നിലമ്പൂരിൽ വനാവകാശം നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വൻവീഴ്ച വരുത്തിയെന്ന് എ.ജി
text_fieldsതിരുവനന്തപുരം:വനാവകാശ നിയമം നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വൻവീഴ്ച വരുത്തിയെന്ന് എ.ജി റിപ്പോർട്ട്. നിലമ്പൂരിൽ ആദിവാസികൾക്ക് ഭൂമിയുടെ കൈവശവകാശം വിട്ടുനൽകാൻ വനംവകുപ്പ് തയാറായിട്ടില്ല. 2006 ൽ പാർലമന്റെ് പാസാക്കിയ വനാവകാശ നിയമം ഇപ്പോഴും ഫയലുകളിൽ ഉറങ്ങുകയാണ്.
നിയമപ്രകാരം വനഭൂമിയുടെ അവകാശവാദം ഊരുകൂട്ടത്തിൽ ഹാജരാക്കണം. അംഗീകൃത ക്ലെയിമുകൾ ആർ.ഡി.ഒ തലത്തിലുള്ള സബ് ഡിവിഷണൽ ലെവൽ കമ്മിറ്റിക്കും സ്വീകാര്യമായ ക്ലെയിമുകൾ കലക്ടർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ, ജില്ലാ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് അംഗങ്ങൾ എന്നിവരടങ്ങുന്ന ഡിവിഷണൽ ലെവൽ കമ്മിറ്റിക്കും കൈമാറണം. നിലമ്പൂർ ഓഫിസിന് കീഴിൽ 51 കോളനികളിലായി 36 വനാവകാശ കമ്മിറ്റികളുണ്ട്.
ഊരുകൂട്ടത്തിൽ 1493-ലധികം അപേക്ഷകൾ ലഭിച്ചെങ്കിലും 948 ഗോത്രവർഗക്കാരെ വനവാസികളായി കണ്ടെത്തി. ഭൂമി വിതരണം ചെയ്തതിന്റെ രേഖകളും അവകാശത്തിന്റെ രേഖയും എ.ജി പരിശോധിച്ചു. പല ഗോത്രങ്ങൾക്കും അവർ നിലവിൽ അനുഭവിച്ചിരുന്ന ഭൂമി നഷ്ടപ്പെട്ടുവെന്നാണ് കണ്ടെത്തിയത്. വനാവകാശ (എഫ്.ആർ) നിയമത്തെക്കുറിച്ചും അതു പ്രകാരം ആവാസവ്യവസ്ഥക്കുമേലുള്ള അവകാശത്തെക്കുറിച്ചും ആദിവാസികൾ അറിയില്ല.
നിലമ്പൂർ പ്രോജക്ട് ഓഫീസറുടെ അധികാരപരിധിയിൽ വരുന്ന വനവാസികളായ പണിയ, ചോല നായകർ, കാട്ടുനായ്ക്കർ എന്നീ ഗോത്രങ്ങൾക്ക് നിയമത്തെക്കുറിച്ച് ശരിയായ ധാരണയില്ല. വനഭൂമി വിതരണം ചെയ്ത 948 ഗോത്രങ്ങളിൽ നിന്ന് 183 ഗോത്രങ്ങൾക്ക് 10 സെന്റിൽ താഴെ മാത്രം ഭൂമി പതിച്ചുനൽകിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ആദിവാസികളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തു. ഒരു സെ ന്റിന് താഴെ- ഒരാൾക്ക്, അഞ്ചു സെ ന്റിന് താഴെ- 69, അഞ്ച്- 10 സെ ന്റ് വരെ -113, 10- 20 സെ ന്റ് വരെ- 146 പേർക്ക് എന്നിങ്ങനെയാണ് അവകാശരേഖ നൽകിയത്.
ആദിവാസികൾക്ക് അവർ താമസിക്കുന്ന പ്രദേശത്ത് വനഭൂമി പരമാവധി നാല് ഹെക്ടർ (10 ഏക്കർ)വരെ ലഭിക്കാൻ നിയമപരമായ അർഹതയുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ നിയമം നടപ്പാക്കാൻ തയാറാല്ല. വനം ഉദ്യോഗസ്ഥർ ആദിവാസികളെ പരിമിതമായ ഭൂമിയിക്കുള്ളിൽ തളച്ചിടാനാണ് ശ്രമിച്ചത്. നിയമം ഫലപ്രദമായി നടപ്പാക്കുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തി. വനാവകാശ (എഫ്.ആർ) നിയമത്തിന്റെ അന്തസത്തയുടെ പൂർണമായ ലംഘനമാണ് നിലമ്പൂരിൽ നടന്നതെന്ന് റിപ്പോർട്ട് അടിവരയിട്ട് രേഖപ്പെടുത്തി. ഭരണതലത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ വളരെ പരിമിതമായ ഭൂപ്രദേശങ്ങൾക്കുള്ളിൽ ആദിവാസികൾക്ക് തടവറയൊരുക്കി.
നിയമം നടപ്പാക്കുന്നതിന് മുമ്പ് ആദിവാസികൾക്കിടയിൽ എഫ്.ആർ നിയമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ പട്ടികവർഗ വകുപ്പും സർക്കാർ സംവിധാനവും പരാജയപ്പെട്ടു. അതിനാൽ, വനാവകാശ നിയമം യഥാർഥത്തിൽ രൂപകൽപ്പന ചെയ്ത ഭൂമിയുടെ വിസ്തൃതി കൈവശം വെക്കാനുള്ള അവരുടെ അവകാശം അവർക്ക് നിഷേധിച്ചു. നിലവിൽ ഗോത്രവർഗക്കാർക്കിടയിൽ ബോധവൽക്കരണ പരിപാടികൾ വികസിപ്പിച്ച് നടപ്പിലാക്കിയിട്ടുണ്ടെന്നും ഗോത്രക്കാർ അപേക്ഷകൾ വീണ്ടും സമർപ്പിക്കുകയും അതനുസരിച്ച് ഭൂമി വിതരണം ചെയ്യുമെന്നുമാണ് ഉദ്യോഗസ്ഥർ എ.ജിക്ക് നൽകിയ മറുപടി. ആ ഉറപ്പ് ഇപ്പോഴും പാലിച്ചിട്ടില്ലെന്നാണ് നിലമ്പൂരിൽ നിന്ന് ഉയരുന്ന് ആദിവാസികളുടെ നിലവിളകൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.