വിഭജന നിയമം അംഗീകരിക്കില്ല, തെരുവിൽ പ്രക്ഷോഭം തുടരും -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: പൗരത്വത്തിൽനിന്ന് മുസ്‍ലിം വിഭാഗങ്ങളെ പുറന്തള്ളുന്നതിനുള്ള സംഘപരിവാറിന്റെ ആസൂത്രിത പദ്ധതിയായ പൗരത്വ ഭേദഗതി നിയമം(സി.എ.എ) രാജ്യത്തെ ജനങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. ഈ വിഭജന നിയമം അംഗീകരിക്കില്ല. ഇതിനെതിരെ തെരുവിൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങും. ഇന്ന് രാത്രി മുതൽ തന്നെ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2019ൽ രാജ്യവ്യാപകമായി നടന്ന ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് ഈ വംശീയ നിയമം നടപ്പാക്കുന്നത് സർക്കാർ നിർത്തി വെച്ചിരുന്നു. ഇപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നിയമം നടപ്പിലാക്കി രാജ്യത്തെ 140 കോടി ജനങ്ങളിൽ സർക്കാർ പുതിയ വിഭജനം സൃഷ്ടിച്ചിരിക്കുന്നു.
സി.എ.എക്കെതിരിൽ നടന്ന പ്രക്ഷോഭം സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു. സമര രംഗത്ത് നിലയുറപ്പിച്ച നിരവധി പേരെ ഭരണകൂടം വെടിവെച്ചു കൊന്നു. പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത പലരെയും ഇപ്പോഴും ഭരണകൂടം തുറങ്കിലടച്ചിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമത്തിനെതിരെ കനത്ത പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നെങ്കിലും അതൊന്നും പരിഗണിക്കാതെ തങ്ങളുടെ നിലപാടുമായി മുന്നോട്ട് പോവുകയാണ് സംഘ് ഭരണകൂടം ചെയ്യുന്നത്.
ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തെ ചോദ്യം ചെയ്തു രാജ്യത്തെ ജനങ്ങൾ പരമോന്നത കോടതിയായ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ നീതി നിഷേധിക്കപ്പെടുന്ന ജനങ്ങൾക്കൊപ്പം നിന്ന് ഈ അനീതിയെ ഇല്ലാതാക്കാൻ പരിശ്രമിക്കേണ്ട സുപ്രീം കോടതി പുലർത്തിയ നിസ്സംഗതയെ ഉപയോഗിച്ചുകൊണ്ടാണ് ഇപ്പോൾ സർക്കാർ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് സി.എ.എ നിയമത്തിന്റെ നിയമസാധുത പരിശോധിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെ അൽപം പോലും മാനിക്കാതെ ഏകപക്ഷീയമായി രാജ്യത്തിന്റെ മേൽ ഈ വിഭജന നിയമം അടിച്ചേൽപ്പിക്കാനാണ് സംഘപരിവാർ ശ്രമിച്ചിരിക്കുന്നത്.
ഭരണഘടനയെയും നിയമങ്ങളെയും നോക്കുകുത്തിയാക്കി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാറിനെതിരെ പൗരത്വ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടത്തിന് തയ്യാറാവുക മാത്രമാണ് ജനങ്ങളുടെ മുന്നിലെ വഴി. പ്രക്ഷോഭങ്ങൾക്ക് മാത്രമേ ഇന്ത്യൻ ജനാധിപത്യത്തെ തിരിച്ചു പിടിക്കാൻ സാധിക്കുകയുള്ളൂ. സി.എ.എ നടപ്പാക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെ ഇന്ന് രാത്രി തന്നെ തെരുവിലിറങ്ങാൻ പാർട്ടി പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിൽ രാജ്യത്തെ നീതിബോധമുള്ള മുഴുവൻ മനുഷ്യരും അണിചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.