എ.ഐ കാമറ: വ്യവസ്ഥകൾ തിരുത്തി തലയൂരാൻ വഴിതേടുന്നു
text_fieldsതിരുവനന്തപുരം: എ.ഐ കാമറ പദ്ധതിക്ക് പിന്നിലെ കരാറുകളും ഇടപാടുകളും വിവാദമായ സാഹചര്യത്തിൽ അന്തിമ ധാരണപത്രത്തിലും വ്യവസ്ഥകളിലും ഭേദഗതി വരുത്തി തലയൂരാൻ വഴിതേടി സർക്കാർ. പദ്ധതിയുടെ തുക കുറക്കാനാകുമോയെന്നത് ഉൾപ്പെടെയാണ് മോട്ടോർ വാഹനവകുപ്പ് പരിശോധിക്കുന്നത്. വ്യവസായ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും അന്തിമ തീരുമാനം.
വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ട് ബുധനാഴ്ചയോ വ്യാഴാഴ്ചയോ സർക്കാറിന് സമർപ്പിച്ചേക്കുമെന്നാണ് വിവരം. പദ്ധതിക്ക് 232 കോടിയെന്ന വന്തുകയാകാന് കാരണം കാമറക്കും ഉപകരണങ്ങള്‍ക്കുമെല്ലാം അമിത വിലയിട്ടതാണെന്നാണ് പ്രധാന ആരോപണം. കെല്‍ട്രോണ്‍ 151.22 കോടിക്കാണ് പദ്ധതി ബംഗളൂരു ആസ്ഥാനമായ കമ്പനിയെ ഏല്‍പ്പിച്ചതെന്നും ഈ കമ്പനി മറ്റു രണ്ട് കമ്പനികളുമായുണ്ടാക്കിയ ഉപകരാറിൽ 75 കോടിക്ക് പദ്ധതി നടപ്പാക്കാമെന്നാണ് പറയുന്നതെന്നുമുള്ള രേഖകൾ ഇതിനകം പുറത്തുവന്നിരുന്നു. 75 കോടി 151 കോടിയായും പിന്നീട് 232 കോടിയായും എങ്ങനെ മാറിയെന്നതാണ് പ്രതിപക്ഷമടക്കം ഉന്നയിക്കുന്നത്.
കാമറ പദ്ധതിക്ക് സര്‍ക്കാറിന്റെ സമഗ്ര അനുമതിയായെങ്കിലും മോട്ടോര്‍ വാഹനവകുപ്പും കെല്‍ട്രോണും തമ്മില്‍ അന്തിമ ധാരണപത്രം കൂടി ഒപ്പിടാനുണ്ട്. ഈ ധാരണപത്രത്തിലൂടെ നിലവിലെ വിവാദ കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്താനാകുമോ എന്നാണ് ഗതാഗതവകുപ്പിന്റെ ആലോചന. എന്തെല്ലാം കാര്യങ്ങളില്‍ മാറ്റം വേണമെന്ന് തീരുമാനിക്കുന്നത് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷ് നല്കുന്ന അന്വേഷണ റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും. അമിതവിലയെന്ന് അന്വേഷണ റിപ്പോര്ട്ടിലുമുണ്ടെങ്കില് തുക കുറക്കാനാണ് ആലോചന. കെല്‍ട്രോണിന് തിരിച്ചുനല്‍കേണ്ട തുക കുറക്കുന്നതും പരിഗണനയിലുണ്ട്. അഞ്ചു വര്‍ഷത്തെ പരിപാലനത്തിനായി വകയിരുത്തിയ 66 കോടിയില്‍ മാറ്റം വരുത്താനാകുമോയെന്നും പരിശോധിക്കും.
പദ്ധതിയില്‍ മുടക്കിയ തുകയുടെ ആദ്യഗഡു കെല്‍ട്രോണിന് തിരിച്ചുനല്‍കുന്നതിനു മുമ്പാകും അന്തിമ ധാരണപത്രം ഒപ്പിടുക. എന്നാല്‍, ഈമാസം 20 മുതല്‍തന്നെ പിഴയീടാക്കാനാണ് തീരുമാനം.
കരാറിൽ കെൽട്രോണിന് പാളിച്ച സംഭവിച്ചോ, ചട്ടവിരുദ്ധമായും ധനവകുപ്പിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായും ഇടപെടലുകൾ നടന്നോ, പദ്ധതിയുടെ സാമ്പത്തിക വശം, കരാർ-ഉപകരാർ വ്യവസ്ഥകളുടെ നിയമസാധുത, ഉപകരാറുകൾ എടുത്ത കമ്പനികളുടെ പ്രവർത്തന പരിചയം, പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളുടെ സത്യാവസ്ഥ എന്നീ കാര്യങ്ങളാണ് പ്രധാനമായും വ്യവസായ സെക്രട്ടറി പരിശോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.