ക്വാറൻറീനില്‍ പോകേണ്ട ആഗ്ര സ്വദേശിയെ വഴിയില്‍ ഇറക്കിവിട്ടു
text_fieldsഏറ്റുമാനൂര്‍: പനിയെത്തുടര്‍ന്ന് കോട്ടയം ജില്ല ആശുപത്രിയിലെത്തിയ ആഗ്ര സ്വദേശിയെ സ്രവം പരിശോധനക്കെടുത്തശേഷം നടുറോഡില്‍ ഇറക്കിവിട്ടെന്ന് ആക്ഷേപം.
ഏറ്റുമാനൂര്‍ 101 കവലക്ക് സമീപം എം.സി റോഡില്‍ പാവക്കച്ചവടം നടത്തിവന്ന ആഗ്ര സ്വദേശി 32കാരനെയാണ് ജില്ല ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ കയറ്റി രാത്രി റോഡിലിറക്കിവിട്ടത്.
ലോക്ഡൗണിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവ് കഴിഞ്ഞ 22ന് ട്രെയിന്‍ മാര്‍ഗം എറണാകുളത്ത് മടങ്ങിയെത്തി. അവിടെനിന്ന് ബസില്‍ ഏറ്റുമാനൂരില്‍ എത്തി.
പനിലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് ബുധനാഴ്ച ജില്ല ആശുപത്രിയിലെത്തിയത്. സംശയം തോന്നിയതിനെത്തുടര്‍ന്ന് സ്രവം പരിശോധനക്ക് എടുത്തു.
ആശുപത്രി നിരീക്ഷണത്തില്‍ കഴിയണമെന്ന് ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയാറാകാത്തതിനാലാണ് വിട്ടയക്കുന്നതെന്ന് ഇയാളുടെ ഒ.പി ശീട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു സംസ്ഥാനത്തുനിന്ന് വന്ന യുവാവിന് ക്വാറൻറീന്‍ സൗകര്യം ഒരുക്കി പാര്‍പ്പിക്കുന്നതിനുപകരം തദ്ദേശ സ്ഥാപനത്തെയോ ഏറ്റുമാനൂരിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കാതെ വഴിയരികില്‍ ഇയാള്‍ പടുത കെട്ടിയുണ്ടാക്കിയ ഷെഡില്‍ രാത്രി എേട്ടാടെ ഇറക്കിവിടുകയായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ ഏറ്റുമാനൂരിലെ ആരോഗ്യവകുപ്പ് അധികൃതരും വില്ലേജ് ഓഫിസറും പൊലീസും അടങ്ങുന്ന സംഘം ഇയാളെ അതിരമ്പുഴയിലെ ക്വാറൻറീന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.