കാർഷിക സർവകലാശാലയിൽ വളഞ്ഞ വഴി; വ്യാജ പ്രബന്ധങ്ങൾ ‘യോഗ്യതയാക്കി’ കൂട്ടസ്ഥാനക്കയറ്റ നീക്കം
text_fieldsതൃശൂർ: കാർഷിക സർവകലാശാലയിൽ യു.ജി.സി മാനദണ്ഡങ്ങളും സംസ്ഥാന സർക്കാറിന്റെ മാർഗനിർദേശങ്ങളും അട്ടിമറിച്ച് വീണ്ടും കൂട്ടസ്ഥാനക്കയറ്റത്തിന് നീക്കം. 2016ലെ യു.ജി.സി പദ്ധതിയിലെ കരിയർ അഡ്വാൻസ്മെന്റ് പ്രമോഷന്റെ ഭാഗമായാണ് വ്യാജ ജേണലുകളിലും തട്ടിപ്പ് പ്രസിദ്ധീകരണങ്ങളിലും വന്ന ഗവേഷണ പ്രബന്ധങ്ങൾ യോഗ്യതയായി സർവകലാശാല പരിഗണിക്കുന്നത്. നൂറിലേറെ അധ്യാപകർ പ്രഫസർ, അസോസിയേറ്റ് പ്രഫസർ തുടങ്ങിയ ഉയർന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇവരിൽ ഭൂരിപക്ഷത്തിനും യു.ജി.സി അംഗീകൃത ജേണലുകളിൽ പ്രസിദ്ധീകരിച്ച നിലവാരമുള്ള ഗവേഷണപ്രബന്ധങ്ങൾ ഇല്ലെന്നാണ് ആരോപണം. ഇക്കാര്യം ചാൻസലർകൂടിയായ ഗവർണർ, പ്രോ ചാൻസലറായ കൃഷിമന്ത്രി തുടങ്ങിയവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല.
സർവകലാശാലകളിൽ അധ്യാപക സ്ഥാനക്കയറ്റത്തിന് യു.ജി.സി അംഗീകൃത ജേണലുകളിൽ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ മാത്രമേ പരിഗണിക്കാവൂ എന്ന് യു.ജി.സി കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ വെള്ളം ചേർക്കരുതെന്ന് സുപ്രീംകോടതി നിർദേശവുമുണ്ട്. ഇതനുസരിച്ച് കൃത്യമായ നിർദേശങ്ങൾ നൽകി സംസ്ഥാന സർക്കാർ ഉത്തരവും ഇറക്കി. സംസ്ഥാനത്തെ മറ്റെല്ലാ സർവകലാശാലകളും ഇത് കർശനമായി പാലിക്കുമ്പോൾ കാർഷിക സർവകലാശാല മാത്രം തുടർച്ചയായി നിയമം ലംഘിക്കുകയാണ്.
പ്രഫസർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് യു.ജി.സി അംഗീകൃത ജേണലുകളിൽ പ്രസിദ്ധീകരിച്ച 10 ഗവേഷണപ്രബന്ധങ്ങൾ വേണമെന്നാണ് നിബന്ധന. എന്നാൽ, അപേക്ഷകരിൽ മിക്കവർക്കും പണം വാങ്ങി പ്രസിദ്ധീകരിക്കുന്ന തട്ടിപ്പ് ജേണലുകളിലെ പ്രബന്ധങ്ങളാണുള്ളത്. യു.ജി.സി അംഗീകൃത ജേണലുകളിൽ പ്രസിദ്ധീകരിച്ച ഒറ്റ പ്രബന്ധംപോലും ഇല്ലാത്ത അധ്യാപകരും ഉയർന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റത്തിന് അപേക്ഷിച്ചിട്ടുണ്ട്.
സർവകലാശാലയിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് കമ്മിറ്റി (ഐ.ക്യു.എ.സി) എന്ന സമിതിക്കാണ് പ്രബന്ധങ്ങളുടെ നിലവാരം നിർണയിക്കാനുള്ള ചുമതല. ഭരണകക്ഷി അധ്യാപക സംഘടന നേതാക്കളായ ഇൻ-ചാർജ് ഡയറക്ടർമാരാണ് ഈ സമിതിയിലെ അംഗങ്ങൾ. അധ്യാപകരുടെ തട്ടിപ്പ് പ്രബന്ധങ്ങളുടെ കാര്യത്തിൽ ഇവർ കണ്ണടക്കുകയാണെന്നാണ് ആക്ഷേപം.
ഒല്ലൂർ എം.എൽ.എയും റവന്യൂ മന്ത്രിയുമായ കെ. രാജൻ, വൈസ് ചാൻസലർ ഇൻ-ചാർജും കാർഷികോൽപാദന കമീഷണറുമായ ബി. അശോക് തുടങ്ങിയവർ അംഗങ്ങളായ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റങ്ങൾക്ക് അംഗീകാരം നൽകേണ്ടത്. പ്രബന്ധം ഒരു വിഷയമാക്കി പ്രമോഷനുകൾ തടയേണ്ടെന്നും ഭാവിയിൽ ആവശ്യം വന്നാൽ നോക്കാമെന്നുമാണ് കമ്മിറ്റി നിലപാടെന്നറിയുന്നു. ഭരണകക്ഷി അധ്യാപക സംഘടന നേതാക്കളുടെ സമ്മർദമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.