എ.ഐ കാമറക്കെന്ത് പൊലീസ്; നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴയീടാക്കണമെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: മോട്ടോർ വാഹന നിയമം ലംഘിച്ച പൊലീസ് വാഹനങ്ങൾക്ക് നിരന്തരം പിഴ നോട്ടീസ് വന്നതോടെ ഗത്യന്തരമില്ലാതെ ഡി.ജി.പി പുതിയ സർക്കുലർ ഇറക്കി. ട്രാഫിക് നിയമം ലംഘിക്കുന്ന പൊലീസ് വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴയീടാക്കണമെന്നാണ് സർക്കുലർ. ഇതോടെ നിരവധി ഉദ്യോഗസ്ഥർ വെട്ടിലായി.
പൊലീസ് വാഹനങ്ങളുടെ നിയമലംഘനം പതിവായതോടെയാണ് നിർദേശം. പത്ത് ദിവസത്തിനകം ഉദ്യോഗസ്ഥർ പിഴ അടച്ചതിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നും ഡി.ജി.പി നിർദേശിച്ചു. റോഡിൽ കാമറകൾ സ്ഥാപിച്ചതോടെ, പൊലീസ് വാഹനങ്ങളുടെ നിയമലംഘനങ്ങളുടെ ചിത്രം സഹിതം പിഴ നോട്ടീസ് ബന്ധപ്പെട്ട ഓഫിസുകളിലേക്ക് കൂട്ടമായെത്തി. സീറ്റ് ബെൽറ്റ് ധരിക്കാതെ വണ്ടി ഓടിക്കൽ, ചുവപ്പ് ലൈറ്റ് ലംഘിക്കൽ തുടങ്ങിയ ലംഘനങ്ങളാണ് അധികവും. പിഴ ലക്ഷങ്ങളിലെത്തിയതോടെയാണ് ഡി.ജി.പി നടപടി ശക്തമാക്കിയത്.
നിയമം നടപ്പാക്കുന്ന ഏജൻസിയെന്ന നിലയിൽ പൊലീസിന് ട്രാഫിക് നിയമം പാലിക്കാൻ ബാധ്യതയുണ്ടെന്ന് ഡി.ജി.പിയുടെ സർക്കുലറിൽ പറയുന്നു. നേരത്തേ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പിഴ നോട്ടീസ് ദിവസേന ലഭിക്കുകയാണ്. നിയമം ലംഘിക്കുന്നവർ പിഴ അടയ്ക്കണം. സർക്കാറിന്റെ പണം ഇതിനായി ചെലവാക്കാനാകില്ല. പിഴയടച്ച ഉദ്യോഗസ്ഥരുടെ വിവരം സംസ്ഥാനതലത്തിൽ ശേഖരിച്ച് അറിയിക്കാനും ഡി.ജി.പി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.