കെ.പി.സി.സി സെക്രട്ടറിമാരുടെ എണ്ണം 45 ആയി ഉയർത്താൻ ധാരണ
text_fieldsതിരുവനന്തപുരം: മതിയായ ദലിത്, വനിത പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ഹൈകമാൻഡിന്റെ കർശന നിർദേശപ്രകാരം കെ.പി.സി.സി സെക്രട്ടറിമാരുടെ എണ്ണം നേരത്തേ നിശ്ചയിച്ചിരുന്ന 40ൽ നിന്ന് 45 ആയി ഉയർത്താൻ നേതൃതലത്തിൽ ധാരണ. ഇതിൽ 10 പേർ ദലിത്, വനിതവിഭാഗങ്ങളിൽ നിന്നായിരിക്കും. സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള കരട് പട്ടികയിൽ ഇരുനൂറോളം പേരുകളാണ് നേതൃത്വത്തിന്റെ പക്കലുള്ളത്. ഇതിൽ നിന്ന് 45 പേരെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് നേതൃത്വത്തിന് മുന്നിൽ.
വ്യാഴാഴ്ച വൈകീട്ടോടെ ഡി.സി.സി ഭാരവാഹികളുടെ കരട് പട്ടിക മുഴുവൻ ജില്ലകളിൽ നിന്നും കെ.പി.സി.സി നേതൃത്വത്തിന് ലഭിച്ചു. കെ.പി.സി.സി നിർദേശിച്ച മാനദണ്ഡം കൃത്യമായി പാലിച്ചിട്ടുണ്ടോ എന്നതടക്കം രണ്ട് ദിവസമായി കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ കരട്പട്ടികയിൽ സൂക്ഷ്മപരിശോധന നടക്കുകയാണ്. ടി.യു. രാധാകൃഷ്ണന് വ്യക്തിപരമായ അസൗകര്യമുള്ളതിനാൽ പകരം സംഘടനാചുമതലയുള്ള കെ.പി.സി.സി ജന.സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന അഡ്വ. കെ. ജയന്താണ് സൂക്ഷ്മപരിശോധനയിൽ കെ.പി.സി.സി പ്രസിഡന്റിനെ സഹായിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെ തലസ്ഥാനത്ത് നിന്ന് മടങ്ങുന്ന കെ.പി.സി.സി പ്രസിഡന്റ് 12ന് തിരിച്ചുവന്ന ശേഷമേ പുനഃസംഘടന സംബന്ധിച്ച തുടർചർച്ച ഉണ്ടാകൂ. അപ്പോഴേക്കും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തലസ്ഥാനത്ത് എത്തും. അവരുമായുള്ള അവസാനവട്ട ചർച്ചക്ക് ശേഷം പട്ടികയിൽ അവസാന മിനുക്കുപണികൾ നടത്തി ഭാരവാഹികെള പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.