വരുന്നു വയോജന കമീഷൻ
text_fieldsഇന്ത്യയിൽ തന്നെ ആദ്യമായി കേരളത്തിൽ വയോജന കമീഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ മുതിര്‍ന്ന പൗരന്മാരുടെ ഏറെക്കാലത്തെ ആവശ്യത്തിന് പരിഹാരമാകും
കേരളത്തിലെ വയോജന സമൂഹത്തിന്റെ ഏറെക്കാലമായുള്ള പ്രതീക്ഷ യാഥാർഥ്യമാവുകയാണ്. സംസ്ഥാന വയോജന കമീഷൻ രൂപവത്കരിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. അവഗണന, ചൂഷണം, അനാഥത്വം തുടങ്ങി വയോജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ചാണ് അടിയന്തരമായി കമീഷൻ രൂപവത്കരിക്കുന്നതിന് ഓർഡിനൻസിറക്കുന്നത്.
കമീഷന്റെ ലക്ഷ്യങ്ങൾ
വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി മാർഗനിർദേശങ്ങൾ നൽകുകയും സഹായിക്കുകയുമാണ് കമീഷന്റെ പ്രധാന ലക്ഷ്യം. സർക്കാറുമായി സഹകരിച്ച് വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുക, നിയമസഹായം ലഭ്യമാക്കുക, വയോജനങ്ങളുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുക, വയോജന ക്ഷേമവുമായി ബന്ധപ്പെട്ട് സർക്കാർ ഏൽപിക്കുന്ന മറ്റ് ചുമതലകൾ നിർവഹിക്കുക എന്നിവയും കമീഷന്റെ കർത്തവ്യമായിരിക്കും.
ഏതൊരു അന്വേഷണത്തിലും കമീഷന്റെ തീരുമാനങ്ങൾ അതിന്റെ ശിപാർശ സഹിതം ഉചിതമായ നടപടിക്കായി സർക്കാറിലേക്ക് അയക്കാം.
കമീഷനിൽ വയോജനങ്ങൾ മാത്രം
വയോജന കമീഷനിൽ ഒരു ചെയർപേഴ്‌സനും മൂന്നിൽ കവിയാത്ത അംഗങ്ങളും ഉണ്ടായിരിക്കണമെന്നാണ് നിർദിഷ്ട ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നത്.ചെയർപേഴ്‌സൻ ഉൾപ്പെടെ കമീഷനിൽ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങൾ ആയിരിക്കും. അവരിൽ ഒരാൾ പട്ടികജാതിയിലോ പട്ടികഗോത്രവർഗത്തിലോ പെട്ടയാളും മറ്റൊരാൾ വനിതയും ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
സർക്കാർ അഡീഷനൽ സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളാവും കമീഷൻ സെക്രട്ടറി. നിയമ വകുപ്പ് ജോയന്റ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമീഷൻ രജിസ്ട്രാറായും സർക്കാർ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമീഷൻ ഫിനാൻസ് ഓഫിസറായും നിയമിക്കണമെന്നാണ് ഗവർണറോട് ശിപാർശ ചെയ്തിട്ടുള്ളത്.
ചെയർപേഴ്‌സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി മൂന്നുവർഷം വരെ ആയിരിക്കും. ചെയർപേഴ്സന് ശമ്പളത്തിനും ബത്തകൾക്കും അർഹതയുണ്ടായിരിക്കും. കമീഷൻ അംഗങ്ങൾക്ക് ഓണറേറിയവും യോഗങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ബത്തയോ സിറ്റിങ് ഫീസോ ലഭിക്കും.
കമീഷന് മുമ്പാകെയുള്ള ഏതെങ്കിലും കാര്യങ്ങൾ നിർവഹിക്കുന്നതിനോ പ്രത്യേക വിഷയം പരിഗണിക്കുന്നതിനോ പ്രസ്തുത വിഷയത്തിൽ പ്രത്യേകമായ അറിവുള്ള രണ്ടിൽ കൂടാത്ത ആളുകളെ പ്രത്യേക ക്ഷണിതാക്കളായി നിയോഗിക്കാം.
സംസ്ഥാനത്ത് വയോജന കമീഷന് രൂപവത്കരിക്കുന്ന കാര്യം ഗവർണറുടെ നയപ്രഖ്യാപന രേഖയിൽ ഇടംപിടിച്ചിരുന്നു.വയോജന സൗഹൃദ സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്കായി കമീഷന്‍ എത്രയും വേഗം യാഥാര്‍ഥ്യമാക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയതിന്റെ ഫലം കൂടിയാണ് പുതിയ ഓർഡിനൻസ്. നവംബർ 27ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്.
ഇന്ത്യയിൽ തന്നെ ആദ്യമായി കേരളത്തിൽ വയോജന കമീഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാരുടെ ഏറെക്കാലത്തെ ആവശ്യത്തിന് പരിഹാരമാകും.
സംവിധാനം ശക്തമാകും
വയോജനങ്ങളുടെ എണ്ണം വർധിച്ചുവരുകയാണ്. ലോകത്ത് 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം 2019ൽ 100 കോടി ആയിരുന്നു. ഇത് 2050ൽ ഏകദേശം 200 കോടിയാകുമെന്നാണ് യു.എൻ അനുമാനം. കേരളത്തിലും വയോജനസംഖ്യ വർധിക്കുകയാണ്. 2030 ആകുന്നതോടെ ജനസംഖ്യയുടെ 25 ശതമാനം വയോജനങ്ങൾ ആകും എന്നാണ് കണക്കാക്കുന്നത്.
വയോജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും വർധിക്കുകയാണ്. ‘പ്രായമായ വ്യക്തിക്ക് ദോഷമോ ദുരിതമോ ഉണ്ടാക്കുന്ന ഒറ്റപ്പെട്ടതോ ആവർത്തിക്കുന്നതോ ആയ പ്രവൃത്തി' എന്നാണ് മുതിർന്നവർക്കെതിരായ അതിക്രമത്തെ യു.എൻ നിർവചിക്കുന്നത്. പ്രായമായവർക്ക് നേരെയുള്ള ശാരീരികമോ ലൈംഗികമോ മാനസികമോ വൈകാരികമോ ആയ പീഡനമോ ചൂഷണമോ വയോജന അതിക്രമത്തിൽപ്പെടും.
സാമ്പത്തികമോ ഭൗതികമോ ആയ ചൂഷണം, ഉപേക്ഷിക്കൽ, അവഗണന, അന്തസ്സും അഭിമാനവും നഷ്ടപ്പെടുത്തുക തുടങ്ങിയവയും വയോജന പീഡനത്തിന്റെ രൂപങ്ങളാണ്. നഴ്‌സിങ് ഹോമുകളിലും വയോജന പരിചരണ കേന്ദ്രങ്ങളിലും വീടുകളിലും വയോജനപീഡനം വർധിക്കുന്നതായി യു.എൻ വ്യക്തമാക്കുന്നു.
മാതാപിതാക്കളുടെ സംരക്ഷണം മക്കളുടെ ഉത്തരവാദിത്തമാണ്. എന്നാൽ, വൃദ്ധരായ മാതാപിതാക്കളുടെ സ്വത്തും സമ്പാദ്യങ്ങളും കിട്ടിയ ശേഷം അവരെ സംരക്ഷിക്കാതിരിക്കുകയും അവഗണിക്കുകയും ചെയ്യുന്ന മക്കളുണ്ട്. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും തെരുവിലും മറ്റും ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെ എണ്ണം കൂടുകയാണ്.
മുതിർന്നവർക്കെതിരെയുള്ള പീഡനങ്ങളും ചൂഷണവും തടയുന്നതിനും പരിഹരിക്കുന്നതിനും ഭരണകൂടങ്ങൾ പിന്തുണാ സംവിധാനങ്ങൾ സൃഷ്ടിക്കണമെന്ന്, വയോ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വികസനവും മനുഷ്യാവകാശ സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള മഡ്രിഡ് അന്താരാഷ്ട്ര കർമ പദ്ധതി വ്യവസ്ഥ ചെയ്യുന്നുണ്ട്.
നമ്മുടെ രാജ്യത്ത് 'മാതാപിതാക്കളുടെയും മുതിർന്ന പൗരരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം' പ്രബല്യത്തിലുണ്ട്. വയോജനക്ഷേമം ലക്ഷ്യമാക്കി സംസ്ഥാന നയവും നിലവിലുണ്ട്. സംസ്ഥാനത്ത് വയോജന കമീഷൻ കൂടി യാഥാർഥ്യമാകുന്നതോടെ വയോജന ങ്ങളുടെ അവകാശ സംരക്ഷണവും ക്ഷേമവും പുനരധിവാസവും കൂടുതൽ ഉറപ്പുവരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വയോജനങ്ങൾക്ക് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്താനും ക്ഷേമ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനും കമീഷൻ ഇടപെടലിലൂടെ സാധ്യമാവും. അതിക്രമം ഉണ്ടായാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാൻ കഴിയും.
വയോജനങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന നീതി നിഷേധങ്ങൾ അന്വേഷിച്ച് റിപ്പോര്‍ട്ട് സര്‍ക്കാറിന് നൽകാം. വയോക്ഷേമ മേഖലയിൽ പോരായ്മകള്‍ ഉണ്ടാകുമ്പോൾ അവ പരിശോധിച്ച് സ്വീകരിക്കേണ്ട നടപടികൾ സര്‍ക്കാറിനു ശിപാര്‍ശ ചെയ്യാം.
(സംസ്ഥാന സാമൂഹികനീതി വകുപ്പിൽ അസിസ്റ്റൻറ് ഡയറക്ടറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.