എ.ഐ കാമറ വിവാദം അനാവശ്യം; ഉപ കരാർ നൽകിയത് മാനദണ്ഡങ്ങൾ പാലിച്ചെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: എ.ഐ കാമറ വിവാദത്തിലുയർന്ന ആരോപണങ്ങൾ തള്ളിയും കെൽട്രോൺ കരാറുകളും ഇടപാടുകളും സുതാര്യമെന്ന് പ്രഖ്യാപിച്ചും സംസ്ഥാന സർക്കാർ. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചെന്നും കരാർ ഇടപാടുകൾ ‘പെർഫെക്ട്’ ആണെന്ന് ബോധ്യപ്പെട്ടെന്നും മന്ത്രി പി.രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെൽട്രോണിന്റെ ടെണ്ടർ നടപടികൾ സുതാര്യമാണ്. ബോധപൂർവം പുകമറ സൃഷ്ടിക്കാൻ ശ്രമങ്ങളുണ്ടായി. ആരോപണങ്ങൾ ഉന്നയിക്കുന്നവർ ഉയർത്തുന്ന രേഖകൾ ആധികാരികമല്ലെന്നും മന്ത്രി പറഞ്ഞു. കെൽട്രോണും എസ്.ആർ.ഐ.ടിയും തമ്മിലാണ് കരാർ. അതേ സമയം, ഈ കരാറിൽ എസ്.ആർ.ഐ.ടി ഉപകരാർ നൽകിയ കമ്പനിയുടെ പേര് പറയേണ്ടതില്ലായിരുന്നു. ഇത്തരത്തിൽ പ്രസാഡിയോയുടെ അടക്കം പേരുകൾ പരാമർശിച്ചത് ശരിയായില്ല - മന്ത്രി പറഞ്ഞു. ഉപകരാറുകളിൽ സർക്കാറിന് ഉത്തരവാദിത്തമില്ല. ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് കെൽട്രോണിന് കരാർ നൽകിയത്.
എന്നാൽ ഉപകരണങ്ങൾ വാങ്ങുന്നതിന് മുമ്പായി സമഗ്ര ഭരണാനുമതി നൽകുന്ന നടപടിക്രമം നേരത്തെ പൂർത്തിയാക്കേണ്ടതായിരുന്നുവെന്നും റിപ്പോർട്ട് ഉദ്ധരിച്ച് മന്ത്രി വ്യക്തമാക്കി. വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ട് വ്യാഴാഴ്ചയാണ് സർക്കാറിന് ലഭിച്ചത്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇവ:
1. സേഫ് കേരള പദ്ധതിക്കായുള്ള കെൽട്രോണിന്‍റെ ടെണ്ടർ നടപടികൾ സി.വി.സി (സെൻട്രൽ വിജിലൻസ് കമ്മീഷൻ) മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് നടത്തിയത്. സുതാര്യമായാണ് നടപടികൾ പൂർത്തിയാക്കിയതും. രേഖകളെല്ലാം പോർട്ടലിലുണ്ട്.
2. ഡാറ്റ സുരക്ഷ, ഡാറ്റ ഇന്‍റഗ്രിറ്റി, ഫെസിലിറ്റി മാനേജ്മെന്‍റ് ഉപകരണങ്ങളുടെ കോൺഫിഗറേഷൻ എന്നിവയൊഴികെ മറ്റെല്ലാ കാര്യങ്ങളിലും ഉപകരാർ അനുവദനീയമാണ്. അത് പാലിച്ചാണ് ടെണ്ടർ നടപടികൾ നടന്നത്.
3. കെൽട്രോണും എസ്.ആർ.ഐ.ടിയും തമ്മിലാണ് കരാർ. അതിൽ ഉപകരാറുകാരുടെ പേരുകൾ പരാമർശിക്കേണ്ടതില്ലായിരുന്നു. അത് തെറ്റാണ്. യഥാർഥത്തിൽ കെൽട്രോൺ തയ്യാറാക്കിയതിൽ ഇതുണ്ടായിരുന്നില്ല. പേര് പറഞ്ഞതു കൊണ്ട് സുതാര്യതയിലോ വ്യവസ്ഥകളിലോ മാറ്റമുണ്ടായിട്ടില്ല.
4. പദ്ധതിയുടെ ഭാഗമായി ഉപകരണങ്ങൾ വാങ്ങുന്നതിന് മുൻപായി സമഗ്ര ഭരണാനുമാതി നൽകുന്ന നടപടിക്രമം നേരത്തെ പൂർത്തിയാക്കേണ്ടതായിരുന്നു.
ഉന്നതാധികാര സമിതി വേണം, നിർദേശങ്ങൾ ഇങ്ങനെ
1. ഭാവിയിൽ ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ മതിയായ പരിശോധനക്ക് ഉന്നതാധികാര സമിതിക്ക് രൂപം നൽകണം. സമഗ്ര ഭരണാനുമതി ഉത്തരവ് അവസാനമാണ് വന്നതെന്നതടക്കം ആക്ഷേപങ്ങൾ ഒഴിവാക്കുന്നതിന് ഇത് സഹായിക്കും.
2. കെൽട്രോണിന് ബാഹ്യ ഏജൻസികളുമായി കരാറുകളിലേർപ്പെടുന്നതിന് അനുമതിയുണ്ട്. എന്നാൽ നിയമപരമായി കെൽട്രോണിന്‍റെ താത്പര്യം സംരക്ഷിക്കാൻ സംവിധാനം ഒരുക്കണം. ഇത്തരം കാര്യങ്ങളിൽ കുറച്ചു കൂടി ഘടനാപരമായ സംവിധാനം വേണം. ആവശ്യമില്ലാതെ കെൽട്രോണിന്‍റെ പേര് വലിച്ചിഴയ്ക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.
3. കെൽട്രോണുമായി സഹകരിക്കുന്ന വകുപ്പുകളും സർക്കാർ ഏജൻസികളും അവരുടെ അഭ്യന്തര നടപടി ക്രമങ്ങൾ പദ്ധതി ആരംഭിക്കും മുൻപ് പൂർത്തിയാക്കണം. പങ്കാളികളാകുന്ന വകുപ്പുകൾ ഉത്തരവാദിത്തം പരസ്പരം ബോധ്യപ്പെട്ട് പ്രവർത്തിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.