എ.ഐ കാമറ: കമ്പനികൾക്ക് കെ ഫോണിലും ബന്ധം -തെളിവ് പുറത്തുവിട്ട് ചെന്നിത്തല
text_fieldsകൊച്ചി: വിവാദ എ.ഐ കാമറ പദ്ധതിയിലെ പങ്കാളികളായ എസ്.ആർ.ഐ.ടി, അക്ഷര എന്‍റര്‍പ്രൈസസ്, അശോക ബില്‍ഡ്‌കോണ്‍ എന്നീ കമ്പനികൾ തമ്മിൽ കെ ഫോൺ പദ്ധതിയിലും കൂട്ടുകെട്ടുണ്ടായിരുന്നതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ ഫോൺ പദ്ധതിയിൽ എസ്.ആർ.ഐ.ടിയും അശോക ബിൽഡ്കോണും തമ്മിൽ ഇടപാടുകൾ നടന്നതിന്‍റെ രേഖകൾ അദ്ദേഹം പുറത്തുവിട്ടു.
കെ ഫോണ്‍ പദ്ധതിയില്‍ കരാര്‍ നേടിയ എസ്.ആർ.ഐ.ടി, 2019 ല്‍ അശോകയ്ക്ക് 313 കോടി രൂപയുടെ ഉപകരാര്‍ നല്‍കിയിട്ടുണ്ട്. അശോകയാകട്ടെ മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുള്ള കമ്പനിയായ പ്രസാദിയോക്ക് ഇതിന്‍റെ ഉപകരാര്‍ നല്‍കി. അതിന്‍റെ തെളിവും തന്‍റെ കൈയിലുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. കെ ഫോണിൽ ഏഴുവർഷത്തേക്ക് മെയിന്‍റനൻസിന് മാത്രമായി 363 കോടി വകയിരുത്തി. കെ ഫോൺ വരുമാനത്തിന്‍റെ 10 മുതൽ 12 ശതമാനം വരെ ഈ കമ്പനിക്ക് നൽകാമെന്ന് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഉത്തരവ് ഇറക്കി. ഇത് തീവെട്ടി കൊള്ളയല്ലാതെ മറ്റെന്താെണന്ന് ചെന്നിത്തല ചോദിച്ചു.
ഇത് കഴിഞ്ഞാണ് ഈ കമ്പനികള്‍ എ.ഐ കാമറ ടെൻഡറില്‍ പങ്കെടുത്ത് കൂട്ടു കച്ചവടം നടത്തിയത്. ശാസ്ത്രീയമായി അഴിമതി നടത്തുന്നതില്‍ പിണറായി സര്‍ക്കാറിനുള്ള മിടുക്കാണ് എ.ഐ കാമറ തട്ടിപ്പിൽ തെളിഞ്ഞു കാണുന്നത്. അഴിമതി സംബന്ധിച്ച എല്ലാ തെളിവുകളും പുറത്തു വന്നിട്ടും സര്‍ക്കാറും മുഖ്യമന്ത്രിയും മൗനം പാലിക്കുന്നത് അവര്‍ക്ക് മറുപടി ഇല്ലാത്തതു കൊണ്ടാണ്. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് നേരെ ആരോപണം ഉയര്‍ന്നിട്ടും അദ്ദേഹം മൗനം തുടരുന്നു. സാധാരണ ഗതിയില്‍ ഇതിനകം പൊട്ടിത്തെറിക്കേണ്ട ആളാണ്. എന്നാൽ, തെളിവുകൾ പുറത്തു വന്നതിനാല്‍ പൊതുസമൂഹത്തെ നേരിടാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.