തിരുവല്ലയിൽ ഭൂപരിധി ലംഘിച്ച് 115 ഏക്കർ കെ.പി. യോഹന്നാൻ കൈവശം വെച്ചിരിക്കുന്നുവെന്ന് എ.ജി
text_fieldsകോഴിക്കോട്: തിരുവല്ലയിൽ ഭൂപരിധി വ്യവസ്ഥ ലംഘിച്ച് 115 ഏക്കർ ബിലീവേഴ്സ് ചർച്ച് ബിലീവേഴ്സ് ചർച്ച് സഭാധിപൻ ഡോ. കെ.പി. യോഹന്നാൻ മെത്രാപ്പോലീത്ത കെ.പി. യോഹന്നാൻ കൈവശം വെച്ചിരിക്കുന്നുവെന്ന് അക്കൗണ്ടന്റ് ജനറലിന്‍റെ (എ.ജി) റിപ്പോർട്ട്. പരിശോധനയിൽ കുട്ടപ്പുഴ വില്ലേജിൽ 88.41ഏക്കറും തിരുവല്ലയിൽ 4.25 ഏക്കറും പരിധിയിൽ കവിഞ്ഞ ഭൂമിയുള്ളതായി കണ്ടെത്തി. കവിയൂർ, നിരണം, കടപ്ര, നെടുമ്പുറം എന്നീ വില്ലേജുകളിലും ഭൂപരിധി ലംഘിച്ച് കെ.പി. യോഹന്നാൻ ഭൂമി വാങ്ങിയതായി എ.ജിയുടെ പരിശോധനയിൽ കണ്ടെത്തി.
മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലും പരിധിയിൽ കവിഞ്ഞ് ഭൂമി അദ്ദേഹത്തിന്റെ കൈവശമുണ്ടെന്ന് താലൂക്ക് ലാൻഡ് ബോർഡിലെ രേഖകളുടെ പരിശോധനയിൽ വ്യക്തമായി. കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വകുപ്പ് 85 പ്രകാരം ഒരാൾക്ക് സീലിങ് ഏരിയയിൽ അധികമുള്ള ഭൂമി സർക്കാരിന് സമർപ്പിക്കണം. സീലിങ് കേസുകളിൽ കക്ഷികൾ സറണ്ടർ ചെയ്യേണ്ട മിച്ചഭൂമി നിർണയിക്കുന്ന അതോറിറ്റിയാണ് താലൂക്ക് ലാൻഡ് ബോർഡ് (ടി.എൽ.ബി).
ഭൂ പരിഷ്കരണ നിയമത്തിലെ വകുപ്പ് 82 പ്രകാരം ഒരാൾക്ക് പരമാവധി സാധാരണ 15 ഏക്കർ ഭൂമി മാത്രമേ കൈവശം വെക്കാൻ കഴിയൂവെന്നാണ് വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥകളെല്ലാം സംസ്ഥാനത്ത് കാറ്റിൽപ്പറത്തുകയാണ് വൻകിടക്കാർ. എ.ജി നടത്തിയ പരിശോധനയിൽ പലജില്ലകളിലിലും ഡസൻ കണക്കിനാളുകൾ ഭൂപരിധി ലംഘിച്ച് അധികഭൂമി കൈവശം വെച്ചിട്ടുണ്ട്. അതിലൊരാളാണ് തിരുവല്ലയിലെ കെ.പി. യോഹന്നാൻ. അദ്ദേഹം അധികമായി കൈവശം വെച്ചിട്ടും നടപടി എടുക്കാൻ തിരുവല്ല താലൂക്ക് ബോർഡിന് കഴിയുന്നില്ല.
സീലിങ് പരിധിയിൽ കൂടുതൽ ഭൂമി കൈവശം വച്ചിരിക്കുന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന ലാൻഡ് ബോർഡ് തിരുവല്ല തഹസിൽദാർക്ക് നിർദേശം നൽകി. താലൂക്ക് ഓഫിസിലെ ഉദ്യോഗസ്ഥനെ ഉൾപ്പെടുത്തി തിരുവല്ല ടീമിനെ രൂപീകരിച്ചു. സംസ്ഥാനത്തുടനീളമുള്ള ഭൂമി സംബന്ധിച്ച വിശദാംശങ്ങൾ തിരുവല്ല ടീം ശേഖരിക്കുകയും കരട് പ്രസ്താവന തയാറാക്കുകയും ചെയ്തു.
എന്നാൽ, തഹസിൽദാർ ഇതുവരെ തിരുവല്ല താലൂക്കിൽ മാത്രം കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ വിശദാംശങ്ങളാണ് കൈമാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ കെ.പി. യോഹന്നാൻ കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ വിശദാംശങ്ങൾ ടി.ഐ.ബിക്ക് സമർപ്പിച്ചിട്ടില്ല. തിരുവല്ല താലൂക്ക് ലാൻഡ് ബോർഡിൽ ഇതു സംബന്ധിച്ച് കേസ് തുടങ്ങിയത് 2012ലാണെന്ന് രേഖകൾ പറയുന്നു.
ഇക്കാര്യത്തിൽ താലൂക്ക് ഓഫിസിന് ഉന്നത ഉദ്യോഗസ്ഥർ അടിയന്തരമായി ആവശ്യമായ നിർദേശങ്ങൾ നൽകണം. ഇതുവരെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ മിച്ചഭൂമി സംബന്ധിച്ച് കണക്കുകളും കരട് പ്രസ്താവനയും ടി.എൽ.ബിക്ക് സമർപ്പിക്കണം. സീലിങ് കേസിൽ നടപടിയെടുക്കണം. മിച്ചഭൂമി സറണ്ടർ ചെയ്യാൻ ഉടമക്ക് നോട്ടീസ് നൽകണം. ഇതെല്ലാം റവന്യൂ അധികാരികൾ നിയമപരമായി സ്വീകരിക്കേണ്ട നടപടികളാണെന്ന് എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.