25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസർ വിജിലൻസ് പിടിയിൽ
text_fieldsതിരുവനന്തപുരം : 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസർ വിജിലൻസ് പിടിയിൽ. തൃശ്ശൂർ എരുമപ്പെട്ടി കൃഷി ഓഫീസർ എസ്. ഉണ്ണികൃഷ്ണപിള്ളയാണ് ഇന്ന് വിജിലൻസ് പിടിയിലായത്.ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന നടത്തി ശുപാർശ നൽകുന്നതിനായി 25,000 രൂപ കൈക്കൂലി വാങ്ങവെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
തൃശൂർ എരുമപ്പെട്ടി സ്വദേശിയായ പരാതിക്കാരിയുടെയും, മകളുടെയും പേരിൽ ചിറ്റണ്ട വില്ലേജിലുള്ള ഒരേക്കറോളം ഭൂമി തരം മാറ്റുന്നതിനായി കഴിഞ്ഞവർഷം നവംബർ മാസത്തിലും, 2023 ജനുവരിയിലും ഓൺലൈനായി സമർപ്പിച്ചിരുന്നു. രണ്ടാമത്തെ അപേക്ഷ ലഭിച്ചതിനെ തുടർന്ന് ജനുവരിയിൽ കൃഷി ഓഫീസറായ ഉണ്ണികൃഷ്ണപിള്ള സ്ഥലപരിശോധന നടത്തിയ ശേഷം ഭൂഉടമയായ പരാതിക്കാരിയെ ഫോണിൽ വിളിച്ച് 25,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു.
കൈക്കൂലി നൽകാൻ തയാറാകാത്തതിനാൽ അപേക്ഷയിന്മേൽ ഉണ്ണികൃഷ്ണപിള്ള തുടർനടപടികൾ സ്വീകരിക്കാതെ വെച്ച് താമസിപ്പിക്കുകയും ചെയ്തു. പരാതിക്കാരി പല പ്രാവശ്യം ഫോണിൽ അന്വേഷിച്ചപ്പോഴെല്ലാം പലകാരണങ്ങൾ പറഞ്ഞ് ഉമ്ണിക്കൃഷ്ണപിള്ള ഒഴിഞ്ഞുമാറി. തുടർന്ന് ഇക്കഴിഞ്ഞ ദിവസം വീണ്ടും പരാതിക്കാരി വിളിച്ചപ്പോൾ 25,000 രൂപ നൽകിയാൽ മാത്രമേ ഭൂമി തരം മാറ്റുവാൻ സാധിക്കുകയുള്ളൂ എന്ന് കൃഷി ഓഫീസർ അറിയിച്ചു. പരാതിക്കാരി 10,000 രൂപ പോരെ എന്ന് ചോദിച്ചപ്പോൾ 25,000 രൂപ വേണമെന്ന് നിർബന്ധം പിടിച്ചു.
തുടർന്ന് പരാതിക്കാരി ഈ വിവരം തൃശൂർ വിജിലൻസ് ഡി.വൈ.എസ്.പി ജിം പോളിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കെണി ഒരുക്കി ഇന്ന് രാവിലെ 10.15 മണിയോടെ എരുമപ്പെട്ടി കൃഷി ഓഫീസിൽ വച്ച് പരാതിക്കാരിയിൽ നിന്നും 25,000 കൈക്കൂലി വാങ്ങവെ ഉണ്ണിക്കൃഷ്ണപിള്ളയെ പിടികൂടി. പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.