90 ലക്ഷം രൂപ കൃഷിവകുപ്പ് പാഴാക്കി
text_fieldsതിരുവനന്തപുരം: കാർഷികമേഖലയുടെ വളർച്ചക്ക് സഹായകമായ ദേശീയ ഇ-ഭരണ പദ്ധതിക്ക് കേന്ദ്ര കാർഷിക മന്ത്രാലയം അനുവദിച്ച 90 ലക്ഷത്തോളം രൂപ കൃഷിവകുപ്പ് പാഴാക്കിയെന്ന് ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാനത്ത് ആധുനിക സങ്കേതികവിദ്യയുടെ സഹായത്തോടെ കാർഷികമേഖലയിൽ വളർച്ചയുണ്ടാക്കാമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി നടപ്പാക്കിയത്. എന്നാൽ, നടത്തിപ്പിലെ കെടുകാര്യസ്ഥത പദ്ധതിയുടെ താളം തെറ്റിച്ചു. ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫിസർമാരുടെ നിർദേശമനുസരിച്ച് ഇൻറർനെറ്റ് ടച്ച് സ്ക്രീൻ കിയോസ്കുകൾ സ്ഥാപിച്ച് ഇൻറർനെറ്റ് സൗകര്യം ഒരുക്കി ഫാർമേഴ്സ് പോർട്ടലുമായി ബന്ധിപ്പിച്ച് വിവരങ്ങൾ നൽകുകയായിരുന്നു പദ്ധതി. കൃഷിവകുപ്പിെൻറ ‘സമേതി’ എന്ന സ്ഥാപനമാണ് പദ്ധതി നടത്തിപ്പിെൻറ ചുമതല ഏറ്റെടുത്തത്.
കൃഷി അസിസ്റ്റൻറ് ഡയറക്ടർമാരുടെ കാര്യാലയം, കൃഷിഭവനുകൾ എന്നിവിടങ്ങളിലായി 1.17 ലക്ഷം വിലയുള്ള 76 കിയോസ്കുകൾ സ്ഥാപിച്ചു. കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, കിസാൻ കാൾ സെൻററുകൾ, കാർഷിക ക്ലിനിക്കുകൾ, പൊതു സർവിസ് സെൻററുകൾ, മൊബൈൽ ഫോണുകൾ തുടങ്ങി വിവിധ മാർഗങ്ങളിലൂടെ സേവനങ്ങൾ നൽകാനും പദ്ധതി വിഭാവനം ചെയ്തിരുന്നു. ആവശ്യമായ സോഫ്റ്റ് വെയറുകൾ വികസിപ്പിക്കുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനും നാഷനൽ ഇൻഫർമാറ്റിക്സ് സെൻററിനെയും (എൻ.ഐ.സി) കാർഷിക മന്ത്രാലയം ചുമലപ്പെടുത്തി.
വിത്തുകൾ, കീടനാശികൾ, വളം, കാർഷിക യന്ത്രങ്ങൾ, പരിശീലനം, കാലാവസ്ഥ, വില, മാർക്കറ്റിങ്, വരൾച്ച ദുരിതാശ്വാസവും അതിെൻറ നിർവഹണവും, ഇറക്കുമതിക്കും കയറ്റുമതിക്കും വേണ്ടിയുള്ള ഇലക്ട്രോണിക് സാക്ഷ്യപ്പെടുത്തൽ തുടങ്ങി 12 ക്ലസ്റ്ററുകളിലുള്ള സേവനങ്ങളെ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനാവശ്യമായ സൊലൂഷൻ ഡിസൈൻ ആൻഡ് സിസ്റ്റം റിക്വയർമെൻറ് സ്പെസിഫിക്കേഷൻ വികസിപ്പിക്കുക, സോഫ്റ്റ് വെയറിന് സപ്പോർട്ട് നൽകുക തുടങ്ങിയവ എൻ.ഐ.സിയുടെ ചുമതലയായിരുന്നു.
എന്നാൽ, സോഫ്റ്റ്വെയറുകൾ തയാറാക്കാൻ എൻ.ഐ.സിക്ക് കഴിഞ്ഞില്ല. പകരം കാർഷിക സർവകലാശാല വികസിപ്പിച്ച സോഫ്റ്റ് വെയർ 25 ലക്ഷം ചെലവിൽ കൃഷിവകുപ്പ് ഇൻസ്റ്റാൾ ചെയ്തു. എന്നാൽ, ശരിയായി ഇൻസ്റ്റാൾ ചെയ്തിട്ടുമില്ല. ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ 41 യു.പി.എസ് പ്രവർത്തനരഹിതമാണെന്നും കണ്ടെത്തി. കാർഷികരംഗത്തുണ്ടാക്കുന്ന പുതിയ വിവരങ്ങളും വികാസപരിണാമങ്ങളും നൽകി കർഷകരെ മുൻപന്തിയിലെത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ, കർഷകർ ഇത്തരമൊരു പദ്ധതി നടപ്പാക്കിയതുപോലും അറിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.