'കാർഷിക നിയമങ്ങൾ പിൻവലിക്കണം': സംസ്ഥാന നിയമസഭ പ്രമേയം പാസാക്കും
text_fieldsതിരുവനന്തപുരം: കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കും. ഇതിന് ബുധനാഴ്ച പ്രത്യേക നിയമസഭാസമ്മേളനം ചേരുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ പ്രത്യേക മന്ത്രിസഭയോഗം തീരുമാനിച്ചു. കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കാൻ ഒരു സംസ്ഥാനം നിയമസഭാപ്രമേയം വഴി ആവശ്യപ്പെടുന്നത് ആദ്യമാണ്.
ചട്ടം 118 പ്രകാരം സര്‍ക്കാര്‍ പ്രമേയമായാവും നിലപാട് അവതരിപ്പിക്കുക. എന്നാല്‍, കേന്ദ്രത്തിനെതിരായ പ്രമേയത്തില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും. പൗരത്വനിയമത്തിനെതിരെ കഴിഞ്ഞ ഡിസംബറില്‍ പ്രമേയം പാസാക്കിയതിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കർഷകപ്രശ്നത്തിൽ യു.ഡി.എഫിനും സമാന നിലപാടായതിനാല്‍ പ്രമേയം നിയമസഭയിൽ കാര്യമായ എതിർപ്പില്ലാതെ അംഗീകരിക്കപ്പെടും. ഒരു മണിക്കൂര്‍ മാത്രം നിശ്ചയിച്ചിട്ടുള്ള സമ്മേളനത്തില്‍ കക്ഷിനേതാക്കള്‍ക്ക് മാത്രമായിരിക്കും സംസാരിക്കാന്‍ അവസരം.
ചൊവ്വാഴ്ച കൊല്ലത്ത് നിന്ന് തുടങ്ങുന്ന കേരള പര്യടനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ വിശദീകരിച്ചു. പ്രത്യേക സഭാസമ്മേളനത്തിനുശേഷം വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം ജനുവരി എട്ടുമുതല്‍ ബജറ്റ് സമ്മേളനം ചേരുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.