെ ഉദ്ദേശ്യവും വ്യക്തമല്ല. കലക്ടറുടെ അക്കൗണ്ടിലെ ബാലൻസും കണ്ടെത്താനായില്ല.
* വനത്തിൽ നിന്നും സർക്കാർ പദ്ധതിയുടെ ഭാഗമായി കുടിയിറക്കിയ നിസഹായരായ കട്ടുനായ്ക സമുദായത്തിൽപ്പെട്ട ആദിവാസികൾ ഭൂരഹിതരായതിനാൽ അഭയാർഥികളായി അലയുന്നുവെന്നാണ് ഓഡിറ്റ് നിരീക്ഷിച്ചത്. 10 ലക്ഷത്തിന്‍റെ പുനധിവാസ പദ്ധതിയിൽ അവർക്ക് ലഭിച്ചത് വാസയോഗ്യമല്ലാത്ത ഭൂമിയാണ്. അവിടെ അവർക്ക് താമസിക്കാൻ കഴിഞ്ഞില്ല. അതേസമയം, ആ ഗോത്ര കുടുംബങ്ങൾക്ക് വനമേഖല കൈവശം വയ്ക്കാനുമാവില്ല. അവർ ഇപ്പോൾ മറ്റ് വീടുകളിൽ അഭയാർഥികളായി കഴിയുകയാണ്. കലക്ടറേറ്റ് രേഖകൾ പ്രകാരം 181 ആദിവാസികളും 298 പൊതുവിഭാഗങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പി.ഒയുടെ രേഖകൾ പ്രകാരം 40 ആദിവാസി കുടുംബങ്ങളും 217 ജനറൽ വിഭാഗങ്ങൾ മാത്രമേ പുനരധിവസിപ്പിക്കപ്പെട്ടിട്ടുള്ളൂ. പുനരധിവാസത്തിന്‍റെ വിശദാംശങ്ങൾ ഐ.ടി.ഡി.പി കൈമാറിയിട്ടില്ല.
* പൂർണ്ണമായ വിശദാംശങ്ങളുടെ അഭാവത്തിൽ, പദ്ധതി പ്രകാരം വാങ്ങിയ ഭൂമിയിൽ താമസിക്കാൻ കഴിയാത്ത രണ്ട് ഗുണഭോക്താക്കളെ ഓഡിറ്റ് സംഘം കണ്ടെത്തി. ഒരു കുടിലിൽ പരിമിതമായ ജിവാതാവസ്ഥയിൽ അഭയാർഥികളായി കഴിയുന്നു. ഗുണഭോക്താക്കളിൽ ഒരാളായ രജന് തൊമ്മത്തുചാൽ പഞ്ചായത്തിലാണ് 34 സെന്‍റ് ഭൂമി ലഭിച്ചത്. 1.04 ലക്ഷം രൂപക്കാണ് ഭൂമി വാങ്ങിയത്. ഭൂമി വാസയോഗ്യമല്ലാത്തിനാൽ രാജന്‍റെ കുടുംബത്തിന് അവിടെ താമസിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ അദ്ദേഹവും കുടുംബവും അഭയാർഥികൾക്ക് സമാനമായി ജീവിക്കുന്നു.
*. അതുപോലെ മറ്റൊരാളായ കൃഷ്ണന് അമ്പലവയൽ പഞ്ചായത്തിൽ 1.14 ലക്ഷത്തിന് 34 സെൻറ് സ്ഥലവും സുൽത്താൻ ബത്തേരിയിൽ 1.04 ലക്ഷത്തിന് മറ്റൊരു സ്ഥലവും ലഭിച്ചു. ഇത് തികച്ചും വ്യത്യസ്തമായ ഭൂമിശാസ്ത്ര മേഖലകളാണ്. അത് ഫലത്തിൽ അദ്ദേഹത്തിന് ഉപയോഗിക്കാൻ കഴിയില്ല. കല്ലൂരിലെ സൗത്ത് മലബാർ ഗ്രാമിൺ ബാങ്കിൽ 10 ലക്ഷം അദ്ദേഹത്തിന്‍റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നു. എന്നാൽ, ഇന്ന് ബാക്കി 4381 രൂപയാണുള്ളത്. പണം കണക്കുകൂട്ടാൻ അറിയില്ലാത്തതിനാൽ ബ്രോക്കർമാർ തുക പിൻവലിച്ചു. ഭൂമിക്ക് എത്ര രൂപ വിലനൽകിയെന്ന പോലും കൃഷ്ണന് അറിയില്ല. ഈ രണ്ട് ഗുണഭോക്താക്കളും കട്ടുനായക വിഭാഗത്തിലുള്ളവരാണ്. പ്രോജക്ട് ഓഫീസർ, കളക്ടർ തുടങ്ങിയവർ അടങ്ങുന്ന മോണിറ്ററിംഗ് സംവിധാനം ഇവിടെ നിശബ്ദരാണ്. ഭൂമി വാങ്ങുന്നതിന് 10 ലക്ഷം സഹായം നൽകി. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരുടെ ഇരപിടിത്തതിന് ആദിവാസികളെ വിട്ടുകൊടത്തതിൽ പട്ടികവർഗ വകുപ്പിന് വലിയ പങ്കുണ്ട്. വേട്ടക്കാരുടെ പിടിയിൽ നിന്ന് അവരെ രക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർ ഒന്നും ചെയ്തില്ല. നിസഹായരായ ആദിവാസികൾ അവരുടെ ബന്ധുക്കളുടെ വാസസ്ഥലങ്ങളിൽ പരിമിതമായ ഭൂമിയിലെ കുടിലുകളിൽ അഭയം തേടി. ഇക്കാര്യത്തിൽ മനുഷ്യാവകാശ കമീഷൻ ഡി.എഫ്.ഒക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
* സ്ഥലം വാങ്ങിയ സമയത്ത് സർവേക്ക് 10,000 രൂപ ബ്രോക്കർമാർക്ക് കൈമാറിയതായി ആദിവാസികൾ പറയുന്നു. അതേസമയം ഗോത്ര ഗുണഭോക്താക്കളെ സർവേ ചാർജുകളിൽ നിന്ന് സർക്കാർ ഒഴിവാക്കിയെന്നാണ് പ്രോജക്ട് ഓഫീസർ അറിയിച്ചത്.
* ആദിവാസികളെ വേട്ടക്കാരിൽ നിന്ന് സംരക്ഷിക്കാൻ ഫലപ്രദമായ ഇടപെടൽ പ്രോജക്ട് ഓഫീസോ മറ്റ് സർക്കാർ സംവിധാനമോ സ്വീകരിച്ചില്ലെന്നാണ് എ.ജി. ഓഡിറ്റ് കണ്ടെത്തിയത്. ആധുനിക കാലത്തും സംസ്ഥാനത്തെ ആദിവാസികൾ സർക്കാർ പദ്ധതികളുടെ ഇരകാളായി മറുന്നതിന്‍റെ നേർ സാക്ഷ്യമാണ് എ.ജിയുടെ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.