അട്ടപ്പാടി മല്ലീശ്വരിയുടെ വീട് നിർമാണം തടഞ്ഞ് അഗളി പഞ്ചായത്ത്
text_fieldsകോഴിക്കോട് : അട്ടപ്പാടി പൊലീസ് സ്റ്റേഷന് സമീപം കുടുംബ ഭൂമിയിൽ ആദിവാസിയായ മല്ലീശ്വരിയുടെ വീട് നിർമാണത്തിനെതിരെ അഗളി ഗ്രാമ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. റവന്യൂ വകുപ്പും അഗളി പൊലീസും ആദിവാസികൾ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാതെ ഗ്രാമ പഞ്ചായത്തുമായി ചേർന്ന് ആദിവാസികൾക്കെതിരെ പ്രവർത്തിക്കുകയാണെന്ന് അഗളി മേലെ ഊരിലെ മല്ലീശ്വരി മാധ്യമം ഓൺ ലൈനോട് പറഞ്ഞു.
സർക്കാർ സഹായത്തോടെ വീട് നിർമിക്കുന്നത് അടിസ്ഥാനം നിർമിക്കുമ്പോഴാണ് അഗളി ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയത്. അതാനിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നേരിട്ട് എത്തിയിരുന്നു. ഇതിന് ശേഷം രാത്രി വീടിനുള്ള അടിസ്ഥാനം നിർമിക്കുന്നതിന് കുഴിച്ച സ്ഥലം മണ്ണിട്ട് മൂടി. പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്തിയാലും പിൻവാങ്ങില്ലെന്ന് മല്ലീശ്വരി പറഞ്ഞു.
അഗളി വില്ലേജിൽ ഉൾപ്പെട്ട സർവേ നമ്പർ 1129/2 ൽ ഉൾപ്പെട്ട 5.60 ഏക്കർ ഭൂമിക്ക് മുത്തച്ഛന് 1975 ൽ പട്ടയം ലഭിച്ച ഭൂമിയാണ്. അത് ആർക്കും വിട്ടുകൊടുക്കാനാവില്ല. ആദിവാസികൾക്ക് സ്വന്തം ഭൂമിയിൽ കയറാൻ ആരുടെ അനുമതി ആവശ്യമില്ല. ഗ്രാപഞ്ചയത്ത് സെക്രട്ടറി 15 ദിവസത്തിനകം ഭൂമിയുടെ രേഖകൾ ഹാജരാക്കണമെന്നാണ് നിർദേശം നൽകിയത്. ഭൂമിയിൽ വീട് വെക്കുന്നതിന് സർക്കാരാണ് തുക അനുവദിച്ചത്. അതിന്റെ ആദ്യ ഗഡു വാങ്ങിയാണ് വീടിനുള്ള അടിസ്ഥാനം പണിയാൻ കല്ലിറക്കിയത്. വീട് വെക്കാൻ ഗ്രാമപഞ്ചായത്ത് അനുവദിച്ചില്ലെങ്കിൽ ഷെഡ് കെട്ടി ഭൂമിയിൽ താമസിക്കുമെന്ന് മല്ലീശ്വരി മാധ്യമം ഓൺലൈനോട് പറഞ്ഞു.
ഭൂമി കൈയേറുന്നതിനെതിരെ ആദിവാസി കുടുംബം മുഖ്യമന്ത്രിക്ക് നേരത്തെ പരാതി അയച്ചിരുന്നു. മല്ലീശ്വരിയും കുടുംബവുമാണ് മുത്തച്ഛൻ പോത്തയുടെ പേരിൽ പട്ടയമുള്ള ഭൂമിയിലെ വേലി പൊളിച്ചതിനെതിരെ പരാതി നൽകിയത്. ആദിവാസികൾ ഭൂമിയിൽ വേലികെട്ടിയതോടെയാണ് എതിർപ്പ് ഉയർന്നത്. ആദിവാസികൾ കെട്ടിയ വേലി മുഖംമൂടി ധരിച്ചവർ രാത്രി പൊളിച്ചിരുന്നു.
വേലിപൊളിച്ചതിനെതിരെ പൊലീസിന് നൽകിയ പരാതിയിൽ താലൂക്ക് -വില്ലേജ് രേഖകളിൽ ഈ ഭൂമി പോത്തക്ക് പട്ടയം കിട്ടിയ ഭൂമിയാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. പോത്ത മരിക്കുന്നതുവരെ ആർക്കും ഭൂമി വിറ്റിട്ടില്ല. പോത്തയുടെ മരണശേഷമാണ് ചിലർ ഭൂമി കൈയേറിയത്. ഇതിനെതിരെ പാലക്കാട് കലക്ടർക്കും ആദിവാസികൾ പരാതി നൽകിയിരുന്നു. എന്നാൽ, റവന്യൂ അധികൃതരും നടപടി സ്വീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.