എ.ഐ കാമറ വിവാദം: മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതിയിൽ പങ്കുള്ളതുകൊണ്ടെന്ന് കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: എ.ഐ കാമറ വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതിയിൽ അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുള്ളത് കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ- ശിവശങ്കരൻ ടീമിന്റെ തീവെട്ടിക്കൊള്ളയുടെ മറ്റൊരു അധ്യായമാണ് എ.ഐ കാമറ തട്ടിപ്പ്. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായിട്ടുള്ള ബന്ധം പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ കള്ളൻ കപ്പലിൽ തന്നെയാണെന്ന് ഉറപ്പിക്കാം.
പ്രസാഡിയോ ഡയറക്ടർ പ്രകാശ് ബാബുവുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം അദ്ദേഹം തുറന്നു പറയണം. പ്രസാഡിയോ കമ്പനിയുടെ സമീപകാലത്തെ സമ്പത്തിക വളർച്ച ഞെട്ടിക്കുന്നതാണ്. എ.കെ ബാലൻ സംസാരിക്കുന്നത് കവല ചട്ടമ്പിയുടെ ഭാഷയിലാണ്. അൽഹിന്ദ് കമ്പനി കരാറിൽ നിന്നും പിൻമാറിയത് പ്രസാഡിയോ വലിയ അഴിമതി നടത്തുന്നത് കൊണ്ടാണെന്ന് വ്യക്തമായ സ്ഥിതിക്ക് സർക്കാർ മറുപടി പറയണം.
മുഖ്യമന്ത്രിയുടെ ബന്ധു ഡയറക്ടറായ പ്രസാഡിയോ കമ്പനിയാണ് അഴിമതിക്ക് ചുക്കാൻ പിടിച്ചതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. വിജിലൻസ് അന്വേഷണം അഴിമതിയുടെ തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ അഴിമതിയുടെ തെളിവുകൾ നശിപ്പിക്കാനാണ് വിജിലൻസ് ശ്രമിച്ചത്. സർക്കാരിന്റെ അഴിമതികൾക്ക് ചൂട്ട് പിടിക്കുന്ന പണിയാണ് വിജിലൻസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കരാർ റദ്ദാക്കി ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയാറാവണം. അല്ലെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറണം. ഇന്ത്യയിലെ മറ്റ് പല നഗരങ്ങളിലും സുതാര്യമായ രീതിയിൽ കാമറ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ അഴിമതിക്ക് വേണ്ടിയാണ് എ.ഐ ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് വ്യക്തമാണ്.
2019ൽ തന്നെ ട്രോയ്സ് കാമറയുടെ ടെസ്റ്റ് റൺ നടത്തിയത് കരാർ കിട്ടുമെന്ന ബോധ്യമുള്ളത് കൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.