അരുവിക്കരയിൽ കൃഷിത്തകർച്ചയും വന്യമൃഗശല്യവും ചർച്ച
text_fieldsനെടുമങ്ങാട്: മീനച്ചൂടിനൊപ്പം തെരഞ്ഞെടുപ്പ് പോരാട്ടവും കത്തിക്കയറുന്ന അരുവിക്കരയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രവർത്തനവും വികസനവും രാഷ്ട്രീയവും ചർച്ചചെയ്യുന്നതോടൊപ്പം കാർഷിക മേഖലയിലെ തകർച്ചയും വന്യമൃഗശല്യവും തെരഞ്ഞെടുപ്പ് വിഷയങ്ങളാകുന്നു.
പട്ടികജാതി-വർഗ മേഖലകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ അവരുടെ പിന്തുണ ആർജിക്കാനുള്ള തന്ത്രങ്ങളും മെനഞ്ഞാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം. മൂന്ന് പതിറ്റാണ്ടിലേറെയായി ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിന്റെ മനസ്സ് വലത്തോട്ടായിരുന്നെങ്കിൽ കഴിഞ്ഞ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടത്തോട്ട് തിരിഞ്ഞു. കൈപ്പിടിയിൽ വന്ന ജനപിന്തുണ കാക്കാൻ എൽ.ഡി.എഫും തിരികെപ്പിടിക്കാൻ യു.ഡി.എഫും കൈമെയ് മറന്ന് പോരാടുകയാണ്. എൻ.ഡി.എയും മണ്ഡലത്തിൽ സജീവമാണ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലം യു.ഡി.എഫിനെയാണ് തുണച്ചത്. അടൂർ പ്രകാശിന് 8439 വോട്ടിന്റെ ഭൂരിപക്ഷം നൽകി. യു.ഡി.എഫിന് 58,452 വോട്ടും എൽ.ഡി.എഫിന് 50,513 വോട്ടും എൻ.ഡി.എക്ക് 30,418 വോട്ടും ലഭിച്ചു.
അരുവിക്കര, വെള്ളനാട്, ഉഴമലയ്ക്കൽ, തൊളിക്കോട്, വിതുര, ആര്യനാട്, കുറ്റിച്ചൽ, പൂവച്ചൽ പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ അരുവിക്കര, ഉഴമലക്കൽ പഞ്ചായത്തുകളൊഴികെ മറ്റെല്ലായിടത്തും യു.ഡി.എഫിനായിരുന്നു ലീഡ്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും വിജയം എൽ.ഡി.എഫിനായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ വെള്ളനാട് ഒഴികെ മറ്റെല്ലാ ഗ്രാമപഞ്ചായത്തുകളുടെയും ഭരണം എൽ.ഡി.എഫ് പിടിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഭരണം തുല്യമായതോടെ നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് കിട്ടി.
1991ലെ തെരഞ്ഞെടുപ്പിലൂടെയാണ് അന്നത്തെ ആര്യനാട് മണ്ഡലം എൽ.ഡി.എഫിൽനിന്ന് ജി. കാർത്തികേയൻ പിടിച്ചെടുത്തത്. പിന്നീട് അതിരുകൾ മാറ്റിവരച്ച് പുനർനിർണയത്തിലൂടെ അരുവിക്കര മണ്ഡലമായശേഷമുള്ള തെരഞ്ഞെടുപ്പുകളിലും മണ്ഡലം യു.ഡി.എഫിനോപ്പമായി. ജി.കെയുടെ മരണത്തെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും 2016ലെ പൊതുതെരഞ്ഞെടുപ്പിലും മകൻ കെ.എസ്. ശബരീനാഥൻ വിജയിച്ചു.
എന്നാൽ, 2021ലെ തെരഞ്ഞെടുപ്പിൽ ജി. സ്റ്റീഫനിലൂടെ അട്ടിമറി വിജയം നേടി എൽ.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. 5046 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്റ്റീഫൻ വിജയിച്ചത്. 66,776 വോട്ട് എൽ.ഡി.എഫിനും 61,730 വോട്ട് യു.ഡി.എഫിനും ലഭിച്ചപ്പോൾ എൻ.ഡി.എക്ക് 15,379 വോട്ടേ ലഭിച്ചുള്ളൂ.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥനാർഥിക്ക് ലഭിച്ച വോട്ടിന്റെ പകുതി മാത്രമായിരുന്നു ഇത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് മുതലാണ് അരുവിക്കരയിൽ എൽ.ഡി.എഫിന് മുന്നേറ്റമുണ്ടായത്. എല്ലാ പഞ്ചായത്തുകളിലുമായി 5992 വോട്ടിന്റെ ഭൂരിപക്ഷമാണ് അവർ നേടിയത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയ വോട്ടിനേക്കാൽ 8160 വോട്ട് അധികം.
അരുവിക്കര, വെള്ളനാട്, ഉഴമലയ്ക്കൽ, തൊളിക്കോട്, വിതുര, ആര്യനാട്, കുറ്റിച്ചൽ, പൂവച്ചൽ പഞ്ചായത്തുകളിലായുള്ള 140 വാർഡുകളിൽ എൽ.ഡി.എഫ് 72 വാർഡുകൾ നേടിയപ്പോൾ യു.ഡി.എഫിന് 49 ഉം ബി.ജെ.പിക്ക് 17ഉം വാർഡുകളേ ലഭിച്ചുള്ളൂ.
വെള്ളനാട് പഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫ് പിടിച്ചുനിന്നത്. ഇവിടെ ഭരണം നിലനിർത്തിയതിനു പുറമെ 41 വോട്ടിന്റെ ഭൂരിപക്ഷം നേടി. എൽ.ഡി.എഫ് പൂവച്ചലിൽ 130 വോട്ടും കുറ്റിച്ചലിൽ 973ഉം ആര്യനാട്ട് 956ഉം വിതുരയിൽ 655ഉം തൊളിക്കോട്ട് 205ഉം ഉഴമലയ്ക്കലിൽ 959ഉം അരുവിക്കരയിൽ 2155ഉം വോട്ട് ഭൂരിപക്ഷം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.