മന്ത്രിസഭയിൽ യുവതക്കും പുതുമുഖങ്ങൾക്കും പ്രാമുഖ്യം നൽകാൻ ധാരണ
text_fieldsതിരുവനന്തപുരം: ജയിച്ചുവന്ന മന്ത്രിമാരെ അനിവാര്യമാണെങ്കിൽ മാത്രം വീണ്ടും ഉൾപ്പെടുത്തിയാൽ മതിയെന്ന ധാരണയിൽ സി.പി.എം. പുതിയ മന്ത്രിസഭയിൽ യുവതക്കും പുതുമുഖങ്ങൾക്കും പ്രാമുഖ്യം നൽകാനാണ് സി.പി.എം, സി.പി.െഎ നീക്കം. മേയ് 18ന് ചേരുന്ന ഇരു പാർട്ടികളുടെയും നേതൃയോഗം അന്തിമതീരുമാനം എടുക്കും. തങ്ങളുടെ 12 മന്ത്രിമാരെ തീരുമാനിക്കുന്നതിന് ഞായറാഴ്ചയോ തിങ്കളാഴ്ചയോ സി.പി.എം അവൈലബിൾ പി.ബി കൂടിയാലോചന നടത്തും. 18ന് രാവിലെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും തുടർന്ന് സംസ്ഥാനസമിതിയും ചേരും. പിന്നാലെ നിയമസഭാകക്ഷി യോഗം ചേർന്ന് നേതാവായി പിണറായി വിജയനെ തെരഞ്ഞെടുക്കും.
ഉച്ചക്ക് ശേഷം എൽ.ഡി.എഫ് പാർലമെൻററി പാർട്ടി യോഗം േചരും. പരമാവധി പുതുമുഖങ്ങൾ വേണമെന്ന ധാരണയാണ് സി.പി.എം നേതൃത്വത്തിൽ ഉരുത്തിരിയുന്നത്. എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, എം.ബി. രാജേഷ് അടക്കമുള്ളവർക്കാണ് മുൻതൂക്കം. സംഘടന, ഭരണതലങ്ങളിൽ പ്രായം കുറഞ്ഞ പുതുമുഖങ്ങളെ കൊണ്ടുവന്ന് പരിചയസമ്പന്നരാക്കണമെന്ന നിലപാടിെൻറ അടിസ്ഥാനത്തിലാണിത്.
ചെറുപ്പക്കാർക്കൊപ്പം വനിതകൾക്കും അർഹമായ പ്രാതിനിധ്യം നൽകും. വീണ ജോർജ്, കാനത്തിൽ ജമീല, യു. പ്രതിഭ അടക്കമുള്ളവരും പുതുമുഖങ്ങളുടെ നിരയും സി.പി.എമ്മിൽ ജയിച്ച് വന്നിട്ടുണ്ട്.
മേയ് 18ന് തന്നെ സംസ്ഥാന നിർവാഹകസമിതിയിലാവും സി.പി.െഎ മന്ത്രിമാരെ നിർദേശിക്കുക. പിന്നാലെ ഒാൺലൈനായി ചേരുന്ന സംസ്ഥാന കൗൺസിൽ അംഗീകാരം നൽകും. മന്ത്രിമാരെ അപ്പാടെ മാറ്റുന്ന നിലയാണ് സി.പി.െഎ കഴിഞ്ഞ സർക്കാറിലും സ്വീകരിച്ചത്.
മുതിർന്ന നേതാവായ ഇ. ചന്ദ്രശേഖരന് വീണ്ടും അവസരം നൽകാൻ നിർവാഹകസമിതിയും കൗൺസിലും തീരുമാനിക്കേണ്ടിവരും. പി. പ്രസാദ്, ചിഞ്ചുറാണി, കെ. രാജൻ, ചിറ്റയം ഗോപകുമാർ, പി.എസ്. സുപാൽ, സി.കെ. ആശ എന്നിവർക്കാണ് പ്രാമുഖ്യം.
പിണറായി ഗവർണറെ കണ്ടു; കർശന നിയന്ത്രണത്തോടെ സത്യപ്രതിജ്ഞ
തിരുവനന്തപുരം: സർക്കാർ രൂപവത്കരണ ചർച്ച പുരോഗമിക്കെവ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. ശനിയാഴ്ച രാവിലെ രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച. എൽ.ഡി.എഫ് പാർലമെൻററി പാർട്ടി നേതാവിനെ തീരുമാനിക്കാത്തതിനാൽ പിണറായി ഒൗദ്യോഗികമായി മന്ത്രിസഭ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ചില്ലെന്നാണ് സൂചന. സത്യപ്രതിജ്ഞ അടക്കം വിഷയങ്ങളിൽ ഇരുവരും ആശയവിനിമയം നടത്തിയെന്നാണ് അറിവ്.
പൊതുജനങ്ങൾക്ക് പൂർണമായും പ്രവേശനം അനുവദിക്കാതെ കർശനനിയന്ത്രണങ്ങളോടെ സത്യപ്രതിജ്ഞ മേയ് 20ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തുന്നതിെൻറ നടപടിയും പുരോഗമിക്കുകയാണ്. നിയുക്ത മന്ത്രിമാർ, ഏറ്റവും അടുത്ത ബന്ധുക്കൾ, എം.എൽ.എമാർ, സർക്കാർ ഉേദ്യാഗസ്ഥർ എന്നിവരടക്കം 500ൽ താഴെ പേരെ മാത്രം പ്രവേശിപ്പിക്കാനാണ് ആലോചന. എല്ലാവരും എൻ. 95 മാസ്ക് ധരിക്കണം, ആർ.ടി.പി.സി.ആർ ഫലം കരുതണം, മാസ്ക് മാറ്റാൻ പാടില്ല, നിശ്ചയിച്ച ഇടത്ത് നിന്ന് മാറാതെ ഇരിക്കുക തുടങ്ങിയ നിർദേശവും നൽകിയേക്കും.
കോവിഡ് വ്യാപനവും മരണവും പടരുകയും തിരുവനന്തപുരം ഉൾപ്പെടെ നാല് ജില്ലകളിൽ ട്രിപ്ൾ ലോക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്യുേമ്പാൾ സത്യപ്രതിജ്ഞാചടങ്ങ് പരിമിതമാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിമർശനം ക്ഷണിച്ചുവരുത്തുന്ന നടപടികൾ ഒഴിവാക്കണമെന്ന നിലപാടാണ് സി.പി.എമ്മിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.