സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും ‘ക്വട്ടേഷൻ’ ചർച്ചകൾ
text_fieldsകണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും ‘സ്വർണക്കടത്ത് -ക്വട്ടേഷൻ’ ചർച്ചകൾ. മാഫിയ ബന്ധമുള്ളവരെ പാർട്ടി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയംഗം മനു തോമസ് പുറത്തായതോടെയാണ് ചില നേതാക്കളുടെ വഴിവിട്ട ബന്ധങ്ങൾ വീണ്ടും ചർച്ചയാവുന്നത്.
തെറ്റ് തിരുത്തുന്നതിനു പകരം തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയാണ് പാർട്ടിയെന്നും ഇതിൽ മനംമടുത്താണ് പാർട്ടിയിൽനിന്ന് പുറത്തായ സാഹചര്യമുണ്ടായതെന്നുമാണ് മനു തോമസ് പറയുന്നത്.
രണ്ടുതവണ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല പ്രസിഡന്റ് കൂടിയായ യുവനേതാവിന്റെ ആരോപണം വീണ്ടും തലപൊക്കിയത് പാർട്ടിയെ കുഴക്കുകയാണ്. സി.പി.എം ജില്ല കമ്മിറ്റിയംഗത്തിന് സ്വർണക്കടത്ത് -ക്വട്ടേഷൻ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പണപ്പിരിവ് നടത്തുന്നുണ്ടെന്നും കാണിച്ച് ജില്ല കമ്മിറ്റിക്കാണ് മനു തോമസ് ആദ്യം പരാതി നൽകിയത്.
മാസങ്ങളായിട്ടും തുടർ നടപടികളില്ലാത്തതിനാൽ സംസ്ഥാന കമ്മിറ്റിക്ക് കത്ത് നൽകി. സംസ്ഥാന കമ്മിറ്റി കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തത്. സെക്രട്ടേറിയറ്റിലെ മുതിർന്ന അംഗം എം. സുരേന്ദ്രനെ അന്വേഷണ കമീഷനായി നിയമിച്ചു.
തുടർ നടപടികളൊന്നുമില്ലാതിരുന്നതോടെ മനുതോമസ് പാർട്ടിയിൽ നിർജീവമാവുകയും അംഗത്വം പുതുക്കാതെ പുറത്താവുകയും ചെയ്തു. ശനി, ഞായർ ദിവസങ്ങളിൽ നടന്ന ജില്ല സമിതി യോഗത്തിൽ ഇദ്ദേഹത്തിന് പകരം പുതിയയാളെ ജില്ല കമ്മിറ്റിയിലേക്ക് എടുക്കുകയും ചെയ്തതോടെയാണ് വിഷയം വീണ്ടും സജീവമായത്.
ആകാശ് തില്ലങ്കേരി ഉൾപ്പെടുന്ന സ്വർണക്കടത്ത് -ക്വട്ടേഷൻ സംഘങ്ങളുമായി ചിലർക്ക് ബന്ധമുണ്ടെന്ന പരാതി നേരത്തേയും ഉയർന്നിരുന്നു. ക്വട്ടേഷൻ സംഘവുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പയ്യന്നൂർ സ്വദേശിയായ ഡി.വൈ.എഫ്.ഐ നേതാവ് സി.പി.എം ജില്ല കമ്മിറ്റിക്ക് കൈമാറിയിരുന്നു. അന്നും വിഷയം ജില്ല കമ്മിറ്റി ഗൗരവത്തിലെടുത്തില്ലെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.