കാര്‍ഷിക ഗ്രാമവികസന ബാങ്ക്; ഇടത് നിലപാടിനെതിരെ ഭരണപക്ഷം നിയമവഴിക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ ഇടതുപക്ഷ നിലപാടിനെതിരെ യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണപക്ഷം നിയമനടപടിക്കൊരുങ്ങുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതടക്കം അജണ്ട ചർച്ച ചെയ്യാൻ ചേർന്ന പൊതുയോഗം കഴിഞ്ഞദിവസം അലങ്കോലമായിരുന്നു. ഭരണസമിതി തീരുമാനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു ഇടത് അംഗങ്ങളുടെ പ്രതിഷേധം. ദുരന്തബാധിതരുടെ ഒരുകോടി അഞ്ചുലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനത്തിലടക്കം തീരുമാനമെടുക്കാനായില്ല.
കാർഷിക ഗ്രാമവികസന ബാങ്കിൽനിന്ന് വായ്പയെടുത്ത ദുരന്തബാധിതർ ബാങ്ക് തീരുമാനത്തെ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാൽ, ഇതടക്കം അജണ്ട ബഹളംമൂലം പാസാക്കാനായില്ല. വരുന്ന സാമ്പത്തിക വര്‍ഷം 3,500 കോടി രൂപയുടെ കാര്‍ഷികവായ്പ വിതരണം ചെയ്യുന്ന അജണ്ടയും ഉണ്ടായിരുന്നു.
സെപ്റ്റംബർ 13നാണ് വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ഭരണസമിതി തീരുമാനിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി, ഈടായി വാങ്ങിയ പ്രമാണങ്ങൾ തിരികെ നൽകാനായിരുന്നു തീരുമാനം. പൊതുയോഗം അംഗീകാരം നൽകാത്തതിനാൽ ഇത് നടപ്പാക്കുന്നത് അനിശ്ചിതത്വത്തിലായി.
ഇടത് നിലപാട് ശരിയല്ലെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും തിരുത്താൻ തയാറാകാത്ത സാഹചര്യത്തിൽ നിയമവഴിയാണ് മുന്നിലുള്ളതെന്നും ബാങ്ക് പ്രസിഡന്റ് സി.കെ. ഷാജി മോഹന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. വയനാട്ടിൽ വായ്പ എഴുതിത്തള്ളൽ നടപ്പാക്കാനുള്ള വഴിതേടി നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അഡ്മിനിസ്ട്രേറ്റർ ഭരണത്തിനൊടുവിൽ കഴിഞ്ഞവർഷമാണ് ബാങ്ക് ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചത്.
എന്നാൽ പ്രവർത്തനം എങ്ങനെയും തടസ്സപ്പെടുത്താനുള്ള നീക്കമാണ് ഇടത് അംഗങ്ങൾ പാർട്ടി ഉന്നതനേതൃത്വത്തിന്റെ അറിവോടെ നടത്തുന്നതെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിന് 35.496 കോടി രൂപയുടെ അറ്റാദായം നേടാനായി. 2826.26 കോടി രൂപ വായ്പയും വിതരണം ചെയ്തു. ഇത്തരത്തിൽ മികച്ച രീതിയിൽ മുന്നോട്ടുപോകുമ്പോൾ അതിന് തടയിടാനുള്ള ശ്രമമാണ് ഒരുവശത്ത് നടക്കുന്നതെന്നും ഭരണപക്ഷം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.