വീണ്ടും കെ-റെയിൽ സർവേ കല്ലിടൽ; കഴക്കൂട്ടത്ത് നാട്ടുകാർ തടഞ്ഞു; ചവിട്ടി പൊലീസ്
text_fieldsകഴക്കൂട്ടം (തിരുവനന്തപുരം): കെ-റെയിൽ കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞവർക്കെതിരെ ബലം പ്രയോഗിച്ച പൊലീസ് സമരക്കാരെ ബൂട്ടിട്ട് ചവിട്ടിവീഴ്ത്തി. കണിയാപുരം കരിച്ചാറയിൽ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പ്രതിരോധം സൃഷ്ടിച്ചതോടെ ഉദ്യോഗസ്ഥർ പിൻവാങ്ങി. സമരക്കാരും പൊലീസുമായി ഏറെനേരം സംഘർഷം നടന്നു. പൊലീസ് ബൂട്ടിട്ടു ചവിട്ടി വീഴ്ത്തിയ ജോയി ബോധരഹിതനായി. ചവിട്ടേറ്റ് റോഡിൽ വീണു കിടന്നിട്ടും പൊലീസ് മർദനം തുടരുകയായിരുന്നു. മംഗലപുരം സ്റ്റേഷനിലെ ഷെബീർ എന്ന പൊലിസുകാരന്‍റെ അതിക്രമം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഉന്നത ഉദ്യോഗസ്ഥർ വിലക്കിയിട്ടും ഇയാൾ മർദനം തുടരുകയായിരുന്നു.
സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ പ്രകോപനമില്ലാതെ നടന്ന പൊലീസ് നടപടിയിൽ ഡി.സി.സി. വൈസ് പ്രസിഡന്‍റ് എം. മുനീർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം കുഴിവിള വീട്ടിൽ ജോയി (46), പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം ശ്രീപാദം വീട്ടിൽ എസ്.കെ. സുജി (48) എന്നിവരെ അണ്ടൂർക്കോണം കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്ത്രീകൾ ഉൾപ്പെടെ നിരവധി സമരസമിതി പ്രവർത്തകർക്കു മർദനമേറ്റു. കല്ലിടൽ പ്രവൃത്തി ഇടവേളക്കു ശേഷം വ്യാഴാഴ്ച കരിച്ചാറയിലാണ് പുനരാരംഭിച്ചത്. ഡെപ്യൂട്ടി തഹസിൽദാർ ഷിബുകുമാറിന്‍റെയും ഹെഡ് സർവേയർ രാജേന്ദ്രന്‍റെയും നേതൃത്വത്തിൽ വീടിനുള്ളിൽ കല്ല് സ്ഥാപിക്കാൻ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. ഇവരെ പൊലീസ് സഹായത്തോടെ തള്ളിമാറ്റി കല്ലിടാൻ ശ്രമിച്ചതോടെ നാട്ടുകാർ സംഘടിച്ചെത്തി പ്രതിഷേധിച്ചു. അനധികൃത കല്ലിടൽ അനുവദിക്കില്ലെന്ന് പറഞ്ഞു പ്രതിഷേധിച്ച അവർ ഉദ്യോഗസ്ഥരെ തടഞ്ഞു. ഇതോടെയാണ് പൊലീസ് ബലപ്രയോഗം നടത്തിയത്. സംഘർഷത്തെ തുടർന്ന് ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ ഉദ്യോഗസ്ഥർ കല്ലിടാതെ മടങ്ങി.
സമരക്കാരന്റെ കൈയിൽനിന്ന് കോൺഗ്രസ് പതാക പൊലീസ് ബലമായി പിടിച്ചുവാങ്ങി നശിപ്പിച്ചതായും പതാക നിലത്തിട്ട് ചവിട്ടി അരിശം തീർത്തതായും നേതാക്കൾ ആരോപിച്ചു. മുനീർ, പൊടിമോൻ അഷറഫ്, ബാഹുൽക്കൃഷ്ണ, പഞ്ചായത്ത് അംഗം അർച്ചന തുടങ്ങിയവർക്കും ആക്രമണത്തിൽ പരിക്കേറ്റു. എന്നാൽ, ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും മനഃപൂർവം ആരെയും മർദിച്ചിട്ടില്ലെന്നും മംഗലപുരം ഇൻസ്പെക്ടർ എസ്.എച്ച്. സജീഷ് പറഞ്ഞു.
മാർച്ചിൽ പ്രദേശത്ത് കെ-റെയിലിനായി സ്ഥാപിച്ച കല്ലുകൾ യു.ഡി.എഫ് കൺവീനർ എം.എം. ഹസന്‍റെ നേതൃത്വത്തിൽ പിഴുതെറിഞ്ഞിരുന്നു. മാർച്ച് 25നാണ് കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കെ-റെയിൽ വിശദീകരണയോഗം ആരംഭിച്ചതോടെയാണ് കല്ലിടലും തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.