എ.ഐ കാമറ: പ്രതിദിന പിഴ പ്രതീക്ഷ 25 കോടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 നിർമിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) കാമറകള്‍ യഥാർഥ്യമാകുമ്പോൾ സർക്കാർ ഖജനാവിലേക്ക് പ്രതീക്ഷിക്കുന്നത് പ്രതിദിനം കുറഞ്ഞത് 25 കോടിയോളം രൂപ. ഒപ്പം നിയമലംഘനങ്ങൾക്ക് തടയിടാനും സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഒരു മാസത്തിലേറെയായി നടത്തുന്ന ട്രയല്‍ റണ്ണിലൂടെ പ്രതിദിനം അഞ്ചു ലക്ഷത്തോളം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതായാണു വിവരം. മന്ത്രിസഭ അനുമതി ലഭിച്ചതോടെ ഏപ്രിൽ 20 മുതൽ പിഴ ഈടാക്കി തുടങ്ങും.
ശരാശരി 500 രൂപ പിഴ കണക്കാക്കിയാൽ അഞ്ചു ലക്ഷം പെറ്റിയിലൂടെ നിത്യേന 25 കോടിയോളം രൂപ കിട്ടുമെന്നാണ് ഏകദേശ കണക്ക്. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവയില്ലാത്തതിന് മാത്രമാണ് 500 രൂപ പെറ്റി. മറ്റ് നിയമലംഘനത്തിനൊക്കെ ആയിരവും രണ്ടായിരവുമൊക്കെയാണ് പിഴ. 24 മണിക്കൂറും കാമറ പ്രവർത്തിക്കുന്നതിനാൽ പെറ്റിയടിയും രാവും പകലും തുടരും. തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള 88 കാമറകളിലൂടെ മാത്രം അരലക്ഷം മുതൽ ഒരുലക്ഷം വരെ ട്രാഫിക് നിയമലംഘനങ്ങളാണ് നിത്യേന കണ്ടെത്തുന്നത്.
തിരുവനന്തപുരം മുതൽ കാസർകോടുവരെ 726 കാമറകള്‍ 232.25 കോടി ചെലവിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. കണക്ടിവിറ്റി, ഡേറ്റ വിശകലനം, സൗരോര്‍ജ സംവിധാനം, ജീവനക്കാര്‍ എന്നിവക്ക് മൂന്നു മാസത്തിലൊരിക്കല്‍ മൂന്നരക്കോടിയും കാമറ സ്ഥാപിച്ച ചെലവില്‍ എട്ടരക്കോടിയും കെല്‍ട്രോണിന് നല്‍കണം. ദൃശ്യങ്ങൾ പരിശോധിച്ച് പിഴ തയാറാക്കുന്നത് കെല്‍ട്രോണും പെറ്റി അംഗീകരിക്കേണ്ടത് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗവുമാണ്. ഈ സംവിധാനത്തിൽ ഒരു കൃത്രിമവും നടത്താനാകില്ലെന്നാണ് വിശദീകരണം. 800 മീറ്റര്‍ പരിധിയിലെ നിയമലംഘനങ്ങള്‍വരെ പിടിക്കാനാകും.
ഒറ്റ യാത്രയിൽ പല പിഴ
ഏതൊക്കെ കാമറ പരിധിയിൽ നിയമലംഘനം പിടിക്കുന്നോ അതിനെല്ലാം പിഴയൊടുക്കേണ്ട സാഹചര്യമുണ്ടായേക്കും. സർക്കാർതലത്തിൽ തീരുമാനം എടുത്താലേ ഇതിൽ മാറ്റം വരൂ. ഹെൽമറ്റ്-സീറ്റ് ബെൽറ്റ് ധരിക്കാത്തതും ഇൻഷുറൻസ്, ടാക്സ്, രജിസ്ട്രേഷൻ, പൊല്യൂഷൻ സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെ രേഖകളുണ്ടോയെന്നും പരിശോധിച്ച് പിഴ ചുമത്താൻ ഇതിലൂടെ സാധിക്കും. മൊബൈൽ ഫോൺ ഉപയോഗവും പിടിയിലാവും. നിയമലംഘന ദൃശ്യങ്ങള്‍ അഞ്ചു വര്‍ഷം സൂക്ഷിക്കാനുള്ള സംവിധാനം കണ്ട്രോള് റൂമിലെ ഡേറ്റ സെന്ററിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.