എ.ഐ കാമറ: അപകടങ്ങൾ കുറഞ്ഞു; വരുമാനം കൂടി
text_fieldsകൊച്ചി: വാഹനാപകടങ്ങൾ ഗണ്യമായി കുറക്കുകയെന്ന പ്രാഥമിക ലക്ഷ്യം എ.ഐ കാമറകൾ സ്ഥാപിച്ചതിലൂടെ നിറവേറിയതായി സർക്കാർ ഹൈകോടതിയിൽ. എ.ഐ കാമറയിലൂടെ വരുമാന വർധനയെന്ന ലക്ഷ്യവും നേടിയെന്ന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ സ്റ്റേറ്റ് അറ്റോണി മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. എ.ഐ കാമറകൾ സ്ഥാപിച്ചതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തല എം.എൽ.എയും നൽകിയ ഹരജിയിലാണ് വിശദീകരണം.
ഹരജികൾ രാഷ്ട്രീയ താൽപര്യത്തോടെയുള്ളതാണെന്നും തള്ളണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. പദ്ധതി ധനവകുപ്പ് എതിർത്തുവെന്ന വാദം അടിസ്ഥാനരഹിതമാണ്. പൊതുവായ ആരോപണത്തിനപ്പുറം നിയമവിരുദ്ധമായ ഏതെങ്കിലും കാര്യങ്ങൾ ഹരജിയിൽ ചൂണ്ടിക്കാട്ടാനായിട്ടില്ല. ഇക്കാര്യത്തിൽ ഹരജിക്കാർ അധികൃതർക്ക് പരാതി നൽകിയിട്ടുമില്ല. ടെൻഡർ, കരാർ നടപടികളിൽ നിയമവിരുദ്ധമായി ഒന്നുമില്ല. സർക്കാർ ഉത്തരവിനും മാർഗ നിർദേശങ്ങൾക്കും വിധേയമായാണ് നടപടികൾ. പദ്ധതിയുടെ ഭാഗമായ സംവിധാനങ്ങൾ കഴിഞ്ഞവർഷം ജൂണിൽ സ്ഥാപിച്ചതാണെങ്കിലും ഈ വർഷം ജൂണിലാണ് ഹരജി നൽകിയിരിക്കുന്നത്.
കേരളത്തിലെ വാഹനപ്പെരുപ്പം ഇന്ത്യയിൽതന്നെ ഏറ്റവും വർധിച്ച തോതിലാണ്. ദേശീയ ശരാശരിയെക്കാൾ അപകടനിരക്കും കൂടുതലാണ്. ഇക്കാര്യത്തിൽ കേരളം അഞ്ചാംസ്ഥാനത്താണ്. പദ്ധതി നടപ്പാക്കാൻ മോട്ടോർ വാഹനവകുപ്പിന് സാങ്കേതിക പരിജ്ഞാനമില്ലാത്തതിനാലാണ് കെൽട്രോണിന്റെ സഹായം തേടിയത്.
എ.ഐ കാമറ സ്ഥാപിക്കുന്നതിലൂടെ ഗതാഗത നിയമലംഘനത്തിന് പിഴയായി അഞ്ചുവർഷം കൊണ്ട് 424 കോടി രൂപ സർക്കാറിന് ലഭിക്കുമെന്നായിരുന്നു കെൽട്രോൺ അറിയിച്ചത്. ഇതിൽനിന്ന് കെൽട്രോണിന് നൽകേണ്ട തുക കുറച്ച് 188 കോടി രൂപ സർക്കാർ ഖജനാവിലേക്ക് എത്തുമെന്നും വിശദീകരിച്ചിരുന്നു. എല്ലാ വിവരങ്ങളും സൂക്ഷിക്കുന്നത് മോട്ടോർ വാഹന വകുപ്പാണെന്നും വിശദീകരണത്തിൽ പറയുന്നു. സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹരജിക്കാർ സമയം തേടിയതിനെത്തുടർന്ന് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി സെപ്റ്റംബർ 18ന് പരിഗണിക്കാൻ മാറ്റി.
2022 ജൂണിൽ പരിക്കേറ്റവർ 344; 2023 ജൂണിൽ 276
2023 ജൂൺ അഞ്ചുമുതലാണ് കാമറകൾ പ്രവർത്തനം തുടങ്ങിയത്. 2022 ജൂണിൽ 344 പേർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റ സ്ഥാനത്ത് ഈ വർഷം ജൂണിൽ 276 ആയി കുറഞ്ഞു. 2022 ജൂലൈയിൽ 313 പേർക്ക് പരിക്കേറ്റപ്പോൾ ഈ വർഷം 264 ആയി.
2022 ആഗസ്റ്റിൽ 3366 അപകടമുണ്ടായയിടത്ത് 2023 ആഗസ്റ്റിൽ 1065 എണ്ണം മാത്രമാണുണ്ടായത്. 307 പേർക്ക് മാരകമായി പരിക്കേൽക്കുകയും 4040 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ, 2023 ആഗസ്റ്റിൽ 58 പേർക്കാണ് മാരകമായി പരിക്കേറ്റത്. 1197 പേർക്ക് മാത്രമാണ് മാരകമല്ലാത്ത പരിക്കേറ്റത്.
കാമറകൾ പ്രവർത്തനം തുടങ്ങിയശേഷം ഇതുവരെ 7.62 കോടി രൂപ സർക്കാർ ഖജനാവിൽ എത്തി. സെപ്റ്റംബറിലെ കണക്ക് പ്രകാരം 59.72 കോടിയാണ് ലഭിക്കാനുള്ളതെന്നും സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.