അഹ്മദാബാദ് സ്ഫോടനക്കേസ്: മക്കൾ നിരപരാധികൾ; ഹൈകോടതിയിൽ ഉടൻ അപ്പീൽ നൽകും -പിതാവ്
text_fieldsകോട്ടയം: അഹ്മദാബാദ് സ്ഫോടനക്കേസ് വിധിക്കെതിരെ ഗുജറാത്ത് ഹൈകോടതിയിൽ ഉടൻ അപ്പീൽ നൽകുമെന്ന് കേസിൽ വധശിക്ഷ ലഭിച്ച ഈരാറ്റുപേട്ട സ്വദേശികളായ ശിബിലിയുടെയും ശാദുലിയുടെയും പിതാവ് പി.എസ്. അബ്ദുൽ കരീം. മക്കൾക്ക് ഈ സംഭവത്തിൽ ഒരു പങ്കുമില്ലെന്ന് വിശ്വസിക്കുന്നതായും ഉന്നത നീതിപീഠങ്ങളിൽ നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അഹ്മദാബാദിൽ സ്ഫോടനം നടക്കുമ്പോൾ ശിബിലിയും ശാദുലിയും വിചാരണത്തടവുകാരായിരുന്നു. വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്നവർ ഒരുമിച്ച് ഗൂഢാലോചനയിൽ പങ്കാളികളായെന്നത് അവിശ്വസനീയമാണ്. പ്രതിചേർക്കപ്പെട്ടവരിൽ പലരും പരസ്പരം പരിചയംപോലും ഇല്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
വാഗമൺ സിമി ക്യാമ്പ് കേസുമായി ബന്ധപ്പെട്ട് ശിബിലിയെയും ശാദുലിയെയും കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ, ഈ കേസിൽ അഹ്മദാബാദ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരു പരാമർശവുമില്ല. അഹ്മദാബാദ് കേസിൽ ഗൂഢാലോചന നടത്തിയിരുന്നെങ്കിൽ എൻ.ഐ.എ എന്തുകൊണ്ട് അന്ന് കേസെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.
കേസിന്റെ വിചാരണവേളയിൽ ഒമ്പത് ജഡ്ജിമാരാണ് മാറിവന്നത്. ഒമ്പതാമത്തെ ജഡ്ജിയാണ് 7015 പേജുള്ള വിധിന്യായം എഴുതിയത്. ഇത്രയും പേജുള്ള വിധിന്യായം എഴുതാനുള്ള സമയംപോലും ജഡ്ജിക്ക് ലഭിച്ചിട്ടില്ല. എട്ട് സംസ്ഥാനങ്ങളിൽനിന്നുള്ളവർ പ്രതിയായ കേസിൽ ഗുജറാത്തി ഭാഷയിലാണ് വിധിന്യായം എഴുതിയിരിക്കുന്നത്. ഇപ്പോൾ വധശിക്ഷക്ക് വിധിക്കപ്പെട്ട ശിബിലിയെ നേരത്തേ കർണാടകയിലെ ഹുബ്ലി, മധ്യപ്രദേശിലെ നരസിംഹഗെഡ് കേസുകളിൽ വെറുതെ വിട്ടിരുന്നു. മുംബൈ സബർബൻ സ്ഫോടനപരമ്പര കേസിൽ പ്രതി ചേർക്കപ്പെട്ട ശിബിലിയെ ഇൻഡോറിൽ അറസ്റ്റിലായശേഷം ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിൽ എ.ടി.എസ് ചോദ്യം ചെയ്തശേഷം ചാർജ് ഷീറ്റിൽനിന്ന് ഒഴിവാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.