വ്യാജ സർട്ടിഫിക്കറ്റ്: കേസ് അഗളി പൊലീസിന് കൈമാറാനുള്ള നീക്കം വിവാദത്തിൽ
text_fieldsഅഗളി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച സംഭവത്തിൽ കേസന്വേഷണം അഗളി പൊലീസിന് കൈമാറാനുള്ള തീരുമാനം വിവാദത്തിൽ.
അട്ടപ്പാടി ഗവ. കോളജിൽ നടന്ന മലയാളം ഗെസ്റ്റ് ലെക്ചറർ അഭിമുഖത്തിൽ പങ്കെടുക്കവേയാണ് മഹാരാജാസ് കോളജ് പൂർവവിദ്യാർഥിനി കെ. വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഹാജറാക്കിയത്. എന്നാൽ, അട്ടപ്പാടി ഗവ. കോളജ് അധികൃതർ വിദ്യക്കെതിരെ പരാതി നൽകാൻ തയാറായിട്ടില്ല. അട്ടപ്പാടിയിൽ പരാതി ഇല്ലാത്ത സാഹചര്യത്തിൽ അന്വേഷണം അഗളി പൊലീസ് എങ്ങനെ നടത്തുമെന്ന ചോദ്യമാണ് ഉയരുന്നത്.
നിലവിൽ മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ പരാതിയിൽ വിദ്യക്കെതിരെ 1717/23 ആയി എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഐ.പി.സി 455, 468, 471 എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ഇത്. നിലവിൽ കേസന്വേഷണം ഏറ്റെടുക്കാനുള്ള നിർദേശം അഗളി പൊലീസിന് ലഭിച്ചിട്ടില്ല. ഇന്നോ നാളെയോ ലഭിക്കുമെന്നാണ് സൂചന.
പിഎച്ച്.ഡി: വിദ്യയുടെ ഗൈഡ് പിന്മാറി
കൊച്ചി: വ്യാജ രേഖയുണ്ടാക്കി ഗെസ്റ്റ് ലെക്ചറർ നിയമനം നേടിയെന്ന കേസിൽ പ്രതിയായ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയുടെ പിഎച്ച്.ഡി ഗൈഡ് ബിച്ചു എക്സ്. മലയിൽ പിന്മാറി. കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗവും മലയാളം വിഭാഗം മേധാവിയുമാണ് ബിച്ചു. ഗുരുതര ആരോപണമാണ് ദിവ്യക്കെതിരെയെന്നും നിരപരാധിത്വം തെളിയിക്കുന്നതുവരെയാണ് മാറിനിൽക്കുന്നതെന്നും അവർ പറഞ്ഞു.
വിദ്യ കണ്ണൂർ സർവകലാശാല മൂല്യനിർണയ ക്യാമ്പിലും പങ്കെടുത്തു
കണ്ണൂര്: എറണാകുളം മഹാരാജാസ് കോളജിലെ അധ്യാപന പരിചയ രേഖ വ്യാജമായുണ്ടാക്കി അധ്യാപികയായ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ കണ്ണൂർ സർവകലാശാലയുടെ മൂല്യനിർണയ ക്യാമ്പിലും പങ്കെടുത്തു. 2021 -22 വർഷത്തെ ഒന്ന്, രണ്ട്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പിലാണ് ഇവർ പങ്കെടുത്തത്.
കാസർകോട് കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ അസി. പ്രഫസർ എന്ന നിലക്കാണ് മൂല്യനിർണയ ക്യാമ്പിലെത്തിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു പരീക്ഷ. മൂന്നുവർഷമെങ്കിലും അധ്യാപന പരിചയം വേണമെന്ന ചട്ടം ലംഘിച്ചാണ് ഇവരെ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുപ്പിച്ചതെന്നാണ് ആരോപണം.
അതേസമയം, കോളജ് പ്രിൻസിപ്പൽമാർ നൽകുന്ന പട്ടികയിൽനിന്നാണ് മൂല്യനിർണയത്തിനുള്ള അധ്യാപകരെ തെരഞ്ഞെടുക്കുന്നതെന്നും ഇത്തരം ആളുകളെ എങ്ങനെ നിയമിച്ചുവെന്ന് അന്വേഷിക്കാറില്ലെന്നും കണ്ണൂർ സർവകലാശാല അധികൃതർ വ്യക്തമാക്കി. ഗെസ്റ്റ് ലെക്ചറർ ആണെങ്കിലും മിക്കവരും വിവിധ കോളജുകളിലായി മൂന്നുവർഷത്തിലധികം പരിചയമുണ്ടാവാറുണ്ട്. ഇതെല്ലാം പ്രിൻസിപ്പലാണ് നോക്കേണ്ടതെന്നും ജോലിയിൽനിന്ന് വിട്ടശേഷം മൂല്യനിർണയ പാനലിൽനിന്ന് ഇവരെ ഒഴിവാക്കിയിട്ടുണ്ടെന്നും സർവകലാശാല അറിയിച്ചു.
കാലടി സർവകലാശാലയിൽ വിദ്യ എം.ഫിലിന് പ്രവേശനം നേടിയത് വിവാദമായിരുന്നു. മഹാരാജാസ് കോളജിൽ ജോലിചെയ്തെന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി കോളജുകളിൽ ഗെസ്റ്റ് ലെക്ചറർ ആയി നിയമനം നേടിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.