കാർഷിക സർവകലാശാലയുടെ ‘നിള’ വൈൻ അടുത്ത വർഷം വിപണിയിൽ
text_fieldsപി. പ്രസാദ്
തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ വൈനറിയിൽ ഉൽപാദിപ്പിക്കുന്ന ‘നിള’ വൈൻ അടുത്ത വർഷം വിപണിയിലെത്തും. കെ.ടി.ഡി.സി ബിയർ-വൈൻ പാർലറുകളിൽ 2000 രൂപയിലധികം ബില്ലടക്കുന്ന ഉപഭോക്താക്കൾക്ക് 750 മില്ലി വൈൻ സൗജന്യമായി നൽകുമെന്നും സർവകലാശാല പ്രോ ചാൻസലർ കൂടിയായ കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.
സർവകലാശാലയുടെ 2025-‘26 വർഷത്തേക്കുള്ള ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനങ്ങൾ. ‘സദ്ഗമയ’ എന്ന പേരിൽ സർവകലാശാലയിൽ ലഹരിവിരുദ്ധ പ്രവർത്തനം, വിവിധ കാമ്പസുകളിൽ ഹോസ്റ്റൽ നിർമാണം, ബാലരാമപുരത്ത് നാളികേര മ്യൂസിയം എന്നിവയും പ്രഖ്യാപിച്ചു.
നെൽപാടങ്ങളിൽനിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറക്കാൻ ലോക ബാങ്ക് ധനസഹായത്തോടെ 24.77 കോടി രൂപയുടെ ‘കേര’ പദ്ധതി അടുത്ത വർഷം നടപ്പാക്കും. ബിരുദാനന്തര ബിരുദ-ഗവേഷണ വിദ്യാർഥികൾക്കുള്ള സാമ്പത്തികസഹായം, ഗ്രാമീണ കാർഷിക പ്രവൃത്തിപരിചയം (റാവേ), ലൈബ്രറി ശാക്തീകരണം എന്നിവക്കും തുക വകയിരുത്തി. നിർമിതബുദ്ധി ഉപയോഗിച്ചുള്ള കീടരോഗ മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കാനും സാങ്കേതികവിദ്യകളുടെ സാമൂഹിക-പാരിസ്ഥിതിക ആഘാത പഠനം നടത്താനും അടുത്ത വർഷം ലക്ഷ്യമിടുന്നു.
സർവകലാശാല ആസ്ഥാനത്ത് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ 650.79 കോടി രൂപ വരവും 909.32 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന 258.53 കോടി രൂപയുടെ കമ്മി ബജറ്റാണ് മന്ത്രി അവതരിപ്പിച്ചത്. യോഗത്തിൽ വൈസ് ചാന്‍സലര്‍ ഇൻ-ചാർജ് ഡോ. ബി. അശോക്, ജി.എസ്. ജയലാൽ എം.എൽ.എ, പി. നന്ദകുമാർ എം.എൽ.എ, പി.പി. സുമോദ് എം.എൽ.എ, ഡോ. പി.കെ. സുരേഷ് കുമാർ, ഡോ. വി. തുളസി, സി.എൽ. ഷിബു തുടങ്ങിയവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.