കാര്‍ഷിക പമ്പ് സെറ്റുകൾ സൗരോർജത്തിലേക്ക്
text_fieldsതിരുവനന്തപുരം: കാര്‍ഷിക പമ്പ് സെറ്റുകള്‍ വിള വര്‍ധന ലക്ഷ്യമിട്ട് സൗരോര്‍ജത്തിലേക്ക് മാറ്റുന്നു. വൈദ്യുതി എത്താത്ത കൃഷിയിടങ്ങളിലും മലയോര മേഖലകളിലുമാണ് ആദ്യഘട്ടത്തില്‍ ഇവ സ്ഥാപിക്കുന്നത്. വ്യക്തിഗത കര്‍ഷകര്‍ക്കൊപ്പം കൂട്ടുകൃഷി നടത്തുന്നവര്‍ക്കും പദ്ധതിയുടെ പ്രയോജനം കിട്ടും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ 60 ശതമാനത്തോളം സബ്സിഡിയോടെയാണ് പദ്ധതി നടപ്പാക്കുക. അനര്‍ട്ടാണ് നിര്‍വഹണ ഏജന്‍സി. 37 സൗരോര്‍ജ കമ്പനികൾ സര്‍ക്കാർ പട്ടികയിലുണ്ട്.
കര്‍ഷകര്‍ക്ക് താൽപര്യമുള്ള കമ്പനി തെരഞ്ഞെടുക്കാം. നേരത്തേ ഏതാനും കമ്പനികളെ മാത്രമേ ലിസ്റ്റ് ചെയ്തിരുന്നുള്ളൂ. കാര്‍ഷിക ജലസേചനത്തിനായി ഡീസല്‍ പമ്പുകള്‍ ഉപയോഗിച്ചിരുന്നവര്‍ക്ക് സൗരോര്‍ജത്തിലേക്ക് മാറുമ്പോൾ വരുന്ന തുകക്കാണ് സബ്സിഡി ലഭിക്കുക. വൈദ്യുതി എത്തിക്കാന്‍ കഴിയാത്തതും ലൈന്‍ വലിക്കാന്‍ സാങ്കേതിക തടസ്സം ഉള്ളതുമായ മേഖലകളില്‍ ഡീസല്‍ പമ്പ് സെറ്റുകള്‍ ഉപയോഗിച്ചാണ് നന. ഉൽപാദനത്തെക്കാൾ ചെലവേറുന്നതിനാൽ ഈ മേഖലകളിൽ കൃഷിയിറക്കുന്നത് കർഷകർ കുറച്ചിട്ടുണ്ട്. ചെലവ് കുറച്ച് ജലസേചനം കൃത്യമായാല്‍ ഉൽപാദനം കൂട്ടാനാകുമെന്നും അതുവഴി വരുമാനം വര്‍ധിപ്പിക്കാനാകുമെന്നുമാണ് കണക്കുകൂട്ടൽ. കര്‍ഷകരുടെ കാര്‍ഷിക പമ്പ് സൗരോര്‍ജത്തിലേക്ക് മാറ്റാൻ ഗ്രിഡ്ബന്ധിത സൗരോര്‍ജ നിലയം സ്ഥാപിക്കാനും തീരുമാനമായി.
കേന്ദ്ര സര്‍ക്കാര്‍ 2019ല്‍ ആരംഭിച്ച പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷ പദ്ധതി പ്രകാരമാണ് സംസ്ഥാനത്തും പദ്ധതി നടപ്പാക്കുന്നത്. ഒപ്പം പഴങ്ങളും പച്ചക്കറികളും സംഭരിക്കാനും കേടുകൂടാതെ സൂക്ഷിക്കാനുമായി എട്ട് മെട്രിക് ടൺ ശേഷിയുള്ള സൗരോർജ അധിഷ്ഠിത കോള്‍ഡ് സ്റ്റോറേജ് സംവിധാനം പാലക്കാട്ട് സ്ഥാപിക്കും. മത്സ്യബന്ധന ബോട്ടുകളില്‍ അനുബന്ധ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാൻ സോളാര്‍ വിന്‍ഡ് ഹൈബ്രിഡ് പവര്‍ പ്ലാന്റുകളും സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.