കേന്ദ്രം വെട്ടി: കാർഷിക സർവകലാശാലക്ക് 42 തസ്തിക നഷ്ടം
text_fieldsതൃശൂർ: കാർഷിക ഗവേഷണ രംഗത്ത് സർക്കാറിെൻറ പങ്കാളിത്തം കുറക്കാൻ മോദി സർക്കാർ കൈക്കൊണ്ട നടപടിയിൽ കേരള കാർഷിക സർവകലാശാലക്ക് നഷ്ടം 42 തസ്തിക. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ സർവകലാശാലകൾ ഉൾപ്പെടെയുള്ള രാജ്യത്തെ കാർഷിക ഗവേഷണ കേന്ദ്രങ്ങളിലൂടെ നടത്തുന്ന അഖിലേന്ത്യ സംയോജിത ഗവേഷണ പദ്ധതിയിലെ (എ.ഐ.സി.ആർ.പി) തസ്തികകളാണ് നഷ്ടമായത്. സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന 13 ഗവേഷണ പദ്ധതികളിലെ തസ്തികകളാണ് കുറച്ചത്.
ഇതിൽ 15 കാർഷിക ശാസ്ത്രജ്ഞരുടെയും (പ്രഫസർ) 11 സാങ്കേതിക വിഭാഗം ജീവനക്കാരുടെയും മറ്റ് വിഭാഗങ്ങളിലായി 16 തസ്തികകളുമാണ് കുറച്ചത്. ഇത്രയും പേരെ കാർഷിക സർവകലാശാലയിൽ പുനഃപ്രവേശിപ്പിച്ചതിലൂടെ പ്രതിവർഷം അഞ്ച് കോടി രൂപയുടെ അധിക ബാധ്യത വരും. നിമ വിര, കള നിയന്ത്രണം, ജല പരിപാലനം, വരണ്ട പ്രദേശങ്ങളിലെ പയർവർഗ കൃഷി, കീടനാശിനി അവശിഷ്ടപരിശോധന, കീടനിയന്ത്രണം, കാർഷിക യന്ത്രവത്കരണം, സുഗന്ധവിള ഗവേഷണം, അഗ്രോ ഫോറസ്ട്രി തുടങ്ങിയ മേഖലകളിലെ ഗവേഷണ പദ്ധതികളിലെ തസ്തികകളാണ് കുറച്ചത്. സർവകലാശാലയുടെ വെള്ളാനിക്കര , വെള്ളായണി, പട്ടാമ്പി, ചാലക്കുടി, തവനൂർ, പാമ്പാടുംപാറ, പന്നിയൂർ കേന്ദ്രങ്ങളിലെ തസ്തികകൾ നഷ്ടപ്പെട്ടിട്ടുണ്ട്.
മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതുമുതൽ കർഷിക ഗവേഷണത്തിനുള്ള സർക്കാർ വിഹിതം വൻതോതിൽ കുറച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെ ഗവേഷണത്തെയാണ് കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നത്. തസ്തിക വെട്ടിക്കുറച്ചത് ഈ ദിശയിലുള്ള നടപടിയാണേത്ര. ഇനിയും തസ്തികകൾ കുറക്കാൻ നീക്കമുണ്ട്. തസ്തിക കുറക്കൽ സർവകലാശാലയുടെ ജല പരിപാലന ഗവേഷണത്തെ ഏറ്റവും ദോഷമായി ബാധിച്ചു. വെള്ളാനിക്കരയിൽ 20 വർഷമായി പ്രവർത്തിക്കുന്ന ഉപകേന്ദ്രം അടച്ചു പൂട്ടി. കള നിയന്ത്രണ ഗവേഷണം ഭാഗികമായി നിലച്ചു. വെള്ളായണിയിൽ നടക്കുന്ന പച്ചക്കറിയിലെ കീടനാശിനി അവശിഷ്ട പരിശോധനെയ ബാധിച്ചു. ഇതിനെ ആശ്രയിച്ച് സംസ്ഥാന സർക്കാർ വെള്ളാനിക്കരയിലും പടന്നക്കാട്ടും തുടങ്ങിയ ഉപകേന്ദ്രങ്ങൾ ഇതോടെ സ്തംഭിച്ചു. കുരുമുളക് ഗവേഷണത്തെയും കേന്ദ്ര നടപടി പ്രതികൂലമായി ബാധിച്ചു.
നഷ്ടപ്പെട്ട തസ്തികകൾ കർഷിക സർവകലാശാലയുടെ പദ്ധതിയേതര വിഭാഗത്തിലാണ് നിലനിർത്തുന്നത്. കാർഷിക ഗവേഷണ കൗൺസിൽ ഭാവിയിൽ പുതിയ തസ്തികകൾ അനുവദിക്കാനും ഇടയില്ല. ഇത് കാർഷിക വിദ്യാർഥികളുടെ ഭാവിയെ ബാധിക്കും. സർവകലാശാല പുതുതായി 50 അസിസ്റ്റൻറ് പ്രഫസർമാരെ നിയമിക്കുന്നത് ഇപ്പോൾ നഷ്ടപ്പെട്ട 15 പ്രഫസർ തസ്തികകൂടി ചേർത്താണ്. നിയമനത്തിൽ ഇത് കുറക്കേണ്ടി വരും. എന്നാൽ, യാഥാർഥ്യം പരിഗണിക്കാതെയുള്ള നിയമന നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.