എ.ഐ കാമറ ഇന്ന് മുതൽ; നിയമലംഘനങ്ങൾക്ക് കനത്ത പിഴ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ എ.ഐ കാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കും. റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എ.ഐ കാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 കാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 18 കാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ആകെ മൂന്ന് പേർ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല. ഈ വിഷയത്തിൽ നിയമ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്.
നേരത്തെ മേയ് 20 മുതൽ പിഴയീടാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വിമർശനത്തെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. നിയമലംഘകർക്ക് ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകുകയാണ് ചെയ്തത്. ഇന്ന് മുതൽ നിയമലംഘനം കാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമോ പോസ്റ്റലിലൂടെ ഇ-ചെല്ലാനോ എത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് കടക്കും.
പിഴകൾ ഇപ്രകാരം
ഹെൽമറ്റ് ഇല്ലാതെയുള്ള യാത്രകൾക്ക് - 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാൽ - 1000 രൂപ)
ലൈസൻസില്ലാതെ വാഹനം ഓടിക്കൽ - 5000 രൂപ
വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം- 2000 രൂപ
അമിതവേഗം - 1500 രൂപ
സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആദ്യതവണ- 500 രൂപ പിഴ (ആവർത്തിച്ചാൽ 1000 രൂപ).
മദ്യപിച്ച് വാഹനമോടിച്ചാൽ 6 മാസം തടവ് അല്ലെങ്കിൽ 10,000 രൂപ പിഴ
രണ്ടാം തവണ പിടിക്കപ്പെട്ടാൽ 2 വർഷം തടവ് അല്ലെങ്കിൽ 15,000 രൂപ പിഴ
ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 3 മാസം തടവ് അല്ലെങ്കിൽ 2000 രൂപ പിഴ
രണ്ടാം തവണയും പിടിക്കപ്പെട്ടാൽ മൂന്ന് മാസം തടവ് അല്ലെങ്കിൽ 4000 രൂപ പിഴ
രണ്ടിൽ കൂടുതൽ ആളുകളുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ 1000 രൂപ
അനധികൃത പാർക്കിങ് -250
ഇ-ചലാനിൽ പരാതിയുണ്ടെങ്കിൽ എവിടെ അപ്പീൽ നൽകാം? എത്ര ദിവസത്തിനകം?
പ്രധാനമായും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്. ഇതടക്കമുള്ള നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴയെക്കുറിച്ച് വ്യക്തമായ മാർഗനിർദേശം നൽകിക്കഴിഞ്ഞു.
നിയമലംഘനങ്ങൾ കാമറക്കണ്ണിൽപെട്ടാൽ പ്രധാന കൺട്രോൾ റൂമിൽ നിന്ന് എല്ലാ ജില്ല ആർ.ടി.ഒ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിലേക്കും ദൃശ്യങ്ങൾ കൈമാറ്റം ചെയ്യും. അവിടെ നിന്ന് നോട്ടീസ് തയാറാക്കി വാഹന ഉടമകൾക്ക് നൽകുകയും ചെയ്യും. അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസിൽ ഇ-ചലാൻ സംവിധാനം വഴി കേസ് രേഖപ്പെടുത്തും. ഇത് വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനും മറ്റ് സർവിസുകൾ എടുക്കുന്നതിനും ഭാവിയിൽ പ്രയാസം സൃഷ്ടിച്ചേക്കാം.
ഇത്തരത്തിൽ പിഴയീടാക്കുന്നതിൽ പരാതിയുണ്ടെങ്കിൽ പിഴക്കെതിരെ ജില്ല എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒക്കാണ് അപ്പീൽ നൽകേണ്ടത്. ചലാൻ ലഭിച്ച് 14 ദിവസത്തിനകം അപ്പീൽ നൽകണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്‌ക്കാണ് അപ്പീൽ നൽകേണ്ടത്. അപ്പീൽ നൽകുന്നതിന് ഓൺലൈൻ സംവിധാനം രണ്ടുമാസത്തിനുള്ളിൽ തയാറാക്കുമെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞത്. വിവിധ ജില്ലകളിലെ എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒമാരുടെ വിവരങ്ങൾ മോട്ടോർവാഹന വകുപ്പിന്‍റെ വെബ്സൈറ്റിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.