എ.ഐ കാമറ: പിഴ ഈടാക്കൽ വൈകും
text_fieldsതിരുവനന്തപുരം: വിവാദത്തിലായ എ.ഐ കാമറ പദ്ധതി സംബന്ധിച്ച സമഗ്ര കരാർ തയാറാക്കുന്നത് അടുത്ത മൂന്നുമാസത്തിനുള്ളിൽ മതിയെന്ന് തീരുമാനം. പിഴ ഈടാക്കുന്നതും വൈകും. ജൂൺ അഞ്ച് മുതലാകും പിഴ ഈടാക്കിത്തുടങ്ങുക. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മേയ് അഞ്ചുമുതലാണ് ബോധവത്കരണ നോട്ടീസ് അയച്ചുതുടങ്ങിയത്. ഒരുമാസം ഇത് തുടരും. പിഴ ഈടാക്കൽ ആരംഭിച്ച് മൂന്നുമാസത്തിനകം സമഗ്ര കരാർ നടപടികളിലേക്ക് കടക്കും. കെൽട്രോണും നൽകിയ കരാറുകളും കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുണ്ടാക്കിയ കരാറും ഇതിനുള്ളിൽ പുനഃപരിശോധിക്കാനും യോഗത്തിൽ ധാരണയായി. അതിനുശേഷമാകും ഗതാഗതവകുപ്പ് സമഗ്ര കരാർ തയാറാക്കുക. ഈ കരാർ ധന, നിയമ വകുപ്പുകളുടെ അംഗീകാരം കൂടി നേടിയ ശേഷം മാത്രമെ നടപ്പാക്കൂ.
എ.ഐ കാമറ: വിശദീകരിച്ചും കണക്കുകൾ നിരത്തിയും എസ്.ആർ.ഐ.ടി രംഗത്ത്
തിരുവനന്തപുരം: എ.ഐ കാമറ വിവാദത്തിൽ ആരോപണങ്ങൾക്ക് കണക്ക് നിരത്തി മറുപടി പറഞ്ഞും വിശദീകരിച്ചും കെൽട്രോൺ കരാർ നൽകിയ എസ്.ആർ.ഐ.ടി രംഗത്ത്. സേഫ് കേരള എ.ഐ കാമറ പദ്ധതിയിൽ എസ്.ആർ.ഐ.ടി കൊള്ളലാഭം നേടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സി.ഇ.ഒ ഡോ. മധു നമ്പ്യാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 151 കോടിയുടെ പദ്ധതിയിൽ ഏഴു വർഷത്തിനുശേഷം ലഭിക്കുന്ന പ്രതീക്ഷിച്ച ലാഭം 13 കോടി രൂപയാണ്. 100 കോടിയിലധികം പദ്ധതിക്കായി മുൻകൂറായി നിക്ഷേപിച്ചു കഴിഞ്ഞു. 23 കോടി രൂപ സർക്കാറിന് ജി.എസ്.ടി ഇനത്തിലും ആറുകോടി രൂപ കെൽട്രോണിന് സെക്യൂരിറ്റി ഡെപ്പോസിറ്റായും നൽകി. പദ്ധതിയുടെ കാലയളവിലും പരിപാലന കാലയളവിലുമുള്ള പലിശ 44 കോടിയിലേറെയാണ്. 2022 മാർച്ചിൽ പൂർത്തിയായ പദ്ധതി 13 മാസം വൈകിയാണ് പ്രവർത്തിച്ച് തുടങ്ങുന്നത്. ഇക്കാലയളവിൽ അറ്റകുറ്റപ്പണിയും പലിശയുമെല്ലാം തങ്ങൾ വഹിക്കുകയാണ്.
2013ൽ കേരളത്തിൽ 40 കോടി രൂപ ചെലവിലാണ് 100 കാമറ സിസ്റ്റം സ്ഥാപിച്ചത്. മഹാരാഷ്ട്രയിൽ 250 കാമറ സ്ഥാപിക്കാൻ 120 കോടിയാണ് ചെലവഴിച്ചത്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ 726 കാമറ സ്ഥാപിച്ച തുക തുലോം കുറവാണെന്നും ഡോ. മധു നമ്പ്യാർ പറഞ്ഞു. എസ്.ആർ.ഐ.ടി ഡയറക്ടർ പി.സി. മാർട്ടിനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
മറുപടി പറയേണ്ടത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ്
സുല്‍ത്താന്‍ ബത്തേരി: എ.ഐ കാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെയാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതെന്നും തങ്ങള്‍ക്ക് വേണ്ടത് എം.വി. ഗോവിന്ദന്റെതല്ല, മുഖ്യമന്ത്രിയുടെ മറുപടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുൽത്താൻ ബത്തേരിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് കൊള്ളനടത്തിയത്. മുഖ്യമന്ത്രി മറുപടി പറയണമെന്ന് പറയുമ്പോള്‍ ഏട്ടന്റെ പീടികയില്‍ പോയി ചോദിക്കണമെന്ന മറുപടിയല്ല നല്‍കേണ്ടത്. സ്വന്തം വീട്ടിലെ കാര്യത്തെ കുറിച്ചല്ല ചോദിച്ചത്. ജനങ്ങളുടെ പണമാണ് കൊള്ളയടിച്ചത്. സര്‍ക്കാറിന് ഒരുപണവും ചെലവായില്ലെന്ന വിചിത്ര പ്രസ്താവനയാണ് എം.വി. ഗോവിന്ദന് നടത്തിയത്.
കേരളത്തിലെ റോഡപകടങ്ങള്‍ കുറക്കാന്‍ പ്രസാഡിയോയും എസ്.ആര്.ഐ.ടിയും 232 കോടി മുടക്കി 726 കാമറകള്‍ സൗജന്യമായി സ്ഥാപിച്ചതുപോലെയാണ് എം.വി. ഗോവിന്ദന് പറയുന്നത്. അങ്ങനെയാണെങ്കില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് ഈ കമ്പനികളുടെ എം.ഡിമാര്‍ക്ക് സ്വീകരണം നല്‍കാം. ബി.ജെ.പിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയില്ലായിരുന്നെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പുറമെ ആരൊക്കെ ജയിലില്‍ പോകുമെന്ന് കാണാമായിരുന്നു -സതീശൻ പറഞ്ഞു.
എ.ഐ കാമറ: സതീശനും ചെന്നിത്തലക്കും വക്കീൽ നോട്ടീസ്
തിരുവനന്തപുരം: എ.ഐ കാമറ വിവാദത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിെച്ചന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും എസ്.ആർ.ഐ.ടിയുടെ വക്കീൽ നോട്ടീസ്. സ്ഥാപനാധികൃതർ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുറമേ ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ് എന്നീ ചാലനുകൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കമ്പനിക്കെതിരായ അപവാദ പ്രസ്താവനകൾ പിൻവലിക്കണമെന്നും ഏഴുദിവസത്തിനുള്ളിൽ തെറ്റായ വാർത്ത തിരുത്തണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ലെന്നും തെറ്റ് തിരുത്താൻ വേണ്ടിയുള്ള നിയമനടപടി മാത്രമാണിതെന്നും അധികൃതർ പറഞ്ഞു. ബി.ജെ.പി നേതാക്കളായ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരും കാമറ വിവാദത്തിൽ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നെങ്കിലും ഇവർക്ക് എസ്.ആർ.ഐ.ടി വക്കീൽ നോട്ടീസ് അയച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.