മരച്ചില്ല വെട്ടാൻ തോട്ടിയുമായി പോയ കെ.എസ്.ഇ.ബി ജീപ്പിന് എ.ഐ കാമറ 20,500 രൂപ പിഴയിട്ടു
text_fieldsകൽപ്പറ്റ: മരച്ചില്ല വെട്ടാൻ തോട്ടിയുമായി പോയ കെ.എസ്.ഇ.ബിയുടെ ജീപ്പിന് എ.ഐ കാമറ 20,500 രൂപ പിഴയിട്ടു. വയനാട് അമ്പലവയൽ സെക്ഷൻ ഓഫിസിലെ ജീപ്പിനാണ് പിഴ. ചില്ല വെട്ടാൻ സാധാരണ ചെയ്യുന്നത് പോലെ തോട്ടി ജീപ്പിന് മുകളിൽ കെട്ടിവെച്ച് കൊണ്ടുപോയിരുന്നു. ഇത് എ.ഐ കാമറയിൽ പതിഞ്ഞാണ് പിഴയടക്കാനുള്ള നോട്ടീസ് കിട്ടിയത്.
ജീപ്പിന് പുറത്തേക്ക് തള്ളി നിൽക്കുന്ന വിധത്തിൽ തോട്ടി കെട്ടിയതിന് 20,000 രൂപയും ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാത്തതിന് 500 രൂപയുമാണ് പിഴ കിട്ടിയത്. കെ.എസ്.ഇ.ബിക്ക് വേണ്ടി കരാറടിസ്ഥാനത്തിൽ ഓടുകയായിരുന്നു ജീപ്പ്. ജൂൺ ആറിന് പിഴയിട്ടത് ചിത്രം സഹിതം 17നാണ് വാഹന ഉടമക്ക് ലഭിച്ചത്.
പിഴ ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പിനെ സമീപിക്കാനാണ് കെ.എസ്.ഇ.ബി തീരുമാനം. മഴക്കാലമായതോടെ ലൈനിൽ അറ്റകുറ്റപ്പണികൾ വർധിക്കും. ഈ സാഹചര്യത്തിൽ തോട്ടിയുമായി പോകുമ്പോൾ വീണ്ടും പിഴവരുമോയെന്നാണ് കെ.എസ്.ഇ.ബിക്കായി കരാറടിസ്ഥാനത്തിൽ ഓടുന്ന വാഹന ഉടമ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.