എ.ഐ കാമറ ഇടപാട്: ഉപകരാർ മറച്ചുവെച്ചത് ചട്ടവിരുദ്ധം
text_fieldsതിരുവനന്തപുരം: എ.ഐ കാമറ പദ്ധതിയിലെ ഉപകരാർ വിവരങ്ങൾ മോട്ടോർ വാഹനവകുപ്പിനെ അറിയിക്കാത്തത് ചട്ടവിരുദ്ധമെന്ന് രേഖകൾ. കെൽട്രോൺ എസ്.ആർ.ഐ.ടിക്ക് നൽകിയ ഉപകരാർ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കേണ്ടതില്ലെന്നായിരുന്നു വ്യവസായ മന്ത്രിയുടെയും കെൽട്രോണിന്റെയും നിലപാട്. എന്നാൽ, ഇതു തെറ്റെന്ന് സര്‍ക്കാര്‍ വകുപ്പുകൾക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി 2018 ആഗസ്റ്റിൽ ധനവകുപ്പ് ഇറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. ഉത്തരവ് പ്രകാരം ഉപകരാർ നൽകുന്ന മൂന്നാം കക്ഷിയിൽനിന്ന് സാധനങ്ങൾ വാങ്ങുന്നത് സുതാര്യമായ ബിഡിങ് വഴിയാകണമെന്നും ബിഡിങ് നടപടികൾ ബന്ധപ്പെട്ട വകുപ്പിനും ലഭ്യമാക്കണമെന്നുമാണ് ഉത്തരവിലുള്ളത്.
പ്രോജക്ട് മാനേജ്മെന്റ് കൺസൽട്ടന്റ് (പി.എം.സി) ആയാണ് അക്രഡിറ്റഡ് ഏജൻസി പ്രവർത്തിക്കുന്നതെങ്കിൽ മൂന്നാം കക്ഷിയെ തെരഞ്ഞെടുക്കുന്നതിൽ അന്തിമ തീരുമാനം ബന്ധപ്പെട്ട വകുപ്പാണ് എടുക്കേണ്ടത്. അതായത്, മോട്ടോർ വാഹന വകുപ്പാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്ന് വ്യക്തം. കരാർ നൽകുന്നതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട വകുപ്പിനുമായിരിക്കും.
മൂന്നാം കക്ഷിക്ക് പണം നൽകുന്നത് വകുപ്പ് നേരിട്ടായിരിക്കണം എന്നും ധനവകുപ്പ് ഉത്തരവിൽ പറയുന്നു. ഈ നിബന്ധനകൾ കെൽട്രോൺ - എസ്.ആർ.ഐ.ടി ഉപകരാറിൽ പാലിക്കപ്പെട്ടില്ല. ഒരേ സമയം കൺസൽട്ടന്റായും ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയായും പ്രവർത്തിക്കാൻ പാടില്ലെന്ന നിർദേശവും പാലിച്ചില്ല. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണത്തിൽ ഈ നിയമ ലംഘനങ്ങൾ പരിഗണിക്കപ്പെട്ടേക്കും. സർക്കാർ നിർദേശ പ്രകാശം വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി പരിശോധനകൾ തുടങ്ങിയിട്ടുണ്ട്. കെൽട്രോണ്‍ കൈമാറിയ രേഖകളാണ് പരിശോധിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.
വലിയ അവകാശ വാദത്തോടെ അവതരിപ്പിച്ച പദ്ധതി വിവാദത്തിലായതോടെ കൈയൊഴിയാനുള്ള വഴി തേടുകയാണു വകുപ്പുകൾ. കരാർ നൽകിയതു മന്ത്രി എ.കെ. ശശീന്ദ്രന്റെ കാലത്താണെങ്കിലും ഇടപാടിനെക്കുറിച്ച് ഓർമയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പദ്ധതി ഗതാഗത വകുപ്പിന്റേതാണെങ്കിലും വിശദീകരിക്കേണ്ടതു കെൽട്രോൺ ആണെന്നാണ് മന്ത്രി ആന്റണി രാജുവിന്റെ നിലപാട്. ഇതിനിടയിലാണ് അന്വേഷണം പ്രഖ്യാപിച്ചും രേഖകൾ പരസ്യപ്പെടുത്താൻ നിർദേശം നൽകിയുമുള്ള വ്യവസായ മന്ത്രിയുടെ ഇടപെടൽ. ഇതിനോടകം പുറത്തുവന്ന രേഖകൾ വീണ്ടും പുറത്തുവിട്ടതല്ലാതെ സുപ്രധാന വിവരങ്ങൾ ഇപ്പോഴും പരസ്യപ്പെടുത്താൻ കെൽട്രോൺ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.