സ്ഥാനാർഥിപ്പട്ടികയിൽ അവഗണനയെങ്കിലും വോട്ടർപട്ടികയിൽ യുവത്വം ‘കോടി ക്ലബിൽ’
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പ് ഗോദയിലെ പ്രധാന മുന്നണികളായ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ എന്നിവയുടെ സ്ഥാനാർഥിപ്പട്ടികയിൽ യുവാക്കൾക്ക് വേണ്ടത്ര പ്രാതിനിധ്യം കിട്ടിയില്ലെങ്കിലും വോട്ടർപട്ടികയിൽ യുവത്വം ‘കോടി ക്ലബിൽ’. തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ 1.04 കോടി യുവ വോട്ടർമാരും 1.10 കോടി മധ്യവയസ്കരായ വോട്ടർമാരും 63 ലക്ഷം മുതിർന്ന വോട്ടർമാരുമാണുള്ളത്. ജനുവരിയിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണം കോടിക്ക് താഴെയായിരുന്നു. കൂട്ടിച്ചേർക്കലോടെയാണ് കോടി കടന്നത്.
അതേസമയം, മൂന്നു മുന്നണികളുടെയും സ്ഥാനാർഥിപ്പട്ടിക പരിശോധിച്ചാൽ അറുപതിൽ കേവലം എട്ടുപേർ മാത്രമാണ് യുവനിരയിൽ നിന്നുള്ളവർ. യു.ഡി.എഫിന്റെ ആലത്തൂർ, എറണാകുളം, വടകര എന്നിവിടങ്ങളിലെ സ്ഥാനാർഥികളായ രമ്യ ഹരിദാസ്, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എൽ.ഡി.എഫിന്റെ മലപ്പുറം, മാവേലിക്കര എന്നിവിടങ്ങളിലെ സ്ഥാനാർഥികളായ വി. വസീഫ്, സി.എ. അരുൺകുമാർ, എൻ.ഡി.എയുടെ കാസർകോട്, വടകര, പത്തനംതിട്ട എന്നിവിടങ്ങളിലെ സ്ഥാനാർഥികളായ എം.എൽ. അശ്വനി, പ്രഫുൽ കൃഷ്ണൻ, അനിൽ ആന്റണി എന്നിവരാണിവർ.
20ൽ 12 ഇടത്ത് അമ്പത് കടന്നവരാണ് പ്രധാന മൂന്ന് സ്ഥാനാർഥികളുമെന്ന പ്രത്യേകതയുമുണ്ട്. വോട്ടർപട്ടികയിൽ അമ്പത് കഴിഞ്ഞവരുടെ എണ്ണം 1,14,41,107 ആണ്. 70 കഴിഞ്ഞവരുടെ എണ്ണം കാൽ കോടിക്ക് മുകളിലാണെന്നിരിക്കെ (25,94,900) 60ൽ 11 സ്ഥാനാർഥികൾ 70 കഴിഞ്ഞവരാണ്. എൽ.ഡി.എഫിന്റെ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലെ സ്ഥാനാർഥികളായ പന്ന്യൻ രവീന്ദ്രൻ, തോമസ് ചാഴികാടൻ, ടി.എം. തോമസ് ഐസക്, എളമരം കരീം, എം.വി. ബാലകൃഷ്ണൻ എന്നിവരും യു.ഡി.എഫിന്റെ കണ്ണൂർ, മലപ്പുറം, ചാലക്കുടി, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലെ സ്ഥാനാർഥികളായ കെ. സുധാകരൻ, ഇ.ടി. മുഹമ്മദ് ബഷീർ, ബെന്നി ബഹനാൻ, എം.കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരും എൻ.ഡി.എയുടെ മലപ്പുറത്തെ സ്ഥാനാർഥി എം. അബ്ദുസ്സലാമും എഴുപത് പിന്നിട്ടവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.