എ.ഐ കാമറ: ഇ- ചലാനുകൾ കുറഞ്ഞു; ഉന്നതതലയോഗത്തിൽ അതൃപ്തി
text_fieldsതിരുവനന്തപുരം: എ.ഐ കാമറകൾ തകൃതിയായി ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നെങ്കിലും ഇ-ചലാനുകളും തപാൽ വഴി അയക്കലും കുത്തനെ കുറഞ്ഞു. ചലാൻ സൃഷ്ടിക്കുന്നതിലടക്കമുള്ള കെൽട്രോണിന്റെ മെല്ലപ്പോക്കിൽ ഉന്നതതല യോഗത്തിൽ അതൃപ്തി. കൂടുതൽ ജീവനക്കാരെ വിന്യസിച്ച് മൂന്ന് മാസത്തിനുള്ളിൽ ചലാൻ നടപടികൾ വേഗത്തിലാക്കാനും ബാക്ക്ലോഗ് പൂർണമായും പരിഹരിക്കാനും കെൽട്രോണിനോട് ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു മാസത്തിനിടെ 20.42 ലക്ഷം ഗതാഗതക്കുറ്റങ്ങൾ കാമറകൾ പിടികൂടിയെങ്കിലും 7.41 ലക്ഷം (741766) എണ്ണമാണ് കെൽട്രോൺ നടപടികൾ പൂർത്തിയാക്കി കൈമാറിയത്. ഇതിൽതന്നെ സോഫ്റ്റ്വെയറിലേക്ക് അപ്ലോഡ് ചെയ്തത് 1.77 ലക്ഷം മാത്രമാണ്. ഇ-ചലാൻ സൃഷ്ടിച്ചതാകട്ടെ 1.28 ലക്ഷവും.
തപാൽ വഴി വാഹന ഉടമക്ക് ചലാൻ അയച്ചത് 1,04,063 ഉം. എ.ഐ കാമറകളുടെ പ്രവർത്തന അവലോകനത്തിനായി ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ജൂൺ അഞ്ചുമുതൽ ജൂലൈ മൂന്നുവരെയുള്ള കണക്കുകൾ വിലയിരുത്തിയത്. ഒരു വാഹനത്തിൽതന്നെ ഒന്നിൽ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനാൽ പിഴകളുടെ എണ്ണം കൂടിയിട്ടുണ്ട്.
സോഫ്റ്റ്വെയറിലേക്ക് അപ്ലോഡ് ചെയ്തത് 1.77 ലക്ഷം വാഹനങ്ങളുടെ ഗതാഗത കുറ്റങ്ങളാണെങ്കിലും ഇവയിൽ പലതിനും ഇരട്ടപ്പിഴ ചുമത്തേണ്ടി വന്നതിനാൽ ആകെ ചുമത്തുന്ന പിഴകളുടെ എണ്ണം 2.14 ലക്ഷമാണ്. ഇതുവരെ സൃഷ്ടിച്ച 1.28 ലക്ഷം ചലാനുകളിലായി 7.94 കോടി രൂപയാണ് സർക്കാറിന് പിഴയിനത്തിൽ ലഭിക്കേണ്ടത്. ഇതുവരെ കിട്ടിയത് 81.78 ലക്ഷവും.
20 ലക്ഷം ഗതാഗത നിയമലംഘനങ്ങൾ പിടികൂടിയെങ്കിലും സോഫ്റ്റ്വെയറിലേക്ക് അപ്ലോഡ് ചെയ്തവയുടെ എണ്ണം കുറയുന്നതിന് ചില ഘടകങ്ങൾ കാരണമായിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമല്ലാത്തതാണ് ഇതിലൊന്ന്.
സെപ്റ്റംബർ ഒന്നുമുതൽ ഈ വിഭാഗം വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാകുന്നതോടെ ഈ പ്രശ്നം പരിഹരിക്കും. 2005ന് മുമ്പുള്ള വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റില്ല. നമ്പർ പ്ലേറ്റ് കൃത്യമല്ലാത്തതാണ് മറ്റൊന്ന്. ഇതര സംസ്ഥാന വാഹനങ്ങളെ ഇതുവരെ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തിയിട്ടില്ല.
പക്ഷേ, ഇവയെയെല്ലാം കാമറകൾ പിടികൂടുന്നതാണ് കുറ്റങ്ങളുടെ എണ്ണം കൂടാൻ കാരണം. പക്ഷേ, കൺട്രോൾ റൂമിലെ പരിശോധയിൽ ഇവയെയെല്ലാം ഒഴിവാക്കുകയാണ്. ഇതര സംസ്ഥാന വാഹനങ്ങൾക്കും ഇനിമുതൽ പിഴ ചുമത്താനാണ് അവലോകനയോഗത്തിന്റെ തീരുമാനം. ഇവയുടെ വിവരങ്ങൾ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്താൻ എൻ.ഐ.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു മാസത്തിനിടയിലെ ഗതാഗതക്കുറ്റങ്ങൾ ഒറ്റനോട്ടത്തിൽ
ഹെൽമറ്റ് ധരിക്കാത്ത യാത്ര -73887 (കൂടുതൽ തിരുവനന്തപുരം -19482, കുറവ് വയനാട് -419)
പിന്നിൽ ഹെൽമറ്റില്ലാത്ത യാത്ര-30213 (കൂടുതൽ തിരുവനന്തപുരം, കുറവ് വയനാട് )
ഡ്രൈവിങ് സീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തത്- 49775 (കൂടുതൽ മലപ്പുറം-5622, കുറവ് ഇടുക്കി-1931)
ഡ്രൈവറിന് വശത്തെ സീറ്റിൽ ബെൽറ്റ് ധരിക്കാത്തത് -57032 (കൂടുതൽ മലപ്പുറം-8169, കുറവ് ഇടുക്കി-2343)
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം -1846 (കൂടുതൽ തിരുവനന്തപുരം -316, കുറവ് ഇടുക്കി-09)
ഇരുചക്രവാഹനങ്ങളിലെ മൂന്ന് പേരുടെ യാത്ര -1818 (കൂടുതൽ തിരുവനന്തപുരം-441, കുറവ് കണ്ണൂർ -15)
വി.ഐ.പി വാഹനങ്ങൾ- 206
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.