പ്രതീക്ഷിച്ച ഉല്‍പാദനം ലഭിക്കില്ല –മന്ത്രി
text_fieldsതൃശൂര്‍: വരള്‍ച്ച സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ ആകെ ബാധിച്ചുവെന്നും 30,000 ഹെക്ടര്‍ കൃഷി നശിച്ചുവെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍.
നെല്‍കൃഷി മാത്രം 27,000 ഹെക്ടറില്‍ നശിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ 17,000 ഹെക്ടറിലാണ് നെല്‍കൃഷി നശിച്ചിരിക്കുന്നത്. 77 ഹെക്ടറില്‍ റബര്‍കൃഷിക്കും 888 ഹെക്ടറില്‍ പച്ചക്കറി കൃഷിക്കും നാശം സംഭവിച്ചു. 330 ഹെക്ടറിലെ തെങ്ങുകൃഷിയും കരിഞ്ഞുണങ്ങി. ഇതര കാര്‍ഷിക വിളകളടക്കമാണ് 30,000 ഹെക്ടറില്‍ നാശമുണ്ടായത്.
മേയ് ആകുമ്പോഴേക്കും വരള്‍ച്ചയുടെ ഭാഗമായി 50,000 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിക്കുമെന്നത് ആശങ്കപ്പെടുത്തുന്നുവെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൃഷി നശിച്ച കര്‍ഷകര്‍ക്കുള്ള 87 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യും. കോള്‍മേഖലയിലെ കര്‍ഷകരുടെ നഷ്ടപരിഹാരം മാത്രം 1.50 കോടി നല്‍കും. തിങ്കളാഴ്ച മുതല്‍തന്നെ വിതരണം തുടങ്ങും. നിലവില്‍ ഹെക്ടറൊന്നിന് 13,500 രൂപ വീതം നഷ്ടപരിഹാരമുണ്ട്. കാലാവസ്ഥ ഇന്‍ഷുറന്‍സായി 12,500 രൂപകൂടി ഉള്‍പ്പെടുത്തി കര്‍ഷകരെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.
നിലവിലെ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കി കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണ്. കഴിഞ്ഞ കേന്ദ്ര ബജറ്റുപോലും കര്‍ഷകവിരുദ്ധമായിരുന്നു. കേന്ദ്ര നിലപാടുകള്‍ സംസ്ഥാന ബജറ്റിനെപോലും ബാധിക്കുന്ന തരത്തിലാണെന്നും മന്ത്രി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ വരള്‍ച്ചമൂലം കൃഷി നശിക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഇപ്പോഴേ ആസൂത്രണം ചെയ്തുവരുകയാണ്. ഇക്കുറി കാലവര്‍ഷംതന്നെ 62 ശതമാനം കുറവാണ്്.
റിസര്‍വോയറുകളില്‍ ഭീതിപ്പെടുത്തുന്നവിധം ജലനിരപ്പ് താഴ്ന്നു. ഇത് ഉല്‍പാദനത്തെയാണ് ബാധിച്ചിട്ടുള്ളത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 7112 ഏക്കര്‍ തരിശുഭൂമിയിലും 3,512 ഏക്കര്‍ കരഭൂമിയിലും നെല്‍കൃഷി ചെയ്തിട്ടുണ്ട്. നിലവിലെ നെല്ലുല്‍പാദനത്തേക്കാള്‍ അധിക വര്‍ധനക്ക് സാധിക്കുമായിരുന്നു ഇത്. എന്നാല്‍, വരള്‍ച്ചയെ തുടര്‍ന്ന് ഉണ്ടായ നഷ്ടം ഈ പ്രതീക്ഷകളും തകര്‍ത്തിരിക്കുകയാണ്. വരും നാളുകളില്‍ ഓരോ പടവുകള്‍ക്കും ഭൂമിയുടെ കിടപ്പിനനുസരിച്ച് കൃഷിയിറക്കാനുള്ള സമയക്രമം നിശ്ചയിക്കും. ഇതിനായി മാര്‍ച്ച് രണ്ടാം വാരത്തില്‍ തിരുവനന്തപുരത്ത് യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.