യുവതിയോട് മോശം പെരുമാറ്റം: കാർഷിക സർവകലാശാല പ്രഫസർക്ക് സസ്പെൻഷൻ
text_fieldsതൃശൂർ: കേരള കാർഷിക സർവകലാശാലയുടെ മലപ്പുറം ആനക്കയം ഗവേഷണ കേന്ദ്രത്തിലെ പ്രഫസർക്ക് സസ്പെൻഷൻ. പ്രഫ. വി.എം. അബ്ദുൽ ഹക്കീമിനെയാണ് സസ്പെൻഡ് ചെയ്തത്. തവനൂരിലെ കാർഷിക എൻജിനീയറിങ് കോളജിൽ താൽക്കാലിക പദ്ധതിയിൽ ജോലിക്ക് അപേക്ഷിച്ച യുവതിയുടെ പരാതിയിലാണ് നടപടി. പ്രഫ. ഹക്കീം തവനൂരിൽ ജോലിചെയ്ത സമയത്താണ് പരാതി ഉണ്ടായത്. ഇത് അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച, ഫോറസ്ട്രി കോളജ് ഡീൻ ഡോ. വിദ്യാസാഗർ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിന്മേലാണ് ഇപ്പോൾ നടപടിയുണ്ടായത്.
തപാൽ വകുപ്പിൽ താൽക്കാലിക ജീവനക്കാരിയായിരുന്ന ദലിത് യുവതി തവനൂർ കോളജിൽ ജോലിക്ക് അപേക്ഷിച്ചിരുന്നു. അപേക്ഷയിൽ എഴുതിയ ഫോൺ നമ്പറിൽ നിരന്തരം വിളിച്ച് മോശം രീതിയിൽ സംസാരിച്ചുവെന്നാണ് പരാതി. ഫോൺ എടുക്കാതായപ്പോൾ വാട്സ്ആപ്പിലൂടെ സന്ദേശം അയച്ചുതുടങ്ങി. താൻ പറയുന്നത് അനുസരിച്ചാൽ ജോലി തരാമെന്നായിരുന്നു സന്ദേശം. തുടർന്ന് യുവതി മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകുകയായിരുന്നു. പരാതി നൽകാൻ സഹായിച്ചുവെന്ന് പറയപ്പെടുന്ന കോളജിലെ വനിത ഡീനിനെ സർവകലാശാല സ്ഥലംമാറ്റിയിരുന്നു.
രണ്ടുമാസം മുമ്പാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്. സമിതി തവനൂരിൽ തെളിവെടുപ്പിന് എത്തിയപ്പോൾ ഹക്കീമിനെതിരെ മോശം പെരുമാറ്റം ആരോപിച്ച് ഒരു വനിത പ്രഫസറും പരാതി നൽകി. മാർച്ച് 19നാണ് ഹക്കീമിനെ ആനക്കയത്തേക്ക് മാറ്റിയത്. അദ്ദേഹത്തിനെതിരെ നിലപാടെടുത്തുവെന്ന് പറയപ്പെടുന്ന തവനൂരിലെ ഒരു അസോസിയേറ്റ് പ്രഫസറെയും ക്ലാസ് ത്രീ ജീവനക്കാരനെയും അടുത്തിടെ സ്ഥലംമാറ്റിയിരുന്നു. ഈ നടപടി ‘മാധ്യമം’ റിപ്പോർട്ട് ചെയ്തതോടെയാണ് സർവകലാശാല അധികൃതർ അന്വേഷണ സമിതിയോട് റിപ്പോർട്ട് ചോദിച്ചുവാങ്ങി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. അന്വേഷണ സമിതി റിപ്പോർട്ടിൽ പരാതി ശരിവെച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.